Sunday, March 16, 2025
World

യുകെയിൽ പുതിയ കൊവിഡ് വേരിയന്റ് ‘എറിസ്’ വ്യാപിക്കുന്നതായി റിപ്പോർട്ട്

ഒരിടവേളയ്ക്ക് ശേഷം കൊവിഡ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. അതിവേഗം പടരുന്ന ഒമൈക്രോണിൽ നിന്ന് ഉത്ഭവിച്ച ‘EG.5.1’ എന്ന പുതിയ വകഭേദം യുകെയിൽ തല പൊക്കുന്നതായാണ് റിപ്പോർട്ട്. ‘എറിസ്’ എന്ന് വിളിപ്പേരുള്ള EG.5.1 വേരിയന്റ് കഴിഞ്ഞ മാസമാണ് യുകെയിൽ ആദ്യമായി കണ്ടെത്തുന്നത്. ഇപ്പോൾ ഇത് രാജ്യത്ത് അതിവേഗം പടരുകയാണെന്ന് ഇംഗ്ലണ്ടിലെ ആരോഗ്യ അധികാരികളെ ഉദ്ധരിച്ച് വാർത്താ ഏജൻസി PTI റിപ്പോർട്ട് ചെയ്യുന്നു.

ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏഴിലൊന്ന് കൊവിഡ് കേസുകളും ‘എറിസ്’ മൂലമാണെന്നാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (UKHSA) പറയുന്നത്. ഏറ്റവും പുതിയ ഡാറ്റ സൂചിപ്പിക്കുന്നത് പുതിയ കേസുകളുടെ 14.6 ശതമാനവും EG.5.1 മൂലമാണെന്നാണ്. റെസ്പിറേറ്ററി ഡാറ്റാമാർട്ട് സിസ്റ്റത്തിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ട 4396 ശ്വാസകോശ സ്രവങ്ങളില്‍ 5.4 ശതമാനത്തിലും കൊവിഡ് സാന്നിധ്യം കണ്ടെത്തി. മുന്‍ റിപ്പോര്‍ട്ടില്‍ 4403 സ്രവങ്ങളില്‍ 3.7 ശതമാനത്തില്‍ മാത്രമേ കൊവിഡിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നുള്ളൂ. മുൻ ആഴ്ചകളെ അപേക്ഷിച്ച് ഈ ആഴ്ച കേസുകളുടെ നിരക്ക് വർധിച്ചിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും UKHSA റിപ്പോർട്ടിൽ പറയുന്നു.

അന്താരാഷ്ട്രതലത്തിൽ, പ്രത്യേകിച്ച് ഏഷ്യയിൽ കൊവിഡ് കേസുകളുടെ വർദ്ധനവിനെ തുടർന്ന് ഹൊറൈസൺ ലെവൽ സ്‌കാനിംഗിലാണ് 2023 ജൂലൈ 3-ന് EG.5.1 ആദ്യമായി കണ്ടെത്തിയത്. ജൂലൈ 31 ൽ എറിസിനെ ഒരു വേരിയന്റായി തരംതിരിച്ചു. ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന കൊവിഡ് വകഭേദങ്ങളുടെ പട്ടികയിലും EG.5.1 ഉണ്ട്. എക്സ്ബിബി.1.5, എക്സ്ബിബി.1.16, ബിഎ.2.75, സിഎച്ച്.1.1, എക്സ്ബിബി, എക്സ്ബിബി1.9.1, എക്സ്ബിബി 1.9.2, എക്സ്ബിബി.2.3 എന്നിവയാണ് നിരീക്ഷണത്തിലുള്ള മറ്റ് വകഭേദങ്ങള്‍. 45 രാജ്യങ്ങളിലായി 4722 സീക്വന്‍സുകള്‍ ഇജി 5.1 ന്‍റേതായി കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *