Tuesday, April 15, 2025
World

നായയായി മാറാൻ ചെലവാക്കിയത് 12 ലക്ഷം രൂപ; ഇനി യഥാർത്ഥ രൂപത്തിലേക്ക് മടങ്ങാൻ ആഗ്രഹിച്ച് യുവാവ്

മനുഷ്യന് പകരം എന്തെങ്കിലും മൃഗമായി ജനിച്ചാൽ മതിയെന്ന് തമാശയ്‌ക്കെങ്കിലും നമ്മൾ പറയാറുണ്ട്. എന്നാൽ അങ്ങനെ ആഗ്രഹിക്കുകയും മൃഗമായി മാറുകയും ചെയ്ത ഒരു യുവാവിന്റെ വാർത്ത നേരത്തെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. ജപ്പാനിലെ ഒരു യുവാവ് 12 ലക്ഷം രൂപ ചെലവാക്കിയാണ് ഇങ്ങനെ രൂപമാറ്റം നടത്തിയെടുത്തത്.

ടോക്കോ എന്ന ട്വിറ്റർ ഉപയോക്താവ് ആണ് നായയുടെ രൂപത്തിലേക്ക് മാറിയത്. തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ, അദ്ദേഹം സെപ്പറ്റ് എന്ന പ്രൊഫഷണൽ ഏജൻസിയുടെ സഹായം തേടി. സിനിമകൾ, പരസ്യങ്ങൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ എന്നിവയുൾപ്പെടെ വിനോദ ആവശ്യങ്ങൾക്കായി വിവിധ ശിൽപങ്ങൾ മികവോടെ നിർമിച്ചുനൽകുന്ന ഏജൻസിയാണിത്. എന്നാൽ, ഇപ്പോൾ ഈ യുവാവിന് യഥാർത്ഥ രൂപത്തിലേക്ക് മടങ്ങണം എന്ന ആഗ്രഹമാണ്.

യഥാർത്ഥത്തിൽ നായയെപ്പോലെ ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഇദ്ദേഹം വ്യക്തമാക്കി. ഈ രൂപം നിലനിർത്താനുള്ള ബുദ്ധിമുട്ട് അനുഭവിച്ച് അറിഞ്ഞതിനു ശേഷമാണ് ടോക്കോ ഇങ്ങനൊരു തീരുമാനം എടുത്തത്. അതേസമയം, നായയായി മാറിയ ഇദ്ദേഹത്തിന്റെ കഥ സമൂഹമാധ്യമങ്ങളിലും ദേശീയ മാധ്യമങ്ങളിലും വാർത്തയായിരുന്നു.

ഒരു നായയാകാൻ ആഗ്രഹിച്ച യുവാവ് ഒരു യഥാർത്ഥ നായയെപ്പോലെയാക്കാൻ കഴിയുന്ന ഒരു ലൈഫ്-സൈസ് ഡോഗ് കോസ്റ്റ്യൂം ഉണ്ടാക്കാൻ ഏജൻസിയോട് ആവശ്യപ്പെട്ടു.’ഒരു വ്യക്തിയുടെ അഭ്യർത്ഥന മാനിച്ച് ഞങ്ങൾ ഒരു നായയുടെ മോഡലിംഗ് സ്യൂട്ട് ഉണ്ടാക്കി’ എന്ന അടിക്കുറിപ്പിനൊപ്പം വിചിത്രമായ വസ്ത്രത്തിന്റെ ചിത്രങ്ങളും ഏജൻസി ട്വിറ്ററിൽ പങ്കിട്ടു.

ഏകദേശം 40 ദിവസം കൊണ്ട് ഇഷ്‌ടാനുസൃതമായി നിർമ്മിച്ച ഈ വസ്ത്രത്തിന് ഏകദേശം 12 ലക്ഷം രൂപ യുവാവ് മുടക്കി. ഇദ്ദേഹം നായയുടെ രൂപത്തിൽ നടക്കുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.

നാലുകാലിൽ നടക്കുന്ന മൃഗങ്ങളാണ് തനിക്ക് പ്രിയപ്പെട്ടതെന്നും അതുകൊണ്ട് നായയോട് വളരെ ഇഷ്ടമാണെന്നും രൂപം മാറിയ യുവാവ് പറഞ്ഞിരുന്നു. ഒരു വസ്ത്രംപോലെ ധരിക്കാനും അഴിച്ചുവയ്ക്കാനും സാധിക്കുന്ന രൂപമാണെങ്കിലും ഇപ്പോൾ യുവാവ് പൂർണമായും നായയുടെ രൂപത്തിലാണ് എന്ന് സമീപവാസികൾ പങ്കുവെച്ചിരുന്നു. ഇദ്ദേഹത്തെ പിന്നീട് മനുഷ്യരൂപത്തിൽ ആരുംതന്നെ കണ്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *