Sunday, January 5, 2025
Wayanad

മർകസിൽ നിന്ന് ഒരേ ദിവസം സനദ് സ്വീകരിച്ച് ഉപ്പയും മകനും

സുൽത്താൻ ബത്തേരി: കാരന്തൂർ മര്കസുസ്സഖാഫത്തി സുന്നിയ്യയിൽ നിന്ന് ഒരുമിച്ച് സനദ് സ്വീകരിച്ച് പിതാവും മകനും. സുൽത്താൻ ബത്തേരി ഓടപ്പള്ളം സ്വദേശി അബ്ദുൽ ഖാദിർ സഖാഫി ‘മൗലവി ഫാളിൽ സഖാഫി’ സനദും മകൻ ഹാഫിള് ബിഷ്ർ ‘ഹിഫ്ള്’ സനദുമാണ് കഴിഞ്ഞ ദിവസം സ്വീകരിച്ചത്.
നേരത്തെ പൊന്മള മുഹ്‌യിദ്ദീൻ കുട്ടി ബാഖവിയുടെയും മറ്റും ദർസിൽ പഠനം നടത്തിയ അബ്ദുൽ ഖാദിർ സഖാഫി പ്രവാസ ലോകത്തേക്ക് പോകേണ്ടി വരികയും നാല് വർഷം മുമ്പ് പഠനലോകത്തേക്ക് തിരിച്ചെത്തുകയുമായിരുന്നു. മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നിന്നും ഖുർആൻ പൂർണമായും മനഃപഠമാക്കിയ ബിഷ്ർ ഇപ്പോൾ മർകസ് സാനവിയ്യയിലെ പ്ലസ് ടൂ വിദ്യാർഥിയാണ്.
അതോടൊപ്പം, അബ്ദുൽ ഖാദിർ സഖാഫിയുടെ മകൾ ഫാത്വിമ തസ്‌നീം മർകസ് ഹാദിയയിൽ നിന്ന് പഠനം പൂർത്തീകരിച്ചതും കഴിഞ്ഞ വർഷമാണ്. ഇവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം അടുത്ത ദിവസം നടക്കും. ഉപ്പയും മകനും ഒരുമിച്ച് സനദ് സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് ഓടപ്പള്ളത്തെ പൂവത്തിങ്കൽ വീട്. കേരള മുസ്‌ലിം ജമാഅത്ത് സുൽത്താൻ ബത്തേരി സോണ് ജനറൽ സെക്രട്ടറി ആയ അബ്ദുൽ ഖാദിർ സഖാഫി, സുൽത്താൻ ബത്തേരി മര്കസുദ്ദഅവയിലാണ് സേവനം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *