സ്പാം മെസേജുകള്‍ക്ക് സ്റ്റോപ്പ്; വാട്‌സ്ആപ്പില്‍ കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍
കുടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കള്‍ക്കാണ് ഇത് ലഭ്യമാകുക. ഉപയോക്തക്കള്‍ക്ക് നിരന്തരം സ്പാം സന്ദേശങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിച്ചത്. ഇനി മുതല്‍ പുതിയ സ്‌ക്രീനില്‍ ആയിരിക്കും അപരിചിതമായ നമ്പറുകളില്‍ നിന്ന് വാട്‌സ്ആപ്പില്‍ വരുന്ന മെസേജുകള്‍ കാണിക്കുക.
കൂടാതെ ഇത്തരം മെസേജുകള്‍ വരുന്ന നമ്പറുകള്‍ ബ്ലോക്ക് ചെയ്യാനോ മോഡറേഷന്‍ ടീമിന് റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്യാം. കൂടാതെ ഇങ്ങനെ മെസേജുകള്‍ എത്തിയാല്‍ പ്രൊഫൈല്‍ നെയിമും, പ്രൊഫൈല്‍ ഫോട്ടോയും ഫോണ്‍ നമ്പറിന്റെ കണ്‍ട്രി കോഡും ശ്രദ്ധിക്കണമെന്ന നിര്‍ദേശവും വാട്സ്ആപ്പ് നല്‍കും. നമ്പര്‍ സേവ് ചെയ്യാത്തതിനാല്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ ഉപയോക്താവ് വായിച്ചാലും ബ്ലൂടിക്ക് ലഭിക്കില്ല.
അപരിചിതമായ നമ്പറില്‍ നിന്ന് വാട്സാപ്പില്‍ സന്ദേശം ലഭിക്കുമ്പോള്‍ നിങ്ങള്‍ അതിന് മറുപടി അയച്ചാല്‍ മാത്രമേ സന്ദേശം വായിച്ചതായുള്ള ബ്ലൂ ടിക്ക് അയച്ചയാള്‍ക്ക് ലഭിക്കുകയുള്ളൂ. ആന്‍ഡ്രോയ്ഡ് ബീറ്റ ഉപയോക്താക്കള്‍ക്ക് ഈ സൗകര്യം ലഭിച്ചു തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ ആളുകളിലേക്ക് വരും ദിവസങ്ങളില്‍ ഈ ഫീച്ചര്‍ എത്തും.