Thursday, January 9, 2025
Wayanad

അഞ്ച് വയസുകാരനോട് പിതാവിന്റെ ക്രൂരത; അടിച്ചും പൊള്ളലേല്‍പ്പിച്ചും മര്‍ദനം

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ അഞ്ച് വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദനം. ബത്തേരിയില്‍ ക്വാര്‍ട്ടേഴ്‌സില്‍ വാടകയ്ക്ക് താമസിക്കുന്ന മൈസൂരു ഉദയഗിരി സ്വദേശികളുടെ മകനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. കുട്ടിയുടെ കഴുത്തിനും കാലിനും വയറിലും അടികൊണ്ട പാടുകളുണ്ട്. പുറത്തും ജനനേന്ദ്രിയത്തിലും പൊള്ളിയ പാടുകളുമുണ്ട്.

ഇന്ന് രാവിലെ കുട്ടിയെ മാതാവ് ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. കഴുത്തിലെ പാടുകള്‍ കണ്ട് പരിശോധിച്ചപ്പോഴാണ് ക്രൂരമര്‍ദനത്തിന്റെ വിവരം പുറത്തുവരുന്നത്. കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്‌തെന്നും പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു. ജനനേന്ദ്രിയത്തില്‍ കറി ഒഴിച്ച് പൊള്ളലേല്‍പ്പിച്ചുവെന്നും ശരീരമാസകലം അടികൊണ്ട പാടുകളാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

വികൃതി കാണിച്ചതിന് കുട്ടിയെ പിതാവ് അടിക്കുകയായിരുന്നെന്നാണ് മാതാവ് പറയുന്നത്. മൂന്ന് ദിവസം മുന്‍പാണ് സംഭവം നടന്നത്. നിലവില്‍ കുട്ടിയെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ബത്തേരി പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരാണ് കേസെടുത്തിരിക്കുന്നത്. പെയിന്റ് തൊഴിലാളിയായ, കുട്ടിയുടെ പിതാവ് ഒളിവിലാണ്. സംഭവത്തില്‍ ചൈല്‍ഡ് ലൈനും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *