Saturday, October 19, 2024
National

സ്പുട്നിക് വാക്സീൻ അടുത്ത ആഴ്ച കാൻപൂരിലെത്തും

കോവിഡിനെ ചെറുക്കാൻ രണ്ടാം ഘട്ട പരീക്ഷണത്തിനായി റഷ്യയുടെ സ്പുട്നിക് വാക്സിൻ അടുത്ത ആഴ്ച കാൻപൂരിലെ ഗണേഷ് ശങ്കർ വിദ്യാർഥി മെഡിക്കൽ കോളജിൽ എത്തും. ഇവിടെ വാക്സിനുകളുടെ രണ്ടും മൂന്നും ഘട്ട മനുഷ്യ പരീക്ഷണങ്ങൾ നടത്തും. ഡോ. റെഡ്ഡീസ് ലബോറട്ടറീസിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അനുമതി ലഭിച്ചതിനെ തുടർന്നാണ് തീരുമാനം.

വാക്സീനുകളുടെ മനുഷ്യപരീക്ഷണം അടുത്ത ആഴ്ച മുതൽ ആരംഭിക്കുമെന്ന് ഗണേഷ് ശങ്കർ വിദ്യാർഥി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ആർ ബി കമൽ പറഞ്ഞു. 180 ഓളം സന്നദ്ധ പ്രവർത്തകർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. വാക്സീനേഷൻ നൽകേണ്ട അളവ് ഗവേഷണ മേധാവി സൗരഭ് അഗർവാൾ നിർണയിക്കും. ഒരു ഡോസ് നൽകുകയും സന്നദ്ധ പ്രവർത്തകരുടെ അവസ്ഥ നിരീക്ഷിക്കുകയും കൂടുതൽ ഡോസുകൾ ആവശ്യമുണ്ടോ എന്ന് നിർണയിക്കുകയും ചെയ്യും.

വാക്സീൻ വിജയകരമാണോ അല്ലയോ എന്നറിയാൻ ഡേറ്റ വിശകലനം ചെയ്യുമെന്നും കമൽ പറഞ്ഞു. 21 ദിവസ ഇടവേളയിൽ രണ്ടോ മൂന്നോ തവണ വാക്സീൻ നൽകിയ ശേഷം ഏഴു മാസത്തേക്ക് നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസം വാക്സീനേഷന്റെ ഫലങ്ങൾ നിരീക്ഷിച്ച ശേഷം, അതിന്റെ ഫലങ്ങൾ അധികാരികളെ അറിയിക്കുകയും അവർ അതനുസരിച്ച് തീരുമാനമെടുക്കുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published.