Wednesday, April 16, 2025
World

സ്‌കൂളുകളില്‍ നിഖാബ് നിരോധിക്കാന്‍ ഈജിപ്ത്; അടുത്ത അധ്യയന വര്‍ഷം മുതല്‍ നിയമം പ്രാബല്യത്തില്‍

രാജ്യത്തെ സ്‌കൂളുകളില്‍ നിഖാബ് നിരോധിക്കുമെന്ന് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന സെപ്തംബര്‍ 30 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ഈജിപ്ഷ്യന്‍ വിദ്യാഭ്യാസ മന്ത്രി റെദ ഹെഗസി ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പുതിയ മാര്‍ഗനിര്‍ദേശവും പുറത്തിറക്കി.

റിപ്പോര്‍ട്ടുകളനുസരിച്ച് ഇനി മുതല്‍ വിദ്യാര്‍ത്ഥികള്‍ മുഖം പൂര്‍ണമായും മറയ്ക്കുന്ന നിഖാബ് ഉപയോഗിക്കേണ്ടതില്ല. പകരം തലമാത്രം മൂടുന്ന തരത്തില്‍ ശിരോവസ്ത്രം ധരിച്ചാല്‍ മതി. അതേസമയം, വിദ്യാഭ്യാസ വകുപ്പ് അന്തിമ തീരുമാനം കൈകൊള്ളാതെ, നിഖാബ് നിരോധനത്തെ പ്രോത്സാഹിപ്പിക്കരുതെന്നും അറിയിപ്പുണ്ട്. മതപരമായ വിശ്വാസവും സുതാര്യമായ വിദ്യാഭ്യാസ അന്തരീക്ഷവും സൃഷ്ടിച്ചെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യം വഹിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

വിദ്യാര്‍ത്ഥികളുടെ വസ്ത്രധാരണത്തില്‍ രക്ഷിതാക്കളുടെ പങ്കിനെക്കുറിച്ചും മന്ത്രി ഹെഗസി പറഞ്ഞു. ശിരോവസ്ത്രം ധരിക്കാനുള്ള പെണ്‍മക്കളുടെ തീരുമാനത്തെക്കുറിച്ച് രക്ഷിതാക്കള്‍ അറിഞ്ഞിരിക്കുകയും സമ്മതം നല്‍കുകയും ചെയ്യണം. കൂടാതെ നിഖാബ് ഒഴിവാക്കാനുള്ള തീരുമാനം ബാഹ്യസമ്മര്‍ദം കൊണ്ടായിരിക്കരുത്. സ്വമേധയാ എടുക്കുന്ന തീരുമാനമായിരിക്കണം. പുതിയ തീരുമാനത്തെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് അവബോധം നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഡയറക്ടറേറ്റുകള്‍ക്ക് നിര്‍ദേശം നല്‍കി.

സ്‌കൂള്‍ യൂണിഫോമിന്റെ കാര്യത്തിലും മന്ത്രാലയം പുതിയ തീരുമാനമെടുത്തിട്ടുണ്ട്. സ്‌കൂള്‍ ബോര്‍ഡ്, ട്രസ്റ്റികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരുമായി സഹകരിച്ച് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അനുയോജ്യമായ യൂണിഫോം തീരുമാനിക്കും. ഓരോ മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷവും യൂണിഫോം പരിഷ്‌കരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *