യുക്രൈനിൽ ഇന്ത്യക്കാർ അടക്കമുള്ളവരെ ഒഴിപ്പിക്കാൻ 130 ബസുകൾ സജ്ജമാക്കി റഷ്യ
യുക്രൈനിലെ ഖാർകീവിലും സുമിയിലും കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾ അടക്കമുള്ള വിദേശികളെ ഒഴിപ്പിക്കാനായി 130 ബസുകൾ സജ്ജമാക്കിയതായി റഷ്യ അറിയിച്ചു. ബെൽഗ്രേഡ് മേഖലയിലെ നഖേദ്ക, സുഡ്‌സ എന്നീ ചെക്കുപോയിന്റുകളിൽ നിന്ന് ബസുകൾ പുറപ്പെടുമെന്ന് റഷ്യൻ സൈന്യം അറിയിച്ചു
വിദ്യാർഥികളെ തിരികെയെത്തിക്കുന്ന നടപടികൾ ഏകോപിപ്പിക്കാൻ റഷ്യയിലെ ഇന്ത്യൻ എംബസിയിൽ നിന്ന പ്രതിനിധി സംഘം ബെൽഗ്രേഡിൽ എത്തിയിട്ടുണ്ട്. ബസുകളിൽ ചെക്ക് പോയിന്റുകളിൽ എത്തുന്നവർക്ക് റഷ്യൻ സൈന്യം താത്കാലിക താമസ സൗകര്യവും വിശ്രമവും ഭക്ഷണവും ഒരുക്കും. ആവശ്യമുള്ളവർക്ക് മെഡിക്കൽ സഹായവും നൽകുമെന്ന് റഷ്യ അറിയിച്ചു.
വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയുമായി അറുന്നൂറോളം വിദ്യാർഥികളെ യുക്രൈനിൽ നിന്ന് ഒഴിപ്പിച്ചിരുന്നു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഏഴായിരത്തിലധികം വിദ്യാർഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.