പന്തളം സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ തട്ടിപ്പ്; പണയ സ്വര്‍ണം ജീവനക്കാരന്‍ മോഷ്ടിച്ചു
പന്തളം സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ തട്ടിപ്പ്. ബാങ്കിലെ ജീവനക്കാരനായ അര്‍ജുന്‍ പ്രമോദ് പണയ ഉരുപ്പടിയായി ബാങ്കില്‍ ഉണ്ടായിരുന്ന 70 പവന്‍ സ്വര്‍ണം ബാങ്കില്‍ നിന്ന് മോഷ്ടിച്ചു. മോഷ്ടിച്ച് സ്വര്‍ണം മറ്റൊരു ബാങ്കില്‍ പണയം വെച്ച് അര്‍ജുന്‍ ലോറുകളും ജെസിബിയും വാങ്ങി. സംഭവം ഒതുക്കി തീര്‍ക്കാനുള്ള ശ്രമം ട്വന്റിഫോര്‍ വാര്‍ത്തയാക്കിയതോടെ കോണ്‍ഗ്രസും ബിജെപിയും അടക്കം ബാങ്കിന് മുന്നില്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. ജീവനക്കാരന്‍ ബാങ്കിലെ സ്വര്‍ണം മോഷ്ടിച്ചിട്ടും ഇതുവരെ പരാതി നല്‍കാന്‍ ഭരണസമിതി തയ്യാറായിട്ടില്ല.
സിപിഎം ഭരണസമിതി നേതൃത്വം നല്‍കുന്ന പന്തളം സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായ അര്‍ജുന്‍ പ്രമോദ് ആണ് ബാങ്കില്‍ പണയ ഉരുപ്പടിയായി സൂക്ഷിച്ചിരുന്ന സ്വര്‍ണം മോഷ്ടിച്ച് മറ്റൊരു ബാങ്കില്‍ പണയം വച്ചത്. പണയം വെച്ച് സ്വര്‍ണം തിരിച്ചെടുക്കാന്‍ ഉടമ എത്തിയപ്പോള്‍ സ്വര്‍ണം ബാങ്കില്‍ കാണാതായതോടെയാണ് വിവരം ജീവനക്കാര്‍ അറിയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 70 പവന്‍ സ്വര്‍ണം മോഷണം പോയതായി കണ്ടെത്തി.സിസിടിവി പരിശോധനയില്‍ അര്‍ജുന്‍ സ്വര്‍ണം എടുത്തുകൊണ്ട് പോകുന്നതും ജീവനക്കാര്‍ തന്നെ കണ്ടെത്തി. എന്നാല്‍ വിവരം പുറത്തറിയാതെ ഒതുക്കി തീര്‍ക്കാനാണ് ബാങ്ക് ഭരണസമിതി ശ്രമിച്ചത്.
ഇന്നലെ രാത്രി ബാങ്ക് ജീവനക്കാരെ മുഴുവന്‍ വിളിച്ചുവരുത്തിയശേഷം അര്‍ജുന്റെ ബന്ധുക്കളുടെ കയ്യില്‍ നിന്ന് 35 സ്വര്‍ണം പകരമായി ബാങ്കില്‍ വയ്പ്പിച്ചു. നാളെ രാവിലെ 11 മണിക്ക് മുമ്പ് ബാക്കി സ്വര്‍ണം നല്‍കാമെന്ന് രേഖാമൂലം എഴുതി വാങ്ങുകയും ചെയ്തു. ബാങ്കിലെ പണിയൂരിപ്പടി ജീവനക്കാരന്‍ മോഷ്ടിച്ചത് അറിഞ്ഞിട്ടും പൊലീസില്‍ പരാതി നല്‍കാനും ബാങ്ക് അധികൃതര്‍ തയ്യാറായിരുന്നില്ല.
പന്തളം സിഐ അടക്കമുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഒത്തുതീര്‍പ്പ് നടന്നത്. അര്‍ജുന്‍ പ്രമോദ് ബാങ്കില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണം മറ്റൊരു ബാങ്കില്‍ പണയം വെച്ചിരിക്കുകയാണ്. ഈ സ്വര്‍ണം പൊലീസ് തൊണ്ടിമുതലായി കണ്ടുകിട്ടുകയും അര്‍ജുനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സഹകരണ ബാങ്കില്‍ നടന്ന ക്രമക്കേടായതിനാല്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സ്ഥലത്ത് എത്തി ബാങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യം ഉന്നയിച്ചു.