Thursday, January 9, 2025
Wayanad

കരിപ്പൂര്‍ വിമാന ദുരന്തം: അവസാനത്തെ രോഗി വയനാട് ചീരാൽ സ്വദേശി ആശുപത്രി വിട്ടു

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ പരിക്കേറ്റ അവസാനത്തെ രോഗിയും ആശുപത്രി വിട്ടു. തുടക്കം മുതല്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന വയനാട് ചീരാല്‍ സ്വദേശി നൗഫലി(36)നെയാണ് രണ്ടര മാസത്തെ ചികില്‍സയ്ക്കു ശേഷം കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തത്. ആഗസ്ത് ഏഴിനു നടന്ന വിമാന അപകടത്തെ തുടര്‍ന്ന് നൗഫലിനെ ആശുപത്രിയിലെത്തിക്കുമ്പോള്‍ അതീവ ഗുരുതരമായിരുന്നു. ഹെഡ് ഇന്‍ജുറി, സ്പൈന്‍ ഫ്രാക്ചര്‍, വലത് കാലിന്റെയും ഇടത് കാലിന്റെയും എല്ലിന് പൊട്ടല്‍, ശരീരത്തിന്റെ പുറക് വശത്ത് തൊലിയും ദശകളുമുള്‍പ്പെടെ നഷ്ടപ്പെട്ട് നട്ടെല്ല് പുറത്ത് കാണുന്ന അവസ്ഥ എന്നിവ ഉള്‍പ്പെടെയുള്ള സങ്കീര്‍ണമായിരുന്നു. നൗഫലിനെ നേരിട്ട് ഐസിയുവില്‍ പ്രവേശിപ്പിച്ച ശേഷം ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പ്രാഥമിക ഘട്ടത്തില്‍ നടത്തിയത്. വിവിധ ഘട്ടങ്ങളിലായി എമര്‍ജന്‍സി മെഡിസിന്‍, ക്രിറ്റിക്കല്‍ കെയര്‍, ന്യൂറോ സര്‍ജറി, സ്പൈന്‍ സര്‍ജറി, ഓര്‍ത്തോപീഡിക്സ് എന്നീ വിഭാഗങ്ങളിലായി നടന്ന ശസ്ത്രക്രിയകള്‍ക്കു ശേഷം നൗഫലിന്റെ പരിചരണം പ്ലാസ്റ്റിക് ആന്റ് റീ കണ്‍സ്ട്രക്റ്റീവ് വിഭാഗം ഏറ്റെടുത്തു. പുറകുവശത്തെ അടര്‍ന്നുപോയ ശരീരഭാഗങ്ങളെയും കാലിലെ പരിക്കുകളെയും നേരെയാക്കാനായി സങ്കീര്‍ണമായ പ്ലാസ്റ്റിക്, മൈക്രോവാസ്‌കുലാര്‍ സര്‍ദജറികള്‍ നടത്തി. 70 ദിവസം നീണ്ട സങ്കീര്‍ണമായ നിരവധി ശസ്ത്രക്രിയകള്‍ക്ക് ശേഷമാണ് നൗഫലിനെ ഡിസ്ചാര്‍ജ്ജ് ചെയ്തത്.

നൗഫലിന് യാത്രയയ്പ്പ് നല്‍കാന്‍ എയര്‍ ഇന്ത്യ സ്റ്റേഷന്‍ മാനേജര്‍ റാസ അലിഖാന്‍, എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് മാനേജര്‍ പ്രേംജിത്ത്, എയര്‍ ക്രാഫ്റ്റ് പേഷ്യന്റ് കോ-ഓഡിനേറ്റര്‍ ഷിബില്‍ എന്നിവരെത്തിയിരുന്നു. ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. പി പി വേണുഗോപാലന്‍, പ്ലാസ്റ്റിക് ആന്റ് റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി വിഭാഗം മേധാവി ഡോ. കെ എസ് കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്ന് നൗഫലിന് ഉപഹാരം നല്‍കി. ആസ്റ്റര്‍ മിംസ് ഡയറക്ടര്‍ യു ബഷീര്‍, സിഇഒ ഫര്‍ഹാന്‍ യാസിന്‍, ഡോ. മൊയ്തു ഷമീര്‍, ഡോ. പ്രദീപ് കുമാര്‍, ഡോ. നൗഫല്‍ ബഷീര്‍, ഡോ. വിഷ്ണുമോഹന്‍ സംബന്ധിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *