കോവിഡിന് പിന്നാലെ ബ്യൂബോണിക് പ്ലേഗ് ; ചൈനയൽ വീണ്ടും ആശങ്ക
ചൈനയെ വീണ്ടും ആശങ്കയലാക്കി കോവിഡിന് പിന്നാലെ ബ്യൂബോണിക് പ്ലേഗ്.വടക്കൻ ചൈനയിൽ രണ്ട് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നർ മംഗോളിയ ഓട്ടോണമസ് റീജിയണിലെ ബയന്നൂരിൽ പ്ലേഗ് പ്രതിരോധത്തെയും നിയന്ത്രണത്തെയും കുറിച്ച് മൂന്നാം ലെവൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചതെന്ന് പീപ്പിൾസ് ഡെയ്‌ലി ഓൺലൈൻ റിപ്പോർട്ട് ചെയ്തു.
ശനിയാഴ്ച ബയന്നൂരിലെ ആശുപത്രിയിലാണ് പ്ലേഗ് സ്ഥിരീകരിച്ചത്. മുന്നറിയിപ്പിന്റെ കാലയളവ് ഈ വർഷം അവസാനം വരെ തുടരുമെന്ന് പ്രാദേശിക ആരോഗ്യ അതോറിറ്റി അറിയിച്ചിരിക്കുകയാണ്. ഖോവ്ഡ് പ്രവിശ്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് കേസുകൾ ബ്യൂബോണിക് പ്ലേഗാണെന്ന് ജൂലൈ ഒന്നിന് സ്ഥിരീകരിച്ചതായി സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.
ഇരുപത്തിയേഴുകാരനും സഹോദരനായ പതിനേഴുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ ചികിത്സയിലാണ്. ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട 146 പേർ നിരീക്ഷണത്തിലാണ്. കാട്ട് എലി വർഗത്തിൽ പെട്ട മാർമോട്ടിന്റെ മാംസം കഴിച്ചതിൽ നിന്നാണ് ഇവർക്ക് രോഗബാധയുണ്ടായത്. അവയുടെ ശരീരത്തിലെ ഒരുതരം ചെള്ളാണ് രോഗം പരത്തുന്നതെന്ന് കണ്ടെത്തിയിരുന്നു.
രോഗബാധിതർക്ക് രോഗം സ്ഥിരീകരിച്ച് കഴിഞ്ഞ് ഇരുപത്തിനാല് മണിക്കൂറിനിടയിൽ മരണം സംഭവിക്കുമെന്ന് കണ്ടെത്തിയിരുന്നു.ഇതേ തുടർന്ന് ആളുകൾ കൂടുതൽ ജാഗ്രതപാലിക്കണമെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചു. ബ്യൂബോണിക് പ്ലേഗ് ബാധിച്ച് കഴിഞ്ഞ വർഷം ബയാൻ-ഉൽഗിയിൽ മേഖലയിൽ ദമ്പതികൾ മരിച്ചിരുന്നു. അവർ പൂർണമായും പാകം ചെയ്യാതെയാണ് മാർമോട്ട് മാംസം ഭക്ഷിച്ചതെന്ന് കണ്ടെത്തിയിരുന്നു.