ന്യൂയോർക്കിലെ വിമാനാപകടത്തിൽ ഇന്ത്യൻ വംശജ മരിച്ചു
അമേരിക്കയിലെ ന്യൂയോർക്കിലുണ്ടായ വിമാനാപകടത്തിൽ ഇന്ത്യൻ വംശജ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. റോമ ഗുപ്ത (63) ആണ് മരിച്ചത്. റോമ ഗുപ്തയുടെ മകൾ റീവ ഗുപ്ത (33), 23കാരനായ പൈലറ്റ് പരിശീലകൻ എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതര പൊള്ളലേറ്റ ഇവരെ സ്റ്റോണി ബ്രൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മൗണ്ട് സീനായി ആശുപത്രിയിൽ ഡോക്ടറുടെ സഹായിയായി ജോലി ചെയ്ത് വരികയായിരുന്നു റീവ ഗുപ്ത.
നാല് പേർക്ക് സഞ്ചരിക്കാവുന്ന ഒറ്റ എൻജിൻ പൈപ്പർ ചിരോക്കി വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലോങ് ഐലൻഡിലെ റിപ്പബ്ലിക് വിമാനത്താവളത്തിലേക്ക് മടങ്ങിവരവെയായിരുന്നു അപകടം. കോക്പിറ്റിൽ നിന്ന് പുക ഉയരുന്ന വിവരം പൈലറ്റ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ലോങ് ഐലൻഡിൽ വിമാനം തകർന്നുവീണത്. അപകടത്തെ കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.