അതൊരു വലിയ ആക്രമണമായിരുന്നു, ഞാനൊരു ഭാഗ്യവാനായത് കൊണ്ട് രക്ഷപ്പെട്ടു: സല്‍മാന്‍ റുഷ്ദി
അമേരിക്കയില്‍ വച്ച് തനിക്കുനേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് ആദ്യമായി ഒരു അഭിമുഖത്തില്‍ വിശദീകരിച്ച് വിഖ്യാത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി. തനിക്കെതിരെ നടന്ന അപ്രതീക്ഷിതവും അസാധാരണവുമായ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് താന്‍ ഭാഗ്യവാനായത് കൊണ്ടാണെന്ന് റുഷ്ദി പറഞ്ഞു. എല്ലാവരോടും നിറഞ്ഞ നന്ദിയാണ് ഇപ്പോള്‍ മനസില്‍ തോന്നുന്ന വികാരം. പ്രത്യേകിച്ച് മക്കളായ സഫറും മിലാനും ഉള്‍പ്പെടുന്ന കുടുംബത്തോട് കൂടെ നിന്നതിന് നന്ദിയുണ്ടെന്ന് റുഷ്ദി ദി ന്യൂയോര്‍ക്കര്‍ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
എനിക്ക് ഇപ്പോള്‍ സ്വന്തമായി എഴുന്നേറ്റ് നടക്കാം. സുഖമാണെന്ന് പറഞ്ഞാല്‍ തന്നെയും എന്റെ ശരീരഭാഗങ്ങളൊക്കെ ഇടയ്ക്കിടെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ശരിക്കും അതൊരു വലിയ ആക്രമണമായിരുന്നു. റുഷ്ദി പറഞ്ഞു. തനിക്ക് നേരെയുണ്ടായ ആക്രമണത്തോട് എല്ലാവരും പ്രതികരിച്ചതില്‍ സന്തോഷം തോന്നിയെന്നും റുഷ്ദി പറയുന്നു. ഞാന്‍ വധിക്കപ്പെടുമ്പോള്‍ ആളുകള്‍ എങ്ങനെയാകും അതിനോട് പ്രതികരിക്കുക എന്നത് താന്‍ മുന്‍പൊരിക്കലും ചിന്തിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഓഗസ്റ്റ് മാസം 12നാണ് ന്യൂയോര്‍ക്കില്‍വച്ച് റുഷ്ദി ആക്രമിക്കപ്പെടുന്നത്. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് ഷട്ടോക്വ വിദ്യാഭ്യാസകേന്ദ്രത്തിലെ ചടങ്ങിനിടെ വേദിയിലേക്കു പാഞ്ഞെത്തിയ അക്രമി റുഷ്ദിയെ കഴുത്തില്‍ കുത്തിവീഴ്ത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂജഴ്‌സിയില്‍ നിന്നുള്ള ഹാദി മറ്റാര്‍ (24) ആണു പിടിയിലായത്.