കിഴക്കൻ യുക്രൈനിൽ വ്യോമാക്രമണം കടുപ്പിച്ച് റഷ്യ; മിസൈലാക്രമണത്തിൽ മരണ സംഖ്യ ഉയരുന്നു
കിഴക്കൻ യുക്രൈനിൽ വ്യോമാക്രമണം കടുപ്പിച്ച് റഷ്യ. സ്ളോവിയാൻസ്ക്ക് മേഖലയിൽ മിസൈലാക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. ബഖ്‌മുട്ടിന്റെ പടിഞ്ഞാറൻ നഗരത്തിൽ ജനവാസമേഖലയിലാണ് മിസൈൽ ആക്രമണം ഉണ്ടായത്. 21 പേർക്ക് പരിക്കേറ്റതായും സൈന്യം റിപ്പോർട് ചെയ്തു. തകർന്ന കെട്ടിടങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമം തുടരുന്നു.
ഷെല്ലാക്രമണത്തിൽ അഞ്ച് വീടുകളും അഞ്ച് ഫ്‌ളാറ്റുകളും തകർന്നു. വ്യാപാര സ്ഥാപനങ്ങൾക്കും കടകൾക്കും കേടുപാടുകൾ സംഭവിച്ചതായും ഏഴുപേരെ കാണാനില്ലെന്നും, ഇവർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായും ഗവർണർ പാവ്‌ലോ കിരിലെങ്കോ പറഞ്ഞു.
സ്ഥലത്ത് രക്ഷാപ്രവർത്തനം നടക്കുകയാണെന്നും എസ്-300 മിസൈലുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ക്രൂരമായ ആക്രമണത്തെ അപലപിച്ചു. ‘പകൽ വെളിച്ചത്തിൽ ആളുകളെ കൊന്നൊടുക്കുന്നു, രാജ്യത്തെ മുഴുവൻ ജീവിതത്തെയും നശിപ്പിക്കുകയാണ്. റഷ്യയുടെ ദുഷ്ട ഭരണകൂടം അതിന്റെ യഥാർത്ഥ സ്വഭാവം ഒരിക്കൽ കൂടി തെളിയിച്ചു,” അദ്ദേഹം ടെലിഗ്രാമിൽ കുറിച്ചു.