സുൽത്താൻ ബത്തേരിയിൽ രോഗവ്യാപനം തുടരുന്നു ;മൂന്ന് പേർക്കുകൂടി കൊവിഡ്
സുൽത്താൻ ബത്തേരി : ബത്തേരി പട്ടണത്തിൽ കൊവിഡ് 19 പോസിറ്റീവ് സ്ഥിരികരിച്ചവരുടെ സമ്പർക്കത്തിൽപ്പെട്ട മൂന്ന് പേർക്കുകൂടി ഇന്നലെ രോഗം സ്ഥിരികരിക്കുകയുണ്ടായി. ഇതോടെ ബത്തേരി പട്ടണത്തിലെ മൊത്ത പലചരക്ക് കടയായ മലബാർ ട്രേഡിംഗ് കമ്പനിയിലെ തൊഴിലാളികളിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം പിടിപ്പെട്ടവരുടെ എണ്ണം 21 ആയി ഉയർന്നു. രോഗവ്യാപനം കൂടുതലായ സാഹചര്യത്തിൽ ബത്തേരിയിൽ ജാഗ്രത ശക്തമാക്കി . ബത്തേരി സർവ്വജന ഹൈസ്‌കൂളിൽ നടന്ന മൊബൈൽ മെഡിക്കൽ ടീമിന്റെ ആന്റിജൻ പരിശോധനയിലാണ് ഒരു മൂന്ന് വയസുകാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് രോഗം സ്ഥിരികരിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് സ്ഥിരികരിച്ചവരുടെ സമ്പർക്കപ്പട്ടികയിലുള്ള 88 പേരെയാണ് ഇന്നലെ ആന്റിജൻ ടെസ്റ്റിന് വിധേയമായത്. ഇതിലാണ് മൂന്ന്‌പേരുടെ ഫലം പോസിറ്റീവായി കാണപ്പെട്ടത്. രോഗവ്യാപനം ഉണ്ടായ സ്ഥാപനത്തിലെ ബീനാച്ചി സ്വദേശിയ ജീവനക്കാരന്റെ സഹോദരനും ഭാര്യക്കും, ചെതലയം സ്വദേശിയായ സ്ഥാപനത്തിലെ മറ്റൊരാളുടെ മൂന്ന് വയസുള്ള മകനുമാണ് രോഗം സ്ഥിരികരിച്ചത്. ഞായറാഴ്ച താലൂക്ക് ആശുപത്രിയിൽ വെച്ച് നടന്ന പരിശോധനയിൽ ഏഴ്‌പേർക്കും രോഗം സ്ഥിരികരിക്കുകയുണ്ടായി.നേരത്തെ ബത്തേരി താലൂക്ക് ആശുപത്രിയിൽ നടന്ന കൊവിഡ് പരിശോധനയിൽ 11 പേർക്ക് കൊവിഡ് 19 പോസിറ്റീവ് സ്ഥിരികരിക്കുകയുണ്ടായി.