പാർലമെന്ററി പാർട്ടി സ്ഥാനങ്ങളിലെ നേതൃമാറ്റം; കോൺഗ്രസിൽ പ്രാഥമിക ചർച്ചകൾ ആരംഭിച്ചു.
പാർലമെന്ററി പാർട്ടി സ്ഥാനങ്ങളിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ പ്രാഥമിക ചർച്ചകൾ ആരംഭിച്ചു. രാജ്യസഭയ്ക്കൊപ്പം ലോക്സഭയിലും നേതൃമാറ്റം ഉണ്ടാകുമെന്നാണ് വിവരം. ഒരാൾക്ക് ഒരു പദവി നിബന്ധന പ്രകാരം അധീർ രഞ്ജൻ ചൗധരിയ്ക്ക് സ്ഥാനം നഷ്ടമായേക്കും. രാജ്യസഭയിൽ മുകുൾ വാസ്നിക്കും കെസി വേണുഗോപാലും പരിഗണനയിലുണ്ട്.
മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വച്ചിട്ടാണ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. രാഹുൽ ഗാന്ധിയെ പരിഗണിക്കണം എന്നാണ് ഇപ്പോൾ കമൽനാഥ് മുന്നോട്ട് വച്ചിരിക്കുന്ന നിർദ്ദേശം. അദ്ദേഹം അധ്യക്ഷ പദവി ഏറ്റെടുക്കാത്ത പശ്ചാത്തലത്തിൽ 2024 തെരഞ്ഞെടുപ്പ് മുൻനിർത്തി ഒരു രാഷ്ട്രീയ സന്ദേശം നൽകാൻ രാഹുൽ ഗാന്ധിയെ ആ പദവിയിൽ പരിഗണിക്കണമെന്നാണ് കമൽനാഥിന്റെ പക്ഷം. ഇത് അദ്ദേഹം കോൺഗ്രസ് ദേശീയ നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യസഭയുടെ നേതൃത്വവുമായി ബന്ധപ്പെട്ട് പി ചിദംബരത്തിന്റെ പേരാണ് ആദ്യം പരിഗണിച്ചിരുന്നത് എങ്കിലും അതിൽ മാറ്റമുണ്ടായെന്നാണ് സൂചന. ശശി തരൂരിനെ പിന്തുണക്കുന്ന നേതാക്കന്മാരുടെ പട്ടികയിൽ പി ചിദംബരം ആ ഉണ്ട്. അതുകൊണ്ട് അദ്ദേഹത്തിന് പകരം മുകുൾ വാസ്നിക്കിനോ കെസി വേണുഗോപാലിനോ സാധ്യത കല്പിക്കപ്പെടുന്നുണ്ട്.