Wednesday, January 8, 2025
World

പ്രായപൂർത്തിയാവാത്ത കുട്ടികളെ മദ്യം നൽകി പീഡിപ്പിച്ചു; കാനഡയിൽ ഇന്ത്യൻ വംശജരായ അച്ഛനും മകനും അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത കുട്ടികളെ മദ്യം നൽകി പീഡിപ്പിക്കുന്ന അച്ഛനും മകനും കാനഡയിൽ അറസ്റ്റിൽ. ഇന്ത്യൻ വംശജനായ ഗുർപ്രതാപ് സിംഗ് വാലിയ (56), മകൻ സുമ്രിത് വാലിയ (24) എന്നിവരെയാണ് കാനഡ കാൽഗരി പൊലീസ് പിടികൂടിയത്. ഏപ്രിലിൽ 13 വയസുകാരിയായ ഒരു പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അച്ഛനും മകനും കുടുങ്ങിയത്.

സുമ്രിതുമായി താൻ പ്രണയബന്ധത്തിലാണെന്നും ലൈംഗികബന്ധത്തിനു പകരമായി മദ്യവും മയക്കുമരുന്നുമൊക്കെ ഇയാൾ തനിക്ക് തരാറുണ്ടായിരുന്നു എന്നും 13കാരി പൊലീസിനോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും പിടിയിലായത്. കാൽഗരിയിലെ ഒരു പലചരക്കു കടയുടെ ഉടമകളും ജോലിക്കാരുമാണ് ഇവർ. കടയുടെ തൊട്ടടുത്ത് പ്രവർത്തിക്കുന്ന പ്രീമിയർ ലിക്വർ വൈൻ ആൻഡ് സ്പിരിറ്റും ഇവരുടെ ഉടമസ്ഥതയിലാണ്. ഇവിടെ വച്ചാണ് കുറ്റകൃത്യം നടന്നിരുന്നത്. അന്വേഷണത്തിനിടെ ഇരുവരും പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് സിഗരറ്റ്, മദ്യം, മയക്കുമരുന്ന് തുടങ്ങിയവ നൽകി ഇവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നു എന്ന് കണ്ടെത്തി. 2022 ഡിസംബർ മുതൽ 2023 മെയ് വരെയാണ് ഇവർ ഈ കൃത്യങ്ങൾ ചെയ്തത്. ജൂൺ ഒന്നിന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു.

ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 975 ഗ്രാം കൊക്കൈനും ഏഴ് തോക്കുകളും കണ്ടെത്തി. ഇരു സ്ഥാപനങ്ങളിലുമായി നടത്തിയ പരിശോധനയിൽ കുട്ടികളുടെ നഗ്ന വിഡിയോകളും മയക്കുമരുന്നും പുകയില ഉത്പന്നങ്ങളും കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *