ആയിരം കോടി ഡോളർ നിക്ഷേപം മരവിപ്പിച്ച നടപടി പിൻവലിക്കണം, സഹകരണം വേണം: അമേരിക്കയോട് താലിബാൻ
അഫ്ഗാനിസ്ഥാൻ സർക്കാറിന്റെ 1000 കോടി ഡോളർ നിക്ഷേപം മരവിപ്പിച്ച നടപടി അമേരിക്ക പിൻവലിക്കണമെന്ന അഭ്യർഥനയുമായി താലിബാൻ. അഫ്ഗാൻ ഭരണകൂടവുമായി യു.എസ് സൗഹൃദബന്ധം സ്ഥാപിക്കണമെന്നും താലിബാൻ അഭ്യർഥിച്ചു. താലിബാൻ അഫ്ഗാൻ കീഴടക്കിയപ്പോഴാണ് യു.എസ് ബാങ്കുകളിലെ 1000 കോടിയുടെ നിക്ഷേപം മരവിപ്പിച്ചത്. താലിബാൻ അധികാരത്തിലേറിയതിന് പിന്നാലെ അഫ്ഗാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
യു.എസ് ഒരു വലിയ രാജ്യമാണ്. മഹത്തായ രാജ്യമാണ്. നിങ്ങൾക്ക് ഏറെ ക്ഷമയും സഹൃദയത്വവും ഉണ്ടായിരിക്കണം. ഭിന്നതകൾ അവസാനിപ്പിച്ച് ഞങ്ങളുമായുള്ള അകലം കുറയ്ക്കണമെന്ന് അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖി അസോസിയേറ്റഡ് പ്രസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പതുക്കെയാണെങ്കിലും യു.എസ് ഞങ്ങളുടെ നേർക്കുള്ള നയം മാറ്റുമെന്നാണ് പ്രതീക്ഷ. പണം അനുവദിച്ചാൽ ആയിരക്കണക്കിനാളുകൾക്ക് അത് സഹായകമാകും -അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റിൽ താലിബാൻ അഫ്ഗാൻ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ യു.എസ് ഉൾപ്പെടെ വിവിധ രാജ്യങ്ങൾ അഫ്ഗാനിസ്ഥാന് നൽകിവന്ന സാമ്പത്തിക സഹായം നിർത്തലാക്കിയിരുന്നു. ഭരണമാറ്റവും അനിശ്ചിതാവസ്ഥയും എല്ലാം ചേർന്ന് അഫ്ഗാനെ കനത്ത സാമ്ബത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടത്.