അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പിൽ 70 ലക്ഷം രൂപ സമ്മാനം ലഭിച്ചയാളെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്ത കേസിൽ 7 പേരെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു
കൽപ്പറ്റ : കേരള സർക്കാരിന്റെ അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പിൽ 70 ലക്ഷം രൂപ സമ്മാനം ലഭിച്ചയാളെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്ത കേസിൽ എറണാകുളം, തൃശൂർ, കോഴിക്കോട് സ്വദേശികളായ 7 പേരെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. വർഗീസ് ബോസ്(33 ) കുന്നംകുളം, ഗീവർ(48 ), എറണാകുളം, വിപിൻ ജോസ്(45 ), എറണാകുളം, സുരേഷ്(49 ), ഓമശ്ശേരി, കോഴിക്കോട്, വിഷ്ണു (23 ) പെരുമ്പാവൂർ, രാജിൻ (33) അങ്കമാലി, ടോജോ തോമസ്(22 )അങ്കമാലി എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ലോട്ടറി അടിച്ച സംഖ്യക്ക് ബാങ്ക് തരുന്നതിനേക്കാൾ കൂടുതൽ തുക നൽകാമെന്നു പറഞ്ഞു പ്രലോഭിപ്പിക്കുകയും ടിക്കറ്റ് നല്കാനാവശ്യപ്പെടുകയും ചെയ്തു. സമ്മാനം ലഭിച്ച പൊഴുതന സ്വദേശിയിൽ നിന്നുംകൂടുതൽ പണം നൽകാമെന്ന് പറഞ്ഞു ടിക്കറ്റ് കൈക്കലാക്കി. തിരിച്ചു ചോദിച്ചതോടെയാണ് മർദ്ദനമുണ്ടായത്. ദേശീയപാതയിൽ കെ എസ് ഇ ബി ഓഫീസിനു സമീപം വെച്ചായിരുന്നു സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു.