ഒരു മാസത്തിനിടെ 60,000 മരണം; ഒടുവില്‍ കൊവിഡ് കണക്ക് പുറത്തുവിട്ട് ചൈന
ചൈനയുൾപ്പെടെയുള്ള പല വിദേശ രാജ്യങ്ങളിലും ഇപ്പോള്‍ കൊവിഡ് നിരക്കുകൾ കുതിച്ചുയരുകയാണ്. പലയിടങ്ങളിലും പുതിയ വകഭേദങ്ങളാണ് വ്യാപനത്തിന് കാരണമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഡിസംബറിന്‍റെ തുടക്കത്തില്‍ തന്നെ കേസുകളില്‍ വൻ വര്‍ധനവ് കണ്ടെത്തുകയും മരണനിരക്ക് ഉയരുകയും ചെയ്തുവെങ്കിലും ഇത് സംബന്ധിച്ച കണക്കുകളൊന്നും പുറത്തുവിടാൻ ചൈന തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മരണനിരക്ക് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ചൈന.
ഒരു മാസത്തിനിടെ 60,000- തോളം കൊവിഡ് അനുബന്ധ മരണങ്ങളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നത്. 59,938 കൊവിഡ് അനുബന്ധ മരണങ്ങളാണ് ഒരു മാസത്തിനിടെ ചൈനയിൽ റിപ്പോർട്ട് ചെയ്തതെന്ന് നാഷണൽ ഹെൽത്ത് മിഷനു കീഴിലുള്ള മെഡിക്കൽ അഡ്മിനിസ്ട്രേഷൻ ബ്യൂറോയുടെ മേധാവിയായ ജിയാവോ യഹുയി പറഞ്ഞു. 2022 ഡിസംബർ എട്ട് മുതൽ ഈ വർഷം ജനുവരി 12 വരെയുള്ള കണക്കാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇവയിൽ 5,503 മരണങ്ങൾ വൈറസ് മൂലമുള്ള ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്നാണെന്ന് ജിയാവോ വ്യക്തമാക്കി. 54,435 പേർ മരണപ്പെട്ടത്, ഹൃദ്രോഗസംബന്ധമായ രോഗങ്ങൾ ഉള്‍പ്പടെയുള്ള പല ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു പിന്നാലെ കൊവിഡ് വന്നതിനെ തുടർന്നാണെന്നും അദ്ദേഹം പറഞ്ഞു. മരണമടഞ്ഞവരുടെ ശരാശരി പ്രായം എൺപത് ആണെന്നും ഗുരുതരാവസ്ഥയിലേക്ക് പോയവരിൽ 90 ശതമാനവും 65 വയസ്സോ അതിനു മുകളിലോ പ്രായമുള്ളവർ ആണെന്നും റിപ്പോർട്ടില്‍ പറയുന്നു.
അതേസമയം, ചൈനയിലെ ഉയര്‍ന്ന കൊവിഡ് നിരക്കുകളില്‍ ആശങ്കയുണ്ടെന്ന് നേരത്തെ ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു. ചൈനയിലെ ആരോഗ്യ സംവിധാനത്തിന് ആവശ്യമായ പിന്തുണ നൽകുമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് അഥനോം ഗബ്രിയേസിസ് കുറച്ച് ദിവസം മുമ്പ് തന്നെ പറഞ്ഞിരുന്നു. അപ്പോഴും മരണനിരക്കുകൾ റിപ്പോർട്ട് ചെയ്യാത്തതിന്റെ പേരിൽ കഴിഞ്ഞ ദിവസവും ചൈനയ്ക്കെതിരെ ലോകാരോഗ്യസംഘടന രംഗത്തെത്തിയിരുന്നു.