Saturday, April 12, 2025
Top News

വാട്‌സ് ആപ്പില്‍ വിപ്ലവകരമായ മാറ്റവുമായി മൂന്ന് ഫീച്ചറുകൾ എത്തുന്നു

സാന്‍ഫ്രാന്‍സിസ്‌കോ: വാട്ട്സ്ആപ്പില്‍ ഏറ്റവും പുതിയ മൂന്ന് ഫീച്ചറുകള്‍ എത്തുന്നു. നേരത്തെ തന്നെ ഫേസ്ബുക്ക് ഉടമസ്ഥരായ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് സ്ഥിരീകരിച്ച ഈ ഫീച്ചറുകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ വാട്ട്സ്ആപ്പ് തലവന്‍ വില്‍ കാത്ത്കാര്‍ട്ടിനെ ഉദ്ധരിച്ച് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പുറത്തുവിട്ടു.

ഇപ്പോള്‍ ഗ്രൂപ്പിലും മറ്റും നിങ്ങള്‍ക്ക് അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കും. എന്നാല്‍ ഒരാഴ്ചയാണ് ഇതിന് വാട്ട്സ്ആപ്പ് നല്‍കുന്ന കാലാവധി. എന്നാല്‍ ഇത് മാറ്റി നിങ്ങള്‍ക്ക് നിശ്ചയിക്കുന്ന സമയത്തേക്ക് എല്ലാ ചാറ്റിലും സന്ദേശം അയക്കാവുന്ന ‘ഡിസപ്പിയറിംഗ് മോഡ്’ ഉടന്‍ തന്നെ വാട്ട്സ്ആപ്പില്‍ ലഭ്യമാകും എന്നാണ് ഒരു പ്രത്യേകത.

‘വ്യൂ വണ്‍സ്’ എന്നതാണ് മറ്റൊരു പ്രത്യേകത, ഇത് പ്രകാരം ഒരു സന്ദേശം ഒരു വ്യക്തിക്ക് അയച്ചാല്‍ അത് ഒരു തവണ ആ വ്യക്തിക്ക് കാണാം. ടെക്സ്റ്റ് ആയാലും, വീഡിയോ ആയാലും, ഓഡിയോ ആയാലും അതിന് ശേഷം അത് ഡിലീറ്റായി പോകും.

മറ്റൊരു പ്രധാന പ്രത്യേകത ഒരു വാട്ട്സ്ആപ്പ് അക്കൗണ്ട് രണ്ടിലധികം ഡിവൈസുകളില്‍ തുറക്കാം എന്നതാണ്. നേരത്തെ തന്നെ പ്രഖ്യാപിച്ചതും ലോകത്തിലെ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതുമാണ് ഈ ഫീച്ചര്‍. ഇത് അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഉപയോക്താക്കളെ തേടിയെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ വാട്ട്സ്ആപ്പ് ഒരു ഫോണിലും, അതിന്റെ വെബ് അക്കൗണ്ട് ലാപ്ടോപ്പിലോ, ഡെസ്‌ക് ടോപ്പിലോ തുറക്കാനെ സാധിക്കൂ. ഇതിന് പരിഹാരമായി 4 ഡിവൈസുകളില്‍ ഒരേ സമയം അക്കൗണ്ട് തുറക്കാം എന്നാണ് ഇതിന്റെ പ്രത്യേകത.

ആദ്യഘട്ടത്തില്‍ ഈ പ്രത്യേകത ഐഒഎസ് ഉപയോക്താക്കള്‍ക്കായിരിക്കും ലഭിക്കുക എന്നാണ് വാട്ട്സ്ആപ്പ് മേധാവി പറയുന്നത്. എന്തായാലും വാട്ട്സ്ആപ്പ് ഉപയോഗത്തില്‍ വിപ്ലവകരമായ മാറ്റമായിരിക്കും പുതിയ ഫീച്ചറുകള്‍ വരുത്തുക.

Leave a Reply

Your email address will not be published. Required fields are marked *