തായ്‌ലൻഡിലെ നഴ്സറിയിൽ വെടിവയ്പ്പ്; 24 കുട്ടികൾ ഉൾപ്പെടെ 37 മരണം
വടക്കുകിഴക്കൻ തായ്‌ലൻഡിലെ ശിശുസംരക്ഷണ കേന്ദ്രത്തിന് നേരെ ആക്രമണം. ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥൻ നടത്തിയ വെടിവയ്പ്പിൽ 37 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ 24 പേർ കുട്ടികളാണെന്ന് അധികൃതർ അറിയിച്ചു. കൂട്ടക്കൊലയ്ക്ക് ശേഷം വീട്ടിൽ എത്തിയ അക്രമി ഭാര്യയെയും കുട്ടിയെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു.
നോങ് ബുവാ ലാംഫു പ്രവിശ്യയിലാണ് കൂട്ടകൊലപാതകം. മയക്കുമരുന്ന് ഉപയോഗിച്ചതിന് പിരിച്ചുവിട്ട മുൻ പൊലീസ് ഉദ്യോഗസ്ഥനാണ് കുരുന്നുകൾക്ക് നേരെ നിറയൊഴിച്ചത്. നഴ്സറിയിൽ എത്തിയ പന്യ കാംറബ് (34) തോക്കും കത്തിയും ഉപയോഗിച്ച് ഉറങ്ങി കിടന്ന കുട്ടികളെ അക്രമിക്കുകയായിരുന്നു. 2 വയസ് പ്രായമുള്ള കുട്ടികൾ മുതൽ എട്ട് മാസം ഗർഭിണിയായ അധ്യാപിക വരെ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.
മരിച്ചവരിൽ കൂടുതലും കുട്ടികളും അധ്യാപകരുമാണ്. നഴ്സറിയിൽ നിന്ന് രക്ഷപ്പെടും വഴി അക്രമി വഴിയാത്രക്കാരെയും കുത്തി പരുക്കേല്പിച്ചു. ആക്രമണത്തിൽ പരുക്കേറ്റ 12 പേരെ നോങ് ബുവാ ലാംഫു ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് എന്തെങ്കിലും കാരണമുണ്ടോയെന്ന് വ്യക്തമല്ല. സാധാരണയായി 90-ലധികം കുട്ടികൾ ഉണ്ടായിരുന്നെങ്കിലും, മോശം കാലാവസ്ഥയും ബസ് തകരാറും കാരണം 30-ൽ അധികം കുട്ടികൾ മാത്രമാണ് വ്യാഴാഴ്ച ഹാജരായതെന്ന് അധികൃതർ അറിയിച്ചു.