Tuesday, April 15, 2025
Wayanad

വയനാടെന്ന ആശയത്തെ തിരിച്ചുപിടിക്കണം: രാഹുല്‍ഗാന്ധി എം.പി

കല്‍പ്പറ്റ: ലോകത്തെ സുഗന്ധവിളകളുടെ തലസ്ഥാനമായിരുന്ന വയനാടെന്ന ആശയവും പ്രസക്തിയും തിരിച്ചുകൊണ്ടുവരണമെന്ന് രാഹുല്‍ഗാന്ധി എം.പി. രാജ്യത്തിനകത്തും പുറത്തും പ്രശസ്തമായിരുന്ന വയനാടിന്റെ ലോകോത്തര നിലവാരം തിരിച്ചുപിടിക്കണം. എന്നാല്‍ അഞ്ചുവര്‍ഷമായി നിരന്തരം ആവശ്യപ്പെട്ടിട്ടും വയനാടിന് സ്വന്തമായൊരു മെഡിക്കല്‍ കോളജ് പോലും അനുവദിക്കാതെ പകരം ബോര്‍ഡ് വെക്കുക മാത്രമാണ് നിലവിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കല്‍പ്പറ്റ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടി. സിദ്ദീഖിന്റെ പ്രചരണാര്‍ത്ഥം കല്‍പ്പറ്റ പുതിയ ബസ്റ്റാന്റില്‍ സംഘടിപ്പിച്ച യു.ഡി.എഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. *വേണ്ടത് ബോര്‍ഡല്ല, മെഡിക്കല്‍ കോളജ്* ജില്ലയുടെ ആരോഗ്യരംഗത്ത് വന്‍കുതിപ്പാവുമായിരുന്ന മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമാക്കുന്നതിന് പകരം, ആ പേരില്‍ ഒരു ബോര്‍ഡ് വെക്കുക മാത്രമാണ് ഇടതുസര്‍ക്കാര്‍ ചെയ്തത്. ബോര്‍ഡായിരുന്നു പ്രശ്നമെങ്കില്‍ ജില്ലയിലുടനീളം നൂറുകണക്കിന് ബോര്‍ഡുകള്‍ വെക്കാന്‍ യു.ഡി.എഫിനാവുമായിരുന്നു. ജില്ലക്ക് വേണ്ടത് ഗുരുതര രോഗികള്‍ക്കടക്കം വിദഗ്ധ ചികിത്സ ഉറപ്പാക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രിയായിരുന്നു. എന്നാല്‍ ഇടതു സര്‍ക്കാര്‍ അഞ്ചുവര്‍ഷക്കാലം ഭരിച്ചിട്ടും അത് യാഥാര്‍ത്ഥ്യമാക്കിയില്ല. *ബഫര്‍ സോണ്‍ പ്രതിസന്ധി* ബഫര്‍ സോണ്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ നിന്ന് ലഭിച്ച മറുപടി പ്രകാരം എല്‍.ഡി.എഫ് സര്‍ക്കാരില്‍ നിന്നുള്ള റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ബഫര്‍സോണ്‍ പ്രഖ്യാപനം ഉണ്ടായതെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. ജനങ്ങളെ ദുരിതത്തിലാക്കുന്ന ഒരു കാര്യത്തിലും സര്‍ക്കാരിന് ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനായില്ല. വന്യമൃഗശല്യം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും ഇടതുസര്‍ക്കാര്‍ നിലപാട് ഇതിന് സമാനമായിരുന്നു. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷത്തില്‍ പോലും വയനാടിനെ അവഗണിക്കുകയായിരുന്നു എല്‍.ഡി.എഫ് സര്‍ക്കാര്‍ *ഈ തെരഞ്ഞെടുപ്പ് അതിനിര്‍ണായകം* സാമ്പത്തിക രംഗം സ്തംഭിച്ചിരിക്കുകയും യുവജനങ്ങള്‍ക്ക് ജോലിയില്ലാതാവുകയും രാജ്യം പല വിഷയങ്ങളിലും ഭീഷണി നേരിടുകയും ചെയ്യുന്ന കാലത്ത് നടക്കുന്ന ഈ തെരഞ്ഞെടുപ്പ് അതിനിര്‍ണായകമാണ്. യഥാര്‍ത്ഥത്തില്‍ രണ്ട് തെരഞ്ഞെടുപ്പാണ് നമുക്ക് മുന്നിലുള്ളത്. ഒന്ന്, ജനദ്രോഹ നടപടി തുടരുന്ന സര്‍ക്കാരിനെതിരെയുള്ള തെരഞ്ഞെടുപ്പ്. അക്രമരാഷ്ട്രീയത്തെ പരാചയപ്പെടുത്തി സുസ്ഥിര വികസനം സാധ്യമാക്കുന്ന സര്‍ക്കാരാണ് തെരഞ്ഞെടുക്കപ്പെടേണ്ടത്. മറ്റൊന്ന് വയനാടിന്റെ ഭാവിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ്. വയനാടിന്റെ ഭാവിയെ നിര്‍ണയിക്കുന്ന അതിപ്രധാന ഘടകങ്ങളായ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, ബഫര്‍ സോണ്‍, മനുഷ്യ വന്യമൃഗ സംഘര്‍ഷം തുടങ്ങിയവയില്‍ ജനപക്ഷത്ത് നില്‍ക്കാനും പരിഹാരമുണ്ടാക്കാനും യു.ഡി.എഫിന് പരമാവധി വോട്ടുകള്‍ ഉറപ്പാക്കണം. *സുരക്ഷയുറപ്പാക്കാന് ന്യായ്* യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കേരളത്തിലും ന്യായ് പദ്ധതി നടപ്പാക്കും. അതോടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാസം ആറായിരം രൂപയും വര്‍ഷം 72000 രൂപയും യു.ഡി.എഫ് സര്‍ക്കാര്‍ ഉറപ്പാക്കും. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 72000 രൂപ വാര്‍ഷിക വരുമാനത്തില്‍ കുറവുള്ള ആരും കേരളത്തിലുണ്ടാവില്ല. മൂന്ന് പ്രധാന പ്രതിബന്ധങ്ങളെ ന്യായ്പദ്ധതി ഇല്ലാതാക്കും. ദാരിദ്ര്യം, തൊഴിലില്ലായ്മ, സാമ്പത്തിക സ്തംഭനം ഇവ മൂന്നിനും പരിഹാരമാവാന്‍ ന്യായ് പദ്ധതിക്ക് കഴിയും. *വയനാടിനെ മുന്നോട്ട് നയിക്കാന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണം* ജില്ലിയിലെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാവാന്‍ ജില്ലയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണം. മോദിയുടെ ക്രിമിനല്‍ നിയമങ്ങളുടെ ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍, ആരോഗ്യ സാമ്പത്തിക രംഗത്ത് പിന്നിലായിപ്പോയ ഗോത്രവിഭാഗങ്ങള്‍, ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന ജീവല്‍പ്രശ്നങ്ങള്‍, നാടിന്റെ വളര്‍ച്ച ഉറപ്പാക്കുന്ന വികസന പദ്ധതികള്‍ എന്നിവക്കെല്ലാം ജനപക്ഷത്ത് നില്‍ക്കാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പൊതുസമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ റസാഖ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. താരിഖ് അന്‍വര്‍, കെ.സി വേണുഗോപാല്‍, പി.പി.എ കരീം, എന്‍.ഡി അപ്പച്ചന്‍, വെറോണിക, കാന്താ നായിക്, കെ.കെ അഹമ്മദ് ഹാജി, കെ.എല്‍ പൗലോസ്, പി.ടി ഗോപാലക്കുറുപ്പ്, പി. ഇസ്മായില്‍ തുടങ്ങിയവര്‍ സംസാരിച്ചു. കണ്‍വീനര്‍ അഡ്വ. ടി.ജെ ഐസക് സ്വാഗതവും പി.പി ആലി നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *