വന്ദേ ഭാരത്: ട്രെയിൻ സമയങ്ങളിൽ മാറ്റം, സർവീസുകൾക്ക് നിയന്ത്രണം; തിരൂരിൽ സ്റ്റോപ്പ് ആവശ്യപ്പെട്ട് പ്രതിഷേധം
തിരുവനന്തപുരം: വന്ദേഭാരത് സ്റ്റേഷൻ പട്ടികയിൽ നിന്നും തിരൂരിനെ ഒഴിവാക്കിയതിനെതിരെ മുസ്ലിം ലീഗും സിപിഎമ്മും പ്രതിഷേധത്തിലേക്ക്. വന്ദേഭാരത് ട്രെയിൻ സർവീസ് തുടങ്ങുന്നത് കണക്കിലെടുത്ത് വേണാട് എക്സ്പ്രസ്,പാലരുവി എക്സ്പ്രസ് എന്നിവയുടെ സമയത്തിൽ മാറ്റം വരുത്തി. ഇന്നും നാളെയും ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണവും ഏർപ്പെടുത്തി.
തിരൂരിലെ പ്രതിഷേധം
ആദ്യ പരീക്ഷണ ഓട്ടത്തില്‍ തിരൂരില്‍ വന്ദേഭാരതിന് സ്റ്റോപ്പുണ്ടായിരുന്നു. രണ്ടാമത്തെ തവണ നിർത്തിയിരുന്നില്ല. തിരൂരിനെ ഒഴിവാക്കിയത് മലപ്പുറത്തെ ജനങ്ങളോടുള്ള വിവേചനമാണെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു. ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. സിപിഎം ഇന്ന് വൈകീട്ട് തിരൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തുന്നുണ്ട്. യൂത്ത് കോൺഗ്രസും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. മലപ്പുറത്തെ പ്രധാനപ്പെട്ട സ്റ്റേഷനായിട്ടും ഇതുവഴി കടന്നു പോകുന്ന പല പ്രധാനപ്പെട്ട ട്രെയിനുകള്‍ക്കും തിരൂരില്‍ സ്റ്റോപ്പില്ലാത്തതും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.
ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം
പ്രധാനമന്ത്രിയുടെ സന്ദർശനവും വന്ദേഭാരത് ഉദ്ഘാടനവും കണക്കിലെടുത്ത് ഇന്നും നാളെയും ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം സെൻട്രലിൽ നിന്നുള്ള ട്രെയിൻ സർവീസുകളിലും മാറ്റമുണ്ട്. ഇന്നത്തെ തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദിയും നാളത്തെ കണ്ണൂർ തിരുവനന്തപുരം ജനശതാബ്ദിയും റദ്ദാക്കി. ഇന്നത്തെ എറണാകുളം – ഗുരുവായൂർ സ്പെഷലും, ഷൊർണൂർ കണ്ണൂർ മെമുവും റദ്ദാക്കി.
ഇന്നത്തെ കണ്ണൂർ – എറണാകുളം എക്സ്പ്രസ്, ചെന്നൈ തിരുവനന്തപുരം മെയിൽ എന്നിവ തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും. ചെന്നൈ മെയിലിന്‍റെ മടക്കയാത്ര തൃശ്ശൂരിൽ നിന്നായിരിക്കും. ഇന്നും നാളെയും ചില ട്രെയിനുകൾ കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കും. മലബാർ എക്സ്പ്രസ്, അമൃത എക്സ്പ്രസ്, ശബരി എക്സ്പ്രസ് എന്നിവയാണ് കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കുക. കൊല്ലം – തിരുവനന്തപുരം ട്രെയിൻ കഴക്കൂട്ടം വരെ മാത്രമാകും സർവീസ് നടത്തുക. നാഗർകോവിൽ – കൊച്ചുവേളി ട്രെയിൻ നേമം വരെ മാത്രമേ സർവീസ് നടത്തൂ.
ട്രെയിൻ സമയമാറ്റം
വന്ദേഭാരത് ട്രെയിൻ സർവീസ് തുടങ്ങുന്നത് കണക്കിലെടുത്ത് വേണാട് എക്സ്പ്രസ്, പാലരുവി എക്സ്പ്രസ് എന്നിവയുടെ സമയത്തിൽ മാറ്റം. ഏപ്രിൽ 28 മുതൽ രാവിലെ 5.25നാണ് തിരുവനന്തപുരത്ത് നിന്ന് വേണാട് എക്സ്പ്രസ് പുറപ്പെടുക. കായംകുളം വരെയാണ് സമയമാറ്റം. കൊല്ലം മുതൽ എറണാകുളം ടൗൺ വരെയാണ് പാലരുവി എക്സ്പ്രസിന്‍റെ സമയമാറ്റം. പാലരുവി എക്സ്പ്രസ് 4.35ന് പകരം 5 മണിക്കായിരിക്കും കൊല്ലത്ത് എത്തുക. എറണാകുളത്ത് 8.52ന് പകരം 8.50ന് എത്തും. തിരിച്ചുളള സമയക്രമത്തിൽ മാറ്റമില്ല.