Saturday, October 19, 2024
World

ആദ്യമായി അണുബോംബ് വര്‍ഷിച്ചതിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികം ; ഇന്ന് ഹിരോഷിമാ ദിനം

1945 ആഗസ്ത് ആറിനാണ് ലോകം ആ മഹാദുരന്തത്തിന് സാക്ഷിയായത്. രണ്ടാംലോക മഹായുദ്ധത്തില്‍ തോല്‍വി സമ്മതിച്ച ജപ്പാന് മേലായിരുന്നു അമേരിക്കയുടെ അണ്വായുധാക്രമണം.

ലോകം ഒരു കാലത്തും മറക്കാനിടയില്ല ആ കറുത്ത ദിനം. രണ്ടാം ലോകമഹായുദ്ധകാലത്തിന്‍റെ അവസാന നാളുകളില്‍ ജപ്പാനിലെ ഹിരോഷിമയില്‍ ലിറ്റില്‍ ബോയ് എന്ന അണുബോംബ് ബാക്കി വെച്ചത് ദുരിതങ്ങളുടേയും വേദനകളുടേയും തുടര്‍ദിനങ്ങളാണ്.

രണ്ടാം ലോക മഹായുദ്ധത്തില്‍ എതിര്‍ ചേരിയിലുള്ള ജപ്പാനെ തകര്‍ക്കാന്‍ അമേരിക്ക പ്രയോഗിച്ച അണ്വായുധം അങ്ങനെ ലോകചരിത്രത്തിലെ സമാനതകളില്ലാത്തെ കൂട്ടക്കുരുതിയായി മാറി. തല്‍ക്ഷണം മരിച്ചത് 80,000ത്തോളം പേര്‍. 1945 അവസാനത്തോടെ ബോംബിംഗില്‍ ജീവച്ഛവമായ 60,000 പേര്‍ കൂടി മരണത്തിന് കീഴടങ്ങി. പതിനായിരങ്ങള്‍ മാരക പരിക്കുകളും അണുവികരണം ഉണ്ടാക്കിയ പ്രയാസങ്ങളാലും ജീവിതം തള്ളി നീക്കി. ആകെ ഉണ്ടായിരുന്ന 76,000ത്തോളം കെട്ടിടങ്ങളിൽ 70,000വും തകർന്നു. ഹിരോഷിമ അക്ഷരാര്‍ത്തത്തില്‍ തകര്‍ന്നടിഞ്ഞു.

‘എനോള ഗെ’ എന്ന പേരുള്ള ബി-29 വിമാനം പടിഞ്ഞാറൻ പസഫിക്കിലെ ടിനിയൻ ദ്വീപിൽനിന്നാണ് ഹിരോഷിമ ലക്ഷ്യമാക്കി പറന്നത്. പൈലറ്റ് ടിബറ്റിനെ കൂടാതെ, കോ പൈലറ്റ് റോബർട്ട് ലെവിസ്, നാവിഗേറ്റർ തിയോഡർ വാൻ കിർക്, ടോം ഫെറി ബി, റോബർട്ട് കരോൺ എന്നിവരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.

യുറേനിയം 235ന്‍റെ ന്യൂക്ലിയർ ഫിഷൻ വഴിയാണ് ഊര്‍ജം ഉൽപാദിപ്പിക്കപ്പെട്ടത്. ജർമനി, ഇറ്റലി, ജപ്പാൻ എന്നീ രാജ്യങ്ങൾ അടങ്ങിയ അച്ചുതണ്ട് ശക്തികളെ തകര്‍ക്കാന്‍ അമേരിക്ക പ്രയോഗിച്ച വജ്രായുധമായിരുന്നു ലിറ്റില്‍ ബോയി. ഇവര്‍ക്കൊപ്പം സോവിയറ്റ് യൂണിയന്‍, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങളും.

അമേരിക്കന്‍ പ്രസിഡന്‍റ് ഹാരി എസ് ട്രുമാനാണ് അണ്വായുധ പ്രയോഗത്തിന് അനുമതി നല്‍കിയത്. മൂന്ന് ദിവസത്തിന് ശേഷം നാഗസാക്കിയില്‍ ഫാറ്റ്മാനെന്ന അണുബോംബും അമേരിക്ക പ്രയോഗിച്ചു.

ലോകചരിത്രത്തില്‍ മനുഷ്യനിര്‍മിത കൂട്ടക്കൊലക്ക് വഴിയൊരുക്കിയ അമേരിക്ക, ഇപ്പോള്‍ ഇറാന്‍, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളുടെ അണുവായുധ പരീക്ഷണങ്ങളെ തള്ളിപ്പറയുന്നതും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതും വിരോധാഭാസം.

അണുവിഘടന സിദ്ധാന്തം കണ്ടുപിടിച്ചവരും ആറ്റം ബോംബുണ്ടാക്കിയവരും പിന്നില്‍ പ്രവര്‍ത്തിച്ചവരുമെല്ലാം പിന്നീട് തെറ്റ് ഏറ്റുപറഞ്ഞു. അതില്‍ പ്രധാനം 2016ല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ ഹിരോഷ്മ സന്ദര്‍ശനമായിരുന്നു. ബോംബിംഗില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലിയും അര്‍പ്പിച്ചു ഒബാമ.

ഒരു ജനതയുടെ 75 വര്‍ഷം നീണ്ട അര്‍പ്പണത്തിന്റെ സാക്ഷ്യമാണിന്ന് ഹിരോഷിമ. മനുഷ്യന്‍റെ ജീവിതതൃഷ്ണയ്ക്കും നിശ്ചയദാര്‍ഢ്യത്തിനും ഏറ്റവും വലിയ ഉദാഹരണം. ഹിരോഷിമ ദുരന്തത്തിലേക്ക് വീണ്ടും തിരിഞ്ഞു നോക്കുമ്പോള്‍ ഇനിയൊരു ഹിരോഷിമയും നാഗസാക്കിയും ലോകത്ത് ആവര്‍ത്തിക്കരുതേ എന്നാണ് ലോകജനതയുടെ പ്രാര്‍ത്ഥന.

Leave a Reply

Your email address will not be published.