Monday, January 6, 2025
Kerala

‘വിഴിഞ്ഞം സമരം താത്ക്കാലികമായി നിര്‍ത്തിയത്’; പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ച് ലത്തീന്‍ അതിരൂപത

വിഴിഞ്ഞം തുറമുഖവിരുദ്ധ സമരം താത്കാലികമായാണ് നിര്‍ത്തിയതെന്ന് ലത്തീന്‍ അതിരൂപത. ആവശ്യങ്ങളില്‍ സര്‍ക്കാര്‍ ഉറപ്പുപാലിക്കുന്നത് വരെ സഭയുടെ ഇടപെടലുണ്ടാകുമെന്നും ലത്തീന്‍ അതിരൂപത മുന്നറിയിപ്പ് നല്‍കി. പളളികളില്‍ ഇന്ന് സര്‍ക്കുലര്‍ വായിച്ചു. വേണ്ടി വന്നാല്‍ ഇനിയുമൊരു സമരത്തിന് സജ്ജരായിരിക്കണമെന്ന ആഹ്വാനവും ലത്തീന്‍ സഭ നടത്തിയിട്ടുണ്ട്.

വിഴിഞ്ഞം തുറമുഖവിരുദ്ധ സമരത്തോടുളള സര്‍ക്കാര്‍ നിലപാടും സമരം നിര്‍ത്താനുണ്ടായ സാഹചര്യവും വിശദീകരിച്ചു കൊണ്ടാണ് ലത്തീന്‍ അതിരൂപതക്ക് കീഴിലുളള പള്ളികളില്‍ ഇന്ന് സര്‍ക്കുലര്‍ വായിച്ചത്. ഉന്നയിച്ച ആവശ്യങ്ങളില്‍ ആറുകാര്യങ്ങള്‍ ഭാഗികമായി മാത്രം അംഗീകരിച്ചിട്ടും സര്‍ക്കാര്‍ അവകാശ വാദങ്ങളുന്നയിക്കുന്നുവെന്ന് സര്‍ക്കുലര്‍ കുറ്റപ്പെടുത്തു.

ഗൂഡാലോചനയുടെ ഭാഗമായി എല്ലാവരുടെയും ഒത്താശയോടെയാണ് വിഴിഞ്ഞത്ത് അക്രമ സംഭവങ്ങളുണ്ടായത്. സമാധാനാന്തരീക്ഷത്തിന് മുന്‍തൂക്കം നല്‍കുന്നതിനാലും സമരത്തിന്റെ പേരില്‍ സംഘര്‍ഷം ആഗ്രഹിക്കാത്തത് കൊണ്ടുമാണ് സമരം അവസാനിപ്പിച്ചത്. താത്കാലികമായി മാത്രമാണ് സമരം അവസാനിപ്പിച്ചിട്ടുളളത്. ഇനിയും സമര സജ്ജരായിരിക്കണമെന്നും ലത്തീന്‍ അതിരൂപത ആഹ്വാനം ചെയ്തു.

സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ അംഗീകരിക്കുന്നത് വരെ വിഷയത്തില്‍ സഭയുടെ ഇടപെടല്‍ തുടരുമെന്നും ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോയുടെ പേരിലുളള സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

വിഴിഞ്ഞം സമരസമിതി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ച വിജയം കണ്ടതിനെ തുടര്‍ന്നാണ് ദിവസങ്ങളായി തുടര്‍ന്നു വന്ന വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായത്. അദാനിയും സര്‍ക്കാരും ചേര്‍ന്ന് കടല്‍ക്ഷോഭത്തില്‍ വീട് തകര്‍ന്നവര്‍ക്ക് 8000 രൂപ വാടകയായി നല്‍കാമെന്ന് ഉറപ്പു നല്‍കിയിട്ടും അദാനിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് പണം വേണ്ടെന്ന നിലപാടാണ് സമര സമിതി കൈക്കൊണ്ടത്. അദാനിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നുള്ള 2500 രൂപ വേണ്ടെന്നാണ് സമരസമിതി സര്‍ക്കാരിനെ അറിയിച്ചത്. ഇത് ഒഴികെയുള്ള 5500 രൂപയാകും വാടകയായി മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *