ആകാംക്ഷയോടെ കേരളം: ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം, സ്‌ട്രോംഗ് റൂമുകൾ തുറന്നു
കേരളം കാത്തിരിക്കുന്ന ജനവിധി ഇന്ന്. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. ഉച്ചയോടെ ഫലസൂചനകൾ വ്യക്തമാകും. കഴിഞ്ഞ ഒരു മാസത്തോളമായി സായുധ സേനയുടെ സുരക്ഷയിലായിരുന്ന സ്‌ട്രോംഗ് റൂമുകൾ പോളിംഗ് ഉദ്യോഗസ്ഥർ തുറക്കുകയാണ്. തുടർന്ന് ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങൾ കൗണ്ടിംഗ് ടേബിളുകളിലേക്ക് എത്തിക്കുന്നതോടെ വോട്ടെണ്ണൽ നടപടികൾ ആരംഭിക്കും
957 സ്ഥാനാർഥികൾ, 40,771 ബൂത്തുകൾ, രണ്ട് കോടിയിലധികം വോട്ടുകൾ, 50,496 ബാലറ്റ് യൂനിറ്റുകളും കൺട്രോൺ യൂനിറ്റുകളും 54,349 വിവിപാറ്റ് മെഷീനുകളുമാണ് ഇത്തവണ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചത്. എട്ട് മണിയോടെ തപാൽ വോട്ടുകൾ എണ്ണും. എട്ടരയോടെ വോട്ടിംഗ് യന്ത്രങ്ങൾ എണ്ണിത്തുടങ്ങും. ഒരു റൗണ്ടിൽ 21 ബൂത്തുകളാണ് എണ്ണുക
144 കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ് ഹാളുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെണ്ണാനായി സജ്ജീകരിച്ചിരിക്കുന്നത്. 527 ഹാളുകൾ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും 106 എണ്ണത്തിൽ തപാൽ ബാലറ്റുകളും എണ്ണും. കൊവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ചാകും വോട്ടെണ്ണൽ