രോഗം മാറ്റാമെന്ന് പറഞ്ഞ് പണം വാങ്ങി പ്രായപൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ
മലപ്പുറം വളാഞ്ചേരിയിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. താനൂർ ഒട്ടുപുറം സ്വദേശി മുഹമ്മദ് റാഫി ആണ് അറസ്റ്റിലായത്.
അത്ഭുത സിദ്ധികളിലൂടെ കുട്ടിയുടെ രോഗം മാറ്റിതരാമെന്ന് പറഞ്ഞ് പിതാവിനെ ബന്ധപ്പെടുകയും, കുട്ടിയെ പരാതിക്കാരന്റെ വളാഞ്ചേരിയിലെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രതി പൂജാകർമ്മങ്ങൾക്കായി ഒരു ലക്ഷത്തിലധികം രൂപ പലതവണയായി ഇവരിൽ നിന്ന് വാങ്ങുകയും ചെയ്തു. കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ കാര്യങ്ങൾ ചോദിച്ചറിഞ്ഞ് പൊലീസിൽ പരാതി നൽകുകയും തുടർന്ന് ഇയാളെ വളാഞ്ചേരി പൊലീസ് പോക്സോ കേസിൽ പിടികൂടുകയുമായിരുന്നു.
അറസ്റ്റിലായ മുഹമ്മദ് റാഫി സമാനമായ രീതിയിൽ പലയിടങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുണ്ട്. നിലവിൽ ഇയാൾക്കെതിരെ അരിക്കോട്, തിരൂർ, തിരൂരങ്ങാടി , താനൂർ പൊലീസ് സ്റ്റേഷനുകളിൽ തട്ടിപ്പ് കേസുകളുണ്ട്. കൂടാതെ പൊലീസ് വേഷംധരിച്ച് പൊലീസ് എന്ന വ്യാജേന വിവിധ ഇടങ്ങളിൽ ഇയാൾ പണപ്പിരിവ് നടത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.