Thursday, January 23, 2025
Top News

മുക്കുപണ്ടക്കേസ് പ്രതികളെ കണ്ട് സംശയം; പുറത്ത് വന്നത് മറ്റൊരു വമ്പന്‍ തട്ടിപ്പ്, യുവാവ് അറസ്റ്റില്‍

കൊല്ലം: കരുനാഗപ്പള്ളിയിൽ മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണം തട്ടിയെടുത്ത യുവാവ് പിടിയിൽ. കുലശേഖരപുരം ആദിനാട് വടക്ക് വവ്വാക്കാവ് അത്തിശ്ശേരിൽ വീട്ടിൽ ശ്യാംകുമാറിനെ(33)യാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. കഴിഞ്ഞ നവംബർ, ജനുവരി മാസങ്ങളിലാണ് ആദിനാട് ആലോചനമുക്കിനു സമീപത്തുള്ള സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ ശ്യാം കുമാറും കൂട്ടാളിയായ ഗുരുലാലും ചേർന്ന് മുക്കുപണ്ടം പണയം നൽകി പണം തട്ടിയത്.

42 ഗ്രാം മുക്കുപണ്ടം പണയം വെച്ച് 1,50,000 രൂപ ആണ് ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തത്. ജനുവരിയിൽ ആഡംബര വാഹനത്തിലെത്തി മറ്റൊരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ സംഭവത്തിൽ ഗുരുലാൽ ഉൾപ്പെട്ട സംഘത്തെ ചവറ പൊലീസ് പിടികൂടിയിരുന്നു. ഇതിന്‍റെ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് സംശയം തോന്നിയ ആദിനാട്ടുള്ള ധനകാര്യ സ്ഥാപനത്തിന്റെ മാനേജർ ഇവർ പണയംവെച്ച ആഭരണങ്ങൾ പരിശോധിച്ചത്.

തുടർന്നാണ് അവ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഗുരുലാലിനെ നേരത്തേ പൊലീസ് പിടികൂടിയിരുന്നു. പിന്നാലെയാണ് ശ്യാംകുമാറിനെയും പിടികൂടിയത്. സമാനരീതിയിൽ മറ്റു സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയതിന് ഇയാൾക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ ഷെമീർ, കലാധരൻ, ഷാജിമോൻ, സി.പി.ഒ. ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

തൃശൂർ കൊടകരയിൽ മുക്കുപണ്ടം പണയപ്പെടുത്തിയ കേസിൽ മുൻ ഡിവൈഎസ്പി അറസ്റ്റിലായത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. ചാലക്കുടി സ്വദേശിയായ മുൻ ഡിവൈഎസ്പി കെ.എസ്. വിജയനാണ് അറസ്റ്റിലായത്. സഹകരണ ബാങ്കിൽ നിന്ന് മുക്കുപണ്ടം പണയപ്പെടുത്തി 5.45 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.

­

Leave a Reply

Your email address will not be published. Required fields are marked *