ഓക്‌സിജന്‍ എക്‌സ്പ്രസുകള്‍ പാഞ്ഞെത്തിയത് 15 സംസ്ഥാനങ്ങളില്‍; കോവിഡ് പ്രതിരോധത്തിന് റെയില്‍വേയുടെ പിന്തുണ
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് തടസമില്ലാതെ മെഡിക്കല്‍ ഓക്‌സിജന്‍ എത്തിച്ച് ഇന്ത്യന്‍ റെയില്‍വേ. ഇതുവരെ 15 സംസ്ഥാനങ്ങളിലേക്ക് 1,162 ടാങ്കറുകളിലായി 19,408 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനാണ് ഇന്ത്യന്‍ റെയില്‍വേ വിതരണം ചെയ്തത്.
കേരളത്തിലെ എറണാകുളം (380 മെട്രിക് ടണ്‍) ഉള്‍പ്പെടെ രാജ്യത്തെ 15 സംസ്ഥാനങ്ങളിലെ 39 നഗരങ്ങളിലെയും പട്ടണങ്ങളിലെയും 41 സ്‌റ്റേഷനുകളില്‍ ഓക്‌സിജന്‍ എക്‌സ്പ്രസുകള്‍ ഓക്‌സിജന്‍ വിതരണം ചെയ്തു. 289 ഓക്‌സിജന്‍ എക്‌സ്പ്രസുകളാണ് ഇതുവരെ യാത്ര പൂര്‍ത്തിയാക്കിയത്. ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ കൊണ്ടുവരുന്നതിനായി സംസ്ഥാനങ്ങളാണ് ഇന്ത്യന്‍ റെയില്‍വേയ്ക്ക് ടാങ്കറുകള്‍ നല്‍കുന്നത്.
ദീര്‍ഘ ദൂര യാത്രയില്‍ ശരാശരി 55 കിലോ മീറ്ററിലധികം വേഗതയില്‍ സഞ്ചരിച്ചാണ് ട്രെയിനുകള്‍ ഓക്‌സിജന്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുന്നത്. ഉയര്‍ന്ന മുന്‍ഗണനയുള്ള ഗ്രീന്‍ കോറിഡോറിലൂടെ യാത്ര ചെയുന്ന ഈ ട്രെയിനുകള്‍ക്ക് വിവിധ വിഭാഗങ്ങളിലെ ക്രൂ മാറ്റങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ള സാങ്കേതിക സ്‌റ്റോപ്പേജുകള്‍ 1 മിനിറ്റായി കുറച്ചിരുന്നു.