Saturday, January 4, 2025
Wayanad

വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് ?; സമ്പൂർണ തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം മേയ് ഒന്നിന്

വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് സാധ്യത തള്ളാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. വയനാട് ഉപതെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. സമ്പൂർണ തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം മേയ് ഒന്നിന് ചേരും. മേയ് ഒന്നുവരെ ഭരണഘടനാകോടതികളുടെ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഉപതെരഞ്ഞെടുപ്പിന് സാധ്യതയുണ്ട്.

അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ കോടതി തള്ളിയെങ്കിലും മേല്‍കോടതിയെ സമീപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉടന്‍ നടപടി സ്വീകരിക്കേണ്ടെന്ന നിലപാടിലായിരുന്നു നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ. എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുലിന് കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതോടെ വയനാട് വീണ്ടും തെരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന് ഉറ്റുനോക്കുകയായിരുന്നു രാഷ്ട്രീയ കേരളം.

അതേസമയം മാനനഷ്ടക്കേസിൽ രണ്ട് വർഷം ശിക്ഷ കിട്ടിയതിനെ തുടർന്ന് എംപി സ്ഥാനം നഷ്ടമായ രാഹുൽ ഗാന്ധി ഡൽഹിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു. 19 വർഷം താമസിച്ച വീട്ടിലെ ജീവനക്കാരോട് യാത്ര പറഞ്ഞ രാഹുൽ വീട് പൂട്ടി താക്കോൽ ഉദ്യോഗസ്ഥർക്ക് കൈമാറി. സത്യം പറഞ്ഞതിനുള്ള വിലയാണ് നല്‍കുന്നതെന്നും പോരാട്ടം തുടരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *