ബാണാസുരസാഗർ ഡാമിന്റെ ഷട്ടറുകൾ 45 സെന്റിമീറ്റർ കൂടി ഉയർത്തും; ജനങ്ങൾ ജാഗ്രത പാലിക്കണം
ജലനിരപ്പ് ഉയരുന്നതിനാൽ ബാണാസുരസാഗർ ഡാമിന്റെ ഷട്ടറുകൾ 45 സെന്റിമീറ്റർ കൂടി ഉയർത്തും. ഇന്ന് ഉച്ചക്ക് 2 മണി, 3 മണി, 3.30 മണി എന്നീ സമയങ്ങളിൽ 15 സെന്റിമീറ്റർ വീതം ഷട്ടർ ഉയർത്തി ആകെ 45 സെന്റിമീറ്റർ കൂടി അധികമായാണ് ഉയർത്തുക. നിലവിൽ 45 സെൻറീമീറ്റർ തുറന്നു സെക്കൻഡിൽ 37.50 കുബിക് മീറ്റർ വെള്ളമാണ് പുറത്തേക്കു ഒഴുക്കുന്നത്. ഇത് ആകെ 90 സെൻറീമീറ്റർ ആക്കുന്നതോടെ പുറത്തു വിടുന്ന ജലം സെക്കൻഡിൽ 75 കുബിക് മീറ്റർ ആയി വർധിക്കും. പുഴകളിൽ ജലനിരപ്പ് ഇപ്പോഴുള്ള അവസ്ഥയിൽ നിന്നും 60 സെന്റിമീറ്റർ കൂടി വർധിക്കുന്നതാണ്. ഈ സാഹചര്യത്തിൽ ബാണാസുരസാഗർ ഡാമിന്റെ താഴ്ഭാഗത്തുള്ള കരമാൻ തോട്, പനമരം പുഴ എന്നിവയുടെ ഇരുകരകളിലും വെള്ളം കയറാൻ സാധ്യതയുള്ള ഭാഗങ്ങളിൽ താമസിക്കുന്നവർ, മാറി താമസിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള നിർദ്ദേശം നൽകി.