വർണവെറി; മെക്സിക്കോയിൽ 14കാരനെ ക്ലാസ് മുറിയിൽ വച്ച് സഹപാഠികൾ തീകൊളുത്തി
മെക്സിക്കോയിൽ 14കാരനെ സഹപാഠികൾ തീകൊളുത്തി. ക്ലാസ് മുറിയിൽ വച്ചാണ് യുവാൻ സമോറാനോ എന്ന 14കാരനെ സഹപാഠികൾ അഗ്നിക്കിരയാക്കിയത്. ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ യുവാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ ആഴ്ചയാണ് യുവാൻ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ആയത്. നാടൻ ശൈലിയിൽ സംസാരിച്ചു എന്നതിനാലാണ് യുവാനെ സഹപാഠികൾ ആക്രമിച്ചത്.
യുവാൻ്റെ ഇരിപ്പിടത്തിൽ രണ്ട് സഹപാഠികൾ മദ്യം ഒഴിച്ചു. ഇതറിയാതെ സീറ്റിൽ ഇരുന്ന യുവാൻ്റെ ട്രൗസർ നനയുകയും കുട്ടി എഴുന്നേറ്റ് നിൽക്കുകയും ചെയ്തു. ഈ സമയത്ത് സഹപാഠികളിൽ ഒരാൾ യുവാൻ്റെ ദേഹത്ത് തീകൊളുത്തുകയായിരുന്നു.
മെക്സിക്കോയിലെ തദ്ദേശീയ വിഭാഗമായ ഒടോമിയിൽ ഉൾപ്പെട്ട കുട്ടിയാണ് യുവാൻ. അതുകൊണ്ട് തന്നെ യുവാൻ പലതവണ ബുള്ളിയിങിന് ഇരയായിട്ടുണ്ട്. കുട്ടിയുടെ അധ്യാപകരും യുവാനെ പരിഹസിക്കാറുണ്ടെന്ന് യുവാൻ്റെ മാതാപിതാക്കൾ പറയുന്നു. ഒടോമിയാണ് കുട്ടിയുടെ മാതൃഭാഷ. എന്നാൽ, നിരന്തരമായ ബുള്ളിയിങും പരിഹാസവും നേരിടുന്നതിനാൽ യുവാൻ ഇത് ഉപയോഗിക്കാറില്ല.