ഇന്ത്യക്കാരെ യുക്രൈൻ ബന്ദിയാക്കുന്നുവെന്ന ആരോപണം ആവർത്തിച്ച് റഷ്യ; വെടിനിർത്തൽ വേണമെന്ന് ഇന്ത്യ
ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാർഥികളെ യുക്രൈൻ ബന്ദിയാക്കുന്നുവെന്ന ആരോപണം ആവർത്തിച്ച് റഷ്യ. യു എൻ രക്ഷാ സമിതിയിലാണ് റഷ്യയുടെ ആരോപണം. സുമിയിലും ഖാർകീവിലും ഇത്തരം സംഭവങ്ങളാണ് അരങ്ങേറുന്നതെന്ന് റഷ്യ ആരോപിച്ചു. വിദേശ വിദ്യാർഥികൾക്ക് കടന്നുപോകാൻ സുരക്ഷിത പാതയൊരുക്കണമെന്നും യുക്രൈനോട് റഷ്യ ആവശ്യപ്പെട്ടു
അതേസമയം വെടിനിർത്തൽ വേണമെന്ന് ഇന്ത്യ ആവർത്തിച്ചു. ഈ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം തുടരാനാകുന്നില്ല. താത്കാലികമായിട്ടെങ്കിലും വെടിനിർത്തൽ ആവശ്യം പരിഗണിക്കണം. റഷ്യ ഏർപ്പെടുത്തിയ യാത്രാ സൗകര്യം പ്രയോജനപ്പെടുത്താനായിട്ടില്ലെന്നും ഒഴിപ്പിക്കാനായി നൽകിയ ബസുകൾക്ക് വിദ്യാർഥികളുടെ അടുത്തെത്താൻ കഴിഞ്ഞില്ലെന്നും ഇന്ത്യ പറഞ്ഞു
മൂവായിരത്തിലധികം ഇന്ത്യൻ വിദ്യാർഥികളെ യുക്രൈൻ ബന്ദികളാക്കിയിട്ടുണ്ടെന്ന് വ്‌ളാദിമിർ പുടിൻ നേരത്തെ ആരോപിച്ചിരുന്നു. വിദേശികളെ യുദ്ധമുഖത്ത് നിന്ന് ഒഴിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ യുക്രൈൻ വൈകിപ്പിക്കുകയാണെന്നും പുടിൻ ആരോപിച്ചിരുന്നു.