Sunday, April 13, 2025
World

ലോക പാസ്‌പോര്‍ട്ട് റാങ്കിങില്‍ ഒന്നാം സ്ഥാനത്ത് സിംഗപ്പൂര്‍; ഇന്ത്യ 80ാമത്

ലോക പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്കെത്തി സിംഗപ്പൂര്‍. വിസയില്ലാതെ സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 192 സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനാകും. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ മുന്നില്‍ നിന്നിരുന്ന ജപ്പാന്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മനി, ഇറ്റലി, സ്‌പെയിന്‍ എന്നിവയാണ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനം പങ്കിടുന്നത്. ഈ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ 190 സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് അനുമതി.

കഴിഞ്ഞ അഞ്ച് തവണയും ജപ്പാന്‍ തന്നെയാണ് ആദ്യ സ്ഥാനം നിലനിര്‍ത്തിപ്പോന്നത്. ഇത്തവണ മൂന്നാം സ്ഥാനത്ത് ജപ്പാനൊപ്പം ഓസ്‌ട്രേലിയ, ഫിന്‍ലന്റ്, ഫ്രാന്‍സ്, ലക്‌സംബര്‍ഗ്, സൗത്ത് കൊറിയ, സ്വീഡന്‍ എന്നീ രാജ്യങ്ങളാണുള്ളത്.

റാങ്കിങ്ങില്‍ 80ാംസ്ഥാനത്തുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ 57 സ്ഥലങ്ങളാണ് സന്ദര്‍ശിക്കാന്‍ അനുമതി. സെനഗലും ടോഗോയുമാണ് ഇന്ത്യയ്‌ക്കൊപ്പമെത്തിയ മറ്റ് രാജ്യങ്ങള്‍. യഥാക്രമം 101, 102, 103 റാങ്കുകള്‍ നേടി സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ ഏറ്റവും പിന്നിലുള്ളത്. നൂറാം സ്ഥാനത്ത് പാകിസ്താനാണ്.

199 രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകളുടെ വിസ രഹിത പ്രവേശനമാണ് ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക റാങ്കിങ്ങിനായി തെരഞ്ഞെടുക്കുന്നത്. വിസ ആവശ്യമില്ലെങ്കില്‍ ആ പാസ്പോര്‍ട്ടിന് 1 സ്‌കോര്‍ ലഭിക്കും. ഇതനുസരിച്ചാണ് റാങ്കിങ് നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *