സഹപ്രവർത്തകയ്ക്കെതിരെ ലൈംഗികാതിക്രമം; യുകെയിൽ ഇന്ത്യൻ വംശജനായ പൊലീസ് ഉദ്യോഗസ്ഥന് കുരുക്ക്
യുകെ സ്കോട്ട്ലൻഡ് യാർഡിലെ ഇന്ത്യൻ വംശജനായ പൊലീസ് ഉദ്യോഗസ്ഥൻ ലൈംഗികാതിക്രമക്കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞു. മെയ് അഞ്ചിന് ഇയാൾക്കെതിരായ ശിക്ഷ വിധിക്കും. ഡ്യൂട്ടിയിലായിരിക്കെ സഹപ്രവർത്തകയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കേസ്.
ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസിലെ നോർത്ത് ഏരിയ ബേസിക് കമാൻഡ് യൂണിറ്റിലെ പൊലീസ് കോൺസ്റ്റബിളായിരുന്നു അർചിത് ശർമ. 2020 ഡിസംബറിലുണ്ടായ ലൈംഗികാതിക്രമക്കേസിനു പിന്നാലെ 2021 ജൂലായിൽ ഇയാളെ ഡ്യൂട്ടിയിൽ നിന്ന് പിരിച്ചുവിട്ടു. തിങ്കളാഴ്ച ലണ്ടനിലെ വുഡ് ഗ്രീൻ ക്രൗൺ കോടതിയിൽ നടന്ന വിസ്താരത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.