Saturday, January 4, 2025
World

താലിബാന്റെ വാക്കുകളെ വിശ്വസിച്ച് അന്താരാഷ്ട്ര സമൂഹം; ചർച്ച നടത്തുമെന്ന് യൂറോപ്യൻ യൂണിയൻ

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഒഴിപ്പിക്കലിന് എല്ലാവിധ സൗകര്യവും ഉറപ്പാക്കുമെന്ന് താലിബാൻ ഉറപ്പ് നൽകിയതായി വൈറ്റ് ഹൗസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജാക്ക് സള്ളിവനാണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാനിസ്ഥാനെ ഏതെങ്കിലും രാജ്യത്തിനെതിരായ താവളമാക്കി മാറ്റില്ലെന്ന് താലിബാൻ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്ന് താലിബാനുമായി ചർച്ച നടത്തുമെന്ന് യൂറോപ്യൻ യൂനിയനും വ്യക്തമാക്കി.

താലിബാൻ വക്താവ് സബീഹുല്ലയാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ സംശയങ്ങൾക്ക് മറുപടി നൽകിയത്. മതനിയമങ്ങൾ പാലിച്ച് ഭരണം നടത്താൻ താലിബാന് അവകാശമുണ്ട്. ഇസ്ലാമിക നിയമത്തിന്റെ വ്യവസ്ഥക്കുള്ളിൽ നിന്നുകൊണ്ട് സ്ത്രീകൾക്ക് അവകാശങ്ങൾ അനുവദിക്കും. ജോലിയും മതപഠനവും മതപരിധിക്കുള്ളിൽ നിന്ന് മാത്രമായിരിക്കും.

അഫ്ഗാന്റെ സംസ്‌കാരത്തിനുള്ളിൽ നിന്ന് മാധ്യമങ്ങൾക്ക് പ്രവർത്തിക്കാം. ഇസ്ലാം വിരുദ്ധമായ ഒന്നും മാധ്യമങ്ങളിൽ അനുവദിക്കില്ല. ശത്രുക്കളെ സൃഷ്ടിക്കാൻ താലിബാൻ ആഗ്രഹിക്കുന്നില്ല. താലിബാനോട് ശത്രുത പുലർത്തിയവർക്കും മാപ്പ് നൽകുന്നു. ആരോടും പ്രതികാരം ചെയ്യാനില്ല. രാജ്യത്തുള്ള നയതന്ത്ര പ്രതിനിധികളെയോ വിദേശികളെയോ ഉപദ്രവിക്കില്ല. അന്താരാഷ്ട്ര സമൂഹവുമായി ഏറ്റുമുട്ടലിനില്ലെന്നും താലിബാൻ വാക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു

ദോഹയിൽ നിന്നെത്തിയ ശേഷം കാബൂളിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സബീഹുല്ല ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. സ്ത്രീകളോട് വിവേചനമൊന്നും കാണിക്കില്ലെന്നും ഇവർക്ക് വേണമെങ്കിൽ ആരോഗ്യമേഖലയിലും മറ്റ് മേഖലകളിലും ജോലി ചെയ്യാമെന്നും സബീഹുല്ല അറിയിച്ചു. അതേസമയം അഫ്ഗാന്റെ നിയമങ്ങളെ മറ്റ് രാജ്യങ്ങൾ മാനിക്കണെന്ന ആവശ്യവും താലിബാൻ മുന്നോട്ടുവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *