Tuesday, April 15, 2025
Wayanad

കുടിയേറ്റ മേഖലകളായ മുള്ളൻകൊല്ലിയിലും പുൽപ്പള്ളിയിലും പര്യടനം നടത്തി ഐ സി ബാലകൃഷ്ണൻ

സുൽത്താൻ ബത്തേരി: രാവിലെ മുള്ളൻകൊല്ലിയിൽ നിന്നാരംഭിച്ച് രാത്രി വൈകി പുൽപ്പള്ളിയിൽ സമാപിച്ചു.

രാവിലെ മുള്ളൻകൊല്ലി ടൗണിലായിരുന്നു തുടക്കം. കച്ചവടക്കാരിലേറെയും പരിചയക്കാർ തന്നെയായിരുന്നു.കുടുബവിശേഷങ്ങൾ ചോദിച്ചും വോട്ടഭ്യർത്ഥിച്ചും നടന്നു നീങ്ങിയ സ്ഥാനാർത്ഥി ടാക്സി ഡ്രൈവർമാർക്കിടയിലേക്കുമെത്തി. ഇടക്ക് സ്വകാര്യ ബസിലിരുന്ന വോട്ടർ ക്ഷണിച്ചപ്പോൾ ബസിനുള്ളിൽ കയറിയും വോട്ടഭ്യർത്ഥന.തുടർന്ന് പട്ടാണിക്കുപ്പ് അങ്ങാടിയിൽ വോട്ടഭ്യർത്ഥന. പെരിക്കല്ലൂർ പള്ളി സന്ദർശനത്തിന് ശേഷം ടൗണിലേക്ക്. പിന്നെ കൂടെയുള്ളവരെയും കൂട്ടി പുഴക്കടവിലേക്ക്. കടത്തുകാരോടും അക്കരെ കടക്കാൻ കാത്ത് നിൽക്കുന്നവരോടും സ്നേഹപൂർവ്വമുള്ള വോട്ടഭ്യർത്ഥന. അക്കരക്ക് പോകാൻ ആളുകൾ കയറിയ തോണിയിൽ നിന്നും യാത്രക്കാർ തിരിച്ചിറങ്ങി സ്ഥാനാർത്ഥിക്കരികിലേക്ക് ചെല്ലാൻ ഒരുങ്ങിയപ്പോൾ വേണ്ടെന്ന് പറഞ്ഞ് തോണിയിൽ കയറിയും വോട്ടഭ്യർത്ഥന. തോണിയിൽ നിൽക്കുന്ന ഐ സി യെ മൊബൈലിൽ പകർത്താൻ ഒരുങ്ങിയവർക്ക് മുന്നിൽ ഫോട്ടോക്ക് പോസ് ചെയ്ത ശേഷം മടങ്ങി പെരിക്കല്ലൂരിൽ നിന്നും ഉച്ചഭക്ഷണം. മാടൽ, കബനി ഗിരി, സീതാമൗണ്ട്, കാപ്പിസെറ്റ്, വണ്ടിക്കടവ് എന്നിവിടങ്ങളിലുമെത്തിയതോടെ മുള്ളൻകൊല്ലിയിലെ ചെറു അങ്ങാടികളിൽ പോലും ഐ സി എത്തിയതിൻ്റെ സന്തോഷത്തിലായിരുന്നു പ്രാദേശിക ഭാരവാഹികൾ. പട്ടാണിക്കുപ്പ്മേലെ പാടിച്ചിറയിൽ ഇറങ്ങി വോട്ടർമാരെ കണ്ട ശേഷം പ്രദേശത്തെ മരണവീട് സന്ദർശനം.തുടർന്ന് ഇരുളത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടയിലേക്ക്.നൂറുദിന തൊഴിൽ ലഭിച്ചവരെയൊക്കെ അഭിനന്ദിച്ചും വോട്ടുറപ്പാക്കിയും കേണിച്ചിറയിലേക്ക്. കേളമംഗലത്തും സമീപത്തുമുള്ള തൊഴിലുറപ്പ് തൊഴിലാളികളെ സന്ദർശിച്ച ശേഷം സന്ധ്യയോടെ പുൽപ്പള്ളിയിലേക്ക്. കടകൾ കയറി ഇറങ്ങുന്നതിനിടയിൽ സ്ഥാനാർത്ഥിയെ കണ്ട് വഴിയാത്രക്കാർ പലരും അടുത്തെത്തി. എല്ലാവരോടും കൈകൂപ്പി വോട്ടഭ്യർത്ഥിച്ച ഐ സി ടാക്സി ഡ്രൈവർമാർക്കിടയിലുമെത്തി.

Leave a Reply

Your email address will not be published. Required fields are marked *