പ്രഭാത വാർത്തകൾ
🔳കാലാവസ്ഥാ വ്യതിയാനം ഇതേ നിലയില്‍ തുടര്‍ന്നാല്‍, അതിവേഗം ഇന്ത്യയും കാലാവസ്ഥാ അഭയാര്‍ത്ഥികളുടെ നാടാവുമെന്ന് മുന്നറിയിപ്പ്. വരള്‍ച്ച, പ്രളയം, ഉഷ്ണതരംഗം എന്നിങ്ങനെ കാലാവസ്ഥയിലുണ്ടാവുന്ന തീവ്രമായ മാറ്റങ്ങള്‍ ഇവിടെയും അഭയാര്‍ത്ഥികളെ സൃഷ്ടിക്കുമെന്നാണ് ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍വയണ്‍മെന്റ് ആന്റ് ഡവലപ്‌മെന്റ് നടത്തിയ പഠനം മുന്നറിയിപ്പ് നല്‍കുന്നത്. ദരിദ്രര്‍ നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വരുമെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്.
🔳കോവിഡ് വാക്‌സിനേഷന്‍ 100 കോടി ഡോസ് പിന്നിട്ടതിന് പിന്നാലെ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ. സമയപരിധി അവസാനിച്ചിട്ടും വാക്സിന്‍ രണ്ടാം ഡോസ് എടുക്കാത്തവരിലും ഇനിയും ആദ്യ ഡോസ് വാക്‌സിനെടുക്കാത്തവരിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള നിര്‍ദേശം നല്‍കുന്നതിനാണ് യോഗം. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ ഇന്നാണ് യോഗം. സമയപരിധി കഴിഞ്ഞിട്ടും 11 കോടിയോളം ആളുകള്‍ ഇതുവരെ സെക്കന്‍ഡ് ഡോസ് വാക്‌സിന്‍ എടുത്തിട്ടില്ലെന്നാണ് വിവരം. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ യഥേഷ്ടം ലഭ്യമായിരിക്കുമ്പോഴാണ് ആളുകള്‍ ഈ വിമുഖത കാണിക്കുന്നതെന്നാണ് ആശങ്കപ്പെടുത്തുന്നത്.
🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 13,472 കോവിഡ് രോഗികളില്‍ 7,163 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 584 മരണങ്ങളില്‍ 482 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 341 മരണങ്ങളും, സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 51 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ 1,56,337 സജീവരോഗികളില്‍ 74,529 രോഗികളും കേരളത്തിലാണുള്ളത്.
🔳ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്നത് സംബന്ധിച്ച തീരുമാനം ഉടനെയെന്ന് ലോകാരോഗ്യ സംഘടന. സാങ്കേതിക വിദഗ്ധ സമിതി കൊവാക്സിന്‍ അനുമതി നല്‍കുന്നത് സംബന്ധിച്ച് പരിശോധന നടത്തുകയാണെന്ന് ഡബ്യു എച്ച് ഒ വക്താവ് മാര്‍ഗരറ്റ് ഹാരിസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാക്സിന് ഉടന്‍ അംഗീകാരം ലഭിച്ചേക്കുമെന്നും അടിയന്തര ഉപയോഗത്തിനായിരിക്കും വാക്സിന് അനുമതി ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.രേഖകള്‍ കൃത്യമായി സമര്‍പ്പിക്കപ്പെടുകയും വിദഗ്ധസമിതിക്ക് തൃപ്തികരമാവുകും ചെയ്താല്‍ 24 മണിക്കൂറില്‍ അംഗീകാരം ലഭിക്കുമെന്നും ഡബ്ല്യൂ എച്ച ഒ വക്താവ് അറിയിച്ചു.
🔳കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച മന്ത്രിതല യോഗം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ചേരും. ഗതാഗത മന്ത്രി ആന്റണി രാജു, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ശമ്പള പരിഷ്‌കരണം അനിശ്ചിതമായി വൈകുന്നതില്‍ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകള്‍ നവംബര്‍ അഞ്ചിന് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യോഗം ചേരുന്നത്. ചാര്‍ജ് വര്‍ദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ നവംബര്‍ ഒമ്പത് മുതല്‍ സര്‍വ്വീസ് നിര്‍ത്തിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യവും യോഗം ചര്‍ച്ച ചെയ്യും.
🔳കെ റെയിലിനെതിരെ വിവിധ സംഘടനകളുടെ സംയുക്ത സെക്രട്ടേറിയേറ്റ് മാര്‍ച്ച് ഇന്ന്. സംസ്ഥാന കെ റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ച് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തുടങ്ങി നിരവധി നേതാക്കള്‍ സമരത്തില്‍ പങ്കെടുക്കും. പ്രകടനത്തില്‍ 11 ജില്ലകളില്‍ നിന്നുമുള്ള കുടിയിറക്കപ്പെടുന്നവരുമുണ്ടാകും.
*അമല ബിഎംടി യൂണിറ്റ്*
അമല ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ബോണ്‍മാരോ ട്രാന്‍സ്‌പ്ലേന്റേഷന്‍ യൂണിറ്റിന് തുടക്കമായി. രക്താര്‍ബുദത്തിനും രക്തസംബന്ധമായ രോഗങ്ങള്‍ക്കും ശാശ്വത പരിഹാരം കാണുന്നതിനായി ആരംഭിച്ച ബോണ്‍മാരോ ട്രാന്‍സ്‌പ്ലേന്റേഷന്‍ യൂണിറ്റിന് ഒക്ടോബര്‍ 14-ാം തിയ്യതി അഭിവന്ദ്യ തൃശൂര്‍ അതിരൂപതാ മെത്രാപൊലീത്താ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആശിര്‍വാദ കര്‍മ്മം നിര്‍വഹിച്ചു. ഒക്ടോബര്‍ 15-ാം തിയ്യതി ബഹുമാനപ്പെട്ട റവന്യൂ മന്ത്രി അഡ്വ.കെ.രാജന്‍ ബിഎംടി യൂണിറ്റ് സമുച്ചയം ഉദ്ഘാടനം നിര്‍വഹിച്ചു.
➖➖➖➖➖➖➖➖
🔳വയനാട്ടില്‍ മാവോവാദി കീഴടങ്ങിയതായി പൊലീസ്. കബനി ദളത്തിലെ ഡെപ്യൂട്ടി കമാന്‍ഡന്റായിരുന്ന ലിജേഷ് എന്ന രാമു രമണയാണ് കീഴടങ്ങിയതെന്ന് കോഴിക്കോട് നോര്‍ത്ത് സോണ്‍ ഐജി അശോക് യാദവ് മാധ്യമങ്ങളെ അറിയിച്ചു. കേരള സര്‍ക്കാരിന്റെ മാവോയിസ്റ്റ് പുനരധിവാസ പാക്കേജ് പ്രകാരമുള്ള ആദ്യ കീഴടങ്ങലാണിത്. മാവോയിസ്റ്റ് ആശയങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടെന്ന് ലിജേഷ് പറഞ്ഞു.
🔳മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 138 അടിയില്‍ നിലനിര്‍ത്തുന്നതിന് തമിഴ്‌നാട് സമ്മതിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഡാമിലെ വെള്ളം 138 അടിയെത്തിയാല്‍ സ്പില്‍വേ വഴി വെള്ളം ഒഴുക്കിവിടാം എന്ന് ഇന്നലെ നടന്ന ഉന്നതതല സമിതി യോഗത്തില്‍ തമിഴ്‌നാട് സമ്മതിച്ചതായി മന്ത്രി പറഞ്ഞു. ഇന്നലെ ചേര്‍ന്ന ഉന്നതതല സമിതി യോഗം സംബന്ധിച്ച് വിശദീകരിക്കുന്നതിന് നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
🔳അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെയും അജിത്തിന്റെയും മൊഴി ഇന്ന് രേഖപ്പെടുത്തും. അന്വേഷണ ഉദ്യോഗസ്ഥയായ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടിവി അനുപമയുടെ മുന്നില്‍ ഇന്ന് വൈകീട്ട് നാല് മണിക്ക് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കുട്ടിയെ കിട്ടാന്‍ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി കിട്ടിയ രസീതുകളും മറ്റ് രേഖകളും ഹാജരാക്കാനും നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് അനുപമയില്‍ നിന്ന് ശിശുവികസനവകുപ്പ് വിവരങ്ങള്‍ തേടുന്നത്.
🔳നഗരസഭ മേയര്‍ ആര്യ രാജേന്ദ്രന് എതിരെ വിവാദ പരാമര്‍ശം നടത്തിയ കെ മുരളീധരന്‍ എംപിക്ക് എതിരെ മ്യൂസിയം പോലിസ് കേസെടുത്തു. ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. നികുതിവെട്ടിപ്പില്‍ പ്രതിഷേധിച്ച് കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയാണ് കെ മുരളീധരന്‍ എംപി മേയര്‍ക്കെതിരെ പരാമര്‍ശം നടത്തിയത്. ആര്യ രാജേന്ദ്രനെ കാണാന്‍ ഭംഗിയുണ്ടെങ്കിലും വായില്‍ നിന്ന് വരുന്നത് ഭരണപ്പാട്ടിനേക്കാള്‍ ഭീകരമായ വാക്കുകള്‍ ആണെന്നായിരുന്നു മുരളീധരന്റെ ആക്ഷേപം.
🔳ആര്യാ രാജേന്ദ്രന്‍ വിഷയത്തില്‍ കെ മുരളീധരന്‍ എംപിക്കെതിരെ രൂക്ഷപ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം. ആര്യ കടന്നുവന്നത് സമരങ്ങളിലൂടെയും, സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെയുമാണെന്നും സ്വന്തമായി ഇപ്പോഴും ഒരു വീടുപോലുമില്ലാത്ത, ബുദ്ധിമുട്ടുകള്‍ നിറഞ്ഞ ജീവിത വഴികളിലൂടെയാണ് ആര്യയുടെ യാത്രയെന്നും കെ മുരളീധരനെപ്പോലെ കമ്മിറ്റിക്കിടെ അച്ഛന്‍ മൂത്രമൊഴിക്കാന്‍ പോയപ്പോള്‍ നേതാവായി വന്നതുമല്ലെന്നും പറഞ്ഞ റഹീം മുരളീധരനെ നിലയ്ക്ക് നിര്‍ത്താന്‍ പുതിയ ‘സെമികേഡര്‍ പാര്‍ട്ടി’യില്‍ ആരുമില്ലേയെന്നും ചോദിച്ചു.
🔳ആര്യാ രാജേന്ദ്രനെതിരെ വിവാദ പരാമര്‍ശം നടത്തിയ കെ.മുരളീധരനെതിരെ കേസെടുത്ത പശ്ചാത്തലത്തില്‍ വ്യത്യസ്ത അഭിപ്രായവുമായി ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. രമ്യഹരിദാസിനും, കെ.കെ.രമ എംഎല്‍എയ്ക്കും, എംജി യൂണിവേഴ്സിറ്റിലെ എഐഎസ്എഫ് വനിതാ നേതാവിനും വാളയാറിലെ അമ്മയ്ക്കും ഒരു നീതി. മേയര്‍ ആര്യാ രാജേന്ദ്രനും സിപിഐഎം അംഗങ്ങള്‍ക്കും പാര്‍ട്ടിയെ പുകഴ്ത്തിയും അനുകൂലിച്ചും പാര്‍ട്ടിയുടെ നെറികേടുകള്‍ക്ക് മൗനം പാലിക്കുകയും ചെയ്യുന്ന വനിതകള്‍ക്ക് മറ്റൊരു നീതിയും. കേരളം ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ്.. പാര്‍ട്ടിയുടെ, കൊടിയുടെ നിറം നോക്കിയാണ് നീതി എന്നാണ് രമ്യാ ഹരിദാസ് ആരോപിക്കുന്നത്.
🔳ഓര്‍ത്തഡോക്സ്- യാക്കോബായ പള്ളിത്തര്‍ക്ക കേസുകളില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. നിയമപോരാട്ടം അവസാനിക്കരുതെന്നാണ് ചിലരുടെ നിലപാടെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഹൈക്കോടതിയ്ക്കെതിരെ ചെളിവാരിയെറിഞ്ഞ് ആളാകാനാണ് ഇത്തരക്കാരുടെ ശ്രമം. കേസ് പരിഗണിക്കുന്ന ജഡ്ജിമാരെ ഭയപ്പെടുത്തി പിന്‍മാറ്റിക്കുവാനാണ് ശ്രമിക്കുന്നതെന്നും എന്ത് സംഭവിച്ചാലും കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.
🔳സിറോ മലബാര്‍ സഭയില്‍ കുര്‍ബാന ഏകീകരണം നടപ്പാക്കാനുള്ള സിനഡ് തീരുമാനത്തിനെതിരെ വീണ്ടും എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍. സിനഡ് തീരുമാനം ചതിയിലൂടെ നടപ്പാക്കിയതാണെന്നും തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്നും വൈദികര്‍ കൊച്ചിയില്‍ യോഗം ചേര്‍ന്ന് പ്രമേയം പാസാക്കി. നവംബര്‍ അവസാന വാരം മുതല്‍ പരിഷ്‌കരിച്ച ആരാധനാക്രമം നടപ്പാക്കാനാണ് സിനഡ് സര്‍ക്കുലര്‍.
🔳ഇന്ധന വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. നവംബര്‍ 9 മുതലാണ് അനിശ്ചിത കാല സമരം. ഇതുസംബന്ധിച്ച് ബസുടമകള്‍ ഗതാഗത മന്ത്രിക്ക് നോട്ടീസ് നല്‍കി. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നും വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് 6 രൂപയാക്കണമെന്നതുമാണ് പ്രധാന ആവശ്യങ്ങള്‍. കൊവിഡ് കാലം കഴിയുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമിതി ആവശ്യപെട്ടു.
🔳ബസുടമകളുടെ സമരം മുഖ്യമന്ത്രി വിളിച്ച ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ഉടമകളുമായും ഇക്കാര്യത്തില്‍ ചര്‍ച്ചയുണ്ടാവും. ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന് പറഞ്ഞ മന്ത്രി പക്ഷേ സ്‌കൂള്‍ തുറക്കുന്ന സമയത്ത് സമരം പ്രഖ്യാപിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും വ്യക്തമാക്കി. കൊവിഡ് പശ്ചാത്തലത്തില്‍ ചാര്‍ജ്ജ് വര്‍ധന എന്ന ആവശ്യം എത്രത്തോളം നടപ്പാക്കാന്‍ ആകുമെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.
🔳എസ്എഫ്ഐയില്‍ ക്രിമിനലുകളുടെ എണ്ണം കൂടുന്നുവെന്ന് എഐഎസ്എഫ്. സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ട് ഇക്കാര്യങ്ങള്‍ തിരുത്തണമെന്ന് കൊച്ചിയില്‍ നടന്ന ജനാധിപത്യ സംരക്ഷണ സംഗമത്തില്‍ സംഘടന ആവശ്യപ്പെട്ടു. എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ പരാതി ഉന്നയിച്ച വനിതാ നേതാവും പരിപാടിയില്‍ പങ്കെടുത്തു.
🔳കൊണ്ടോട്ടിക്കടുത്ത് കൊട്ടൂക്കരയില്‍ പട്ടാപ്പകല്‍ 21-കാരിയെ ക്രൂരമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പത്താംക്ലാസുകാരന്‍ പോലീസിന്റെ പിടിയിലായി. കൊണ്ടോട്ടി സ്വദേശിതന്നെയായ പതിനഞ്ചുകാരനെയാണ് 24 മണിക്കൂറിനകം പോലീസ് പിടികൂടിയത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി മലപ്പുറം ജില്ലാ പോലീസ് ചീഫ് എസ്. സുജിത് ദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
🔳2020-ലെ കലാമണ്ഡലം ഫെലോഷിപ്പുകളും അവാര്‍ഡ്-എന്‍ഡോവ്‌മെന്റുകളും പ്രഖ്യാപിച്ചു. അമ്മന്നൂര്‍ പരമേശ്വരന്‍ ചാക്യാര്‍ക്കും ചേര്‍ത്തല തങ്കപ്പ പണിക്കര്‍ക്കുമാണ് ഫെലോഷിപ്പുകള്‍. 50000 രൂപയും കീര്‍ത്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഫെലോഷിപ്പ്.
🔳കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള 13 വിമാനത്താവളങ്ങളുടെ നടത്തിപ്പ് കൂടി സ്വകാര്യമേഖലയ്ക്ക് നല്‍കാന്‍ തീരുമാനം. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ കൈമാറ്റ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ ഉദ്ദേശിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടിക എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യ, കേന്ദ്രസര്‍ക്കാരിന് കൈമാറി.
🔳തമിഴ്‌നാട്ടില്‍ പടക്കക്കടയില്‍ തീപിടിച്ചുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചു പേര്‍ മരിച്ചു. കല്ലാകുറിച്ചി ജില്ലയിലെ ശങ്കരപുരത്തുള്ള പടക്കശാലയിലാണ് അപകടം നടന്നത്. നിരവധി പേര്‍ക്ക് ഗുരതരമായി പരിക്കേറ്റിട്ടുണ്ട്.
🔳ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ശ്രമിക്കുന്നതായി നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ആരോപിച്ചു. കേസില്‍ എന്‍സിബി കസ്റ്റഡിയിലുള്ള ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ പുറത്തിറങ്ങിയാല്‍ തെളിവുകള്‍ ഇല്ലാതാക്കുമെന്നും ആര്യന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് എന്‍സിബി കോടതിയില്‍ വാദിച്ചു. കേസിലെ സാക്ഷിയുടെ വിവാദ വെളിപ്പെടുത്തലടക്കം ചൂണ്ടിക്കാട്ടി കേസ് അട്ടിമറിക്കാന്‍ ഷാരൂഖ് ഖാന്‍ ശ്രമിക്കുന്നുവെന്നാണ് എന്‍സിബി ആരോപണം. അതേസമയം ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ബോംബെ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും.
🔳മയക്കുമരുന്ന കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണങ്ങള്‍ നിഷേധിച്ച് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍. കേസിലെ സാക്ഷികളുമായി തനിക്ക് ഒരു ബന്ധവുമില്ല. ആരെയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല. പണം നല്‍കി ഒത്തുതീര്‍പ്പിന് ശ്രമം ഉണ്ടായെന്ന ആരോപണവും ആര്യന്‍ ഖാന്‍ നിഷേധിച്ചു.
🔳ഷാരുഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡയെ ഇന്ന് വിജിലന്‍സ് ചോദ്യം ചെയ്യും. സമീറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പേര് വെളിപ്പെടുത്താത്ത ഒരു എന്‍സിബി ഉദ്യോഗസ്ഥന്‍ എഴുതിയ കത്ത് ഇന്നലെ പുറത്ത് വന്നിരുന്നു. ആര്യന്‍ ഖാനില്‍ നിന്ന് പിടിച്ച ലഹരി മരുന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ തന്നെ കൊണ്ടു വച്ചതെന്നാണ് വെളിപ്പെടുത്തല്‍ വന്നിട്ടുള്ളത്.
🔳നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടറായ സമീര്‍ വാംഖഡെ ആത്മാര്‍ഥതയുള്ള ഉദ്യോഗസ്ഥനാണെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന് ശത്രുക്കളുണ്ടാകുന്നതെന്നും സമീര്‍ വാംഖഡെയുടെ ഭാര്യയും നടിയുമായ ക്രാന്തി രേദ്കര്‍. സമീര്‍ വാംഖഡെയ്‌ക്കെതിരായ കൈക്കൂലി ആരോപണത്തില്‍ യാതൊരു തെളിവുമില്ലെന്നും അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടെന്നും ക്രാന്തി രേദ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ഭര്‍ത്താവ് തെറ്റുകാരനല്ലെന്നും ഇതൊന്നും തങ്ങള്‍ പൊറുക്കുകയുമില്ലെന്നും സമീര്‍ വാംഖഡെയെ എന്‍.സി.ബി. സോണല്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റുകയാണെങ്കില്‍ പലര്‍ക്കും പ്രയോജനമുണ്ടാകുമെന്നും അതിനുവേണ്ടിയാണ് ഈ ആരോപണങ്ങളെന്നും ക്രാന്തി രേദ്കര്‍ പറഞ്ഞു.
🔳പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഇന്ന് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും. പഞ്ചാബ് ലോക് കോണ്‍ഗ്രസെന്നാകും പാര്‍ട്ടിയുടെ പേരെന്നാണ് സൂചന. ദീപാവലിക്ക് മുന്‍പ് പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന് അമരീന്ദര്‍ സിംഗ് വ്യക്തമാക്കിയിരുന്നു. നവംബറോടെ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടാനാണ് നീക്കം.
🔳മധ്യപ്രദേശിലെ സത്നയില്‍ സീറോ മലബാര്‍ സഭയുടെ കീഴിലുള്ള സ്‌കൂളിന് താക്കീതുമായി തീവ്രഹിന്ദു സംഘടനകള്‍. പതിനഞ്ച് ദിവസത്തിനുള്ളില്‍ സ്‌കൂളിന് മുന്നില്‍ സരസ്വതിയുടെ പ്രതിമ വയ്ക്കണമെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പാലിന് കൈമാറിയ കത്തില്‍ വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗദള്‍ എന്നിവര്‍ ആവശ്യപ്പെടുന്നത്. സത്ന ജില്ല ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ക്രൈസ്റ്റ് ജ്യോതി സീനിയര്‍ സെക്കന്ററി സ്‌കൂളിനാണ് ഹിന്ദു സംഘടനകളുടെ മുന്നറിയിപ്പ്. സ്‌കൂള്‍ പണിത സ്ഥലത്ത് മുന്‍പ് സരസ്വതിയുടെ പ്രതിമയുണ്ടായിരുന്നു എന്ന് അവകാശപ്പെട്ടാണ് സ്‌കൂളില്‍ സരസ്വതി പ്രതിമ വയ്ക്കാന്‍ ഹിന്ദു സംഘടനകള്‍ ആവശ്യപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
🔳കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കണമെന്ന് രക്ഷിതാക്കളോട് അഭ്യര്‍ത്ഥിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. രാജ്യസ്നേഹത്തിന്റെ ഏറ്റവും ഉദാത്തവും മഹത്തരവുമായ മാതൃകയാണിതെന്നും രാജ്യത്തെ ബഹുദൂരം മുന്നോട്ട് നയിക്കാന്‍ ഇത് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിയ രണ്ട് മഹ്ദ്വ്യക്തിത്വങ്ങളാണ് വാത്മീകി മഹര്‍ഷിയും ഡോ അംബേദ്കറുമെന്നും ദില്ലി സംസ്‌കൃത അക്കാദമിയില്‍ വാത്മീകി ജയന്തിയോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ കെജ്രിവാള്‍ പറഞ്ഞു.
🔳ടി20 ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തിന് ശേഷം പാക് വിജയം ആഘോഷിച്ച കശ്മീരിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസ് എടുത്തു. വീഡിയോ ദൃശ്യങ്ങള്‍ തെളിവായി എടുത്താണ് ജമ്മു കശ്മീര്‍ പൊലീസ് രണ്ട് കേസുകള്‍ റജിസ്ട്രര്‍ ചെയ്തത്.
🔳ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് ടൂറിസം കമ്പനിയായ ബ്ലൂ ഒറിജിന്‍ വാണിജ്യ ബഹിരാകാശ നിലയം ആരംഭിക്കുന്നു. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ‘ഓര്‍ബിറ്റല്‍ റീഫ്’ എന്ന് പേരിട്ടിരിക്കുന്ന സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു. 32,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ സ്റ്റേഷന്‍ ഉപഭോക്താക്കള്‍ക്ക് ‘മൈക്രോ ഗ്രാവിറ്റിയില്‍ ഫിലിം മേക്കിംഗ്’ അല്ലെങ്കില്‍ ‘അത്യാധുനിക ഗവേഷണം നടത്തുന്നതിന്’ അനുയോജ്യമായ സ്ഥലം നല്‍കുമെന്നും അതില്‍ ഒരു ‘സ്‌പേസ് ഹോട്ടല്‍’ ഉള്‍പ്പെടുമെന്നും ബ്ലൂ ഒറിജിന്‍ പറഞ്ഞു.
🔳ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന്‍ ഔദ്യോഗികമായി അപേക്ഷ നല്‍കി ബാറ്റിംഗ് ഇതിഹാസം രാഹുല്‍ ദ്രാവിഡ്. രവി ശാസ്ത്രിയുടെ പിന്‍ഗാമിയായി ദ്രാവിഡിനെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ നേരത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ഐപിഎല്ലിനിടെ ദ്രാവിഡുമായി നടത്തിയ ചര്‍ച്ചയില്‍ തത്വത്തില്‍ ധാരണയായിരുന്നു.
🔳ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ തോല്‍വിക്ക് പിന്നാലെ സൈബര്‍ ആക്രമണം നേരിടുന്ന ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് പരോക്ഷ പിന്തുണയുമായി ബിസിസിഐ. വിരാട് കോലിയും മുഹമ്മദ് ഷമിയും ഒന്നിച്ചുള്ള ചിത്രം ബിസിസിഐ ട്വീറ്റ് ചെയ്തു. കരുത്തോടെ മുന്നോട്ട് എന്നാണ് ട്വീറ്റില്‍ പറയുന്നത്. എന്നാല്‍ സൈബര്‍ ആക്രമണത്തെക്കുറിച്ച് നേരിട്ട് പരാമര്‍ശമില്ല.
🔳ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി വഴങ്ങി നിലവിലെ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്. ദക്ഷിണാഫ്രിക്കയോട് എട്ടു വിക്കറ്റിന് തോറ്റതോടെ വിന്‍ഡീസിന്റെ സെമി സാധ്യതകളും തുലാസിലായി. വിന്‍ഡീസ് ഉയര്‍ത്തിയ 144 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 10 പന്ത് ബാക്കി നിര്‍ത്തി ദക്ഷിണാഫ്രിക്ക മറികടന്നു. വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ഏയ്ഡന്‍ മാര്‍ക്രം ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 26 പന്തില്‍ 51 റണ്‍സെടുത്ത മാര്‍ക്രം പുറത്താകാതെ നിന്നപ്പോള്‍ 51 പന്തില്‍ 43 റണ്‍സെടുത്ത റാസി വാന്‍ഡര്‍ ദസ്സനും വിജയത്തില്‍ കൂട്ടായി. സ്‌കോര്‍ വെസ്റ്റ് ഇന്‍ഡീസ് 10 ഓവറില്‍ 143-8, ദക്ഷിണാഫ്രിക്ക 18.2 ഓവറില്‍ 144-2.
🔳ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് പിന്മാറിയത് വര്‍ണവിവേചനത്തിനെതിരെ മുട്ടിലിരുന്ന് പ്രതിഷേധിക്കാന്‍ മടിച്ച്. താരത്തിന്റെ പിന്‍മാറ്റത്തിന് പിന്നാലെ ക്രിക്കറ്റ് സൗത്താഫ്രിക്ക ട്വിറ്ററിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മത്സരത്തിന് മുന്‍പ് താരങ്ങള്‍ ഐക്യദാര്‍ഢ്യമര്‍പ്പിക്കണമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഡികോക്ക് ഇതിനെതിരെ പ്രതിഷേധിച്ച് ടീമില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു
🔳ടി20 ലോകകപ്പിലെ സൂപ്പര്‍ 12 നിര്‍ണായക പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ വീഴ്ത്തി തുടര്‍ച്ചയായ രണ്ടാം ജയവുമായി സെമി ബെര്‍ത്ത് ഏതാണ്ടുറപ്പിച്ച് പാക്കിസ്ഥാന്‍. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 135 റണ്‍സിന്റെ വിജയലക്ഷ്യം മുഹമ്മദ് റിസ്വാന്റെയും ഷൊയൈബ് മാലിക്കിന്റെയും ആസിഫ് അലിയുടെയും ബാറ്റിംഗ് മികവില്‍ പാക്കിസ്ഥാന്‍ 18.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച പാക്കിസ്ഥാന് ഇനി സ്‌കോട്‌ലന്‍ഡും അഫ്ഗാനിസ്ഥാനും നമീബിയയുമാണ് എതിരാളികള്‍. സ്‌കോര്‍ ന്യൂസിലന്‍ഡ് 20 ഓവറില്‍ 134-8, പാക്കിസ്ഥാന്‍ 18.4 ഓവറില്‍ 135-5.
🔳കേരളത്തില്‍ ഇന്നലെ 79,122 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 7163 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 90 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 51 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 341 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 29,355 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6791 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 276 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6960 പേര്‍ രോഗമുക്തി നേടി. ഇതോടെ 74,456 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.4 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 49.1 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തൃശൂര്‍ 974, തിരുവനന്തപുരം 808, കോട്ടയം 762, കോഴിക്കോട് 722, എറണാകുളം 709, കൊല്ലം 707, പാലക്കാട് 441, കണ്ണൂര്‍ 427, പത്തനംതിട്ട 392, മലപ്പുറം 336, ആലപ്പുഴ 318, ഇടുക്കി 274, വയനാട് 166, കാസര്‍ഗോഡ് 127.
🔳രാജ്യത്ത് ഇന്നലെ 13,472 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 13,984 പേര്‍ രോഗമുക്തി നേടി. മരണം 584. ഇതോടെ ആകെ മരണം 4,55,684 ആയി. ഇതുവരെ 3,42,14,865 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.56 ലക്ഷം കോവിഡ് രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 1201 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,090 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ ഇന്നലെ 3,98,963 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 49,097 പേര്‍ക്കും ഇംഗ്ലണ്ടില്‍ 40,954 പേര്‍ക്കും റഷ്യയില്‍ 36,446 പേര്‍ക്കും തുര്‍ക്കിയില്‍ 29,643 പേര്‍ക്കും ജര്‍മനിയില്‍ 20,955 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 24.52 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.79 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 7,104 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,214 പേരും റഷ്യയില്‍ 1,106 പേരും ബ്രസീലില്‍ 362 പേരും ഉക്രെയിനില്‍ 734 പേരും റൊമാനിയായില്‍ 511 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 49.77 ലക്ഷം.
🔳തൃശൂര്‍ ആസ്ഥാനമായ സിഎസ്ബി ബാങ്ക് ജൂലൈ-സെപ്റ്റംബര്‍ ത്രൈമാസത്തില്‍ 118.57 കോടി രൂപ ലാഭം നേടി. മുന്‍കൊല്ലം ഇതേ കാലത്തെക്കാള്‍ 72 ശതമാനം വര്‍ധനയാണിത്. വരുമാനം 555.64 കോടിയായിരുന്നത് ഇക്കുറി 51.77 കോടി രൂപയായി. കിട്ടാക്കടം മൊത്തം വായ്പകളുടെ 3.04 ശതമാനമായിരുന്നത് 4.11 ശതമാനമായി ഉയര്‍ന്നു. ബാങ്കിന്റെ ഓഹരിവിലയില്‍ ഇന്നലെ 1.41 ശതമാനം വര്‍ധനയുണ്ടായി.
🔳ഒരു ചെറിയ ഇടവേളക്ക് ശേഷം ഈ മാസാവസാനത്തില്‍ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കൊരുങ്ങുന്നത് രണ്ട് കമ്പനികള്‍. സൗന്ദര്യ വര്‍ധക വസ്തുക്കളുടെ ഇ-കൊമേഷ്യല്‍ പ്ലാറ്റ്ഫോമായ നൈകയും ഫിന്‍ടെക് കമ്പനിയായ ഫിനോ പേയ്മെന്റ് ബാങ്കുമാണ് യഥാക്രമം 28, 29 തീയിതകളിലായി ഐപിഒ സബ്സ്‌ക്രിപ്ഷന്‍ തുറക്കുന്നത്. ഒക്ടോബര്‍ 28-ന് തുറന്ന് നവംബര്‍ 1-ന് സമാപിക്കുന്ന 5,352 കോടി രൂപയുടെ പ്രാരംഭ പബ്ലിക് ഓഫറില്‍ ഒരു ഓഹരിക്ക് 1,085-1,125 പ്രൈസ് ബാന്‍ഡാണ് നൈക നിശ്ചയിച്ചിട്ടുള്ളത്.
🔳കാജല്‍ അഗര്‍വാളിന്റെ പുതിയ ചിത്രമായ ഉമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ടൈറ്റില്‍ കഥാപാത്രമായിട്ട് ആണ് ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍ അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഹിന്ദിയില്‍ ആണ് ഉമയെന്ന ചിത്രം എത്തുക. ടിന്നു ആനന്ദ്, മേഘ്ന മാലിക്, ഹര്‍ഷ ഛായ, ഗൗരവ് ശര്‍മ, ശ്രിസ്വര, അയോഷി, കിയാന്‍ ശര്‍മ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ഉമയില്‍ കാജല്‍ അഗര്‍വാളിന് ഒപ്പം അഭിനയിക്കുന്നു. അവിശേക് ഘോഷ് ആണ് ചിത്രം നിര്‍മിക്കുന്നത്.
🔳അമലാ പോള്‍ നായികയാകുന്ന പുതിയ ചിത്രമാണ് കാടവെര്‍. അനൂപ് പണിക്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമലാ പോളിന്റെ വേറിട്ട കഥാപാത്രമായിരിക്കും കാടവെറിലേത്. ഫോറന്‍സിക് ത്രില്ലര്‍ ആയിട്ടാണ് ചിത്രം എത്തുക. അമലാ പോള്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. അഭിലാഷ് പിള്ള ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. രഞ്ജിന്‍ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പൊലീസ് സര്‍ജന്‍ ആയിട്ടാണ് ചിത്രത്തില്‍ അമലാ പോള്‍ അഭിനയിക്കുന്നത്.
🔳മാരുതിയുടെ ജനപ്രിയ മോഡല്‍ ബലേനോയുടെ ടൊയോട്ട വേര്‍ഷനാണ് ഗ്ലാന്‍സ. ഇപ്പോഴിതാ 2022 -ന്റെ തുടക്കത്തില്‍ ഗ്ലാന്‍സയ്ക്ക് ഒരു മിഡ്-ലൈഫ് അപ്‌ഡേറ്റ് നല്‍കാന്‍ കമ്പനി പദ്ധതിയിടുന്നു. ഇതിന്റെ എഞ്ചിന്‍ സജ്ജീകരണം മാറ്റമില്ലാതെ തുടരും. അപ്‌ഡേറ്റ് ചെയ്ത ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റത്തിനും ചില മാറ്റങ്ങള്‍ പുതുക്കിയ മോഡലില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനത്തിന്റെ മുന്‍വശത്ത് ചെറിയ മാറ്റങ്ങള്‍ വരുത്താനും സാധ്യതയുണ്ട്. നിലവില്‍ ജി, വി എന്നീ രണ്ട് ട്രിമ്മുകളിലാണ് ഗ്ലാന്‍സ് എത്തുന്നത്.
🔳ശാന്തിയുടെ അപാരതയിലേക്ക് എട്ടു പതിറ്റാണ്ടു മുന്‍പ് നടത്തിയ യാത്രാനുഭവം. 1930- കളില്‍ എഴുതപ്പെട്ട ഈ പുസ്തകം ഹിമാലയത്തിന്റെ ആത്മീയ ഔന്നത്യത്തിലേക്ക് നമ്മെ നയിക്കുന്നു. ഹിമാലയത്തിന്റെ അവര്‍ണനീയമായ മാസ്മരികത, അതുല്യമായ സൗന്ദര്യം, അതിശക്തമായ ആത്മീയതയുടെ കാന്തവലയം അനുഭവിപ്പിക്കുന്ന പുസ്തകം. ‘ഹിമാലയത്തില്‍ ഒരു അവധൂതന്‍’. പോള്‍ ബ്രണ്ടന്‍. വിവര്‍ത്തനം: എം. പി. സദാശിവന്‍. ഡിസി ബുക്സ്. വില 204 രൂപ.
🔳ഷാമ്പൂ, കണ്ടീഷ്ണര്‍, ജെല്‍, ഓയില്‍ എന്നിങ്ങനെ ഏത് തരം ഹെയര്‍ കെയര്‍ ഉത്പന്നമോ ആകട്ടെ, അവയെ സൂക്ഷ്മമായി വേണം തെരഞ്ഞെടുക്കാന്‍. മുന്‍കാലങ്ങളെ അപേക്ഷിച്ച് മുടിയില്‍ ഷാമ്പൂവും കണ്ടീഷ്ണറും ഉപയോഗിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ കൂടുതലാണ്. എന്നാല്‍ കണ്ടീഷ്ണര്‍ ഉപയോഗിച്ചാല്‍ മുടി കൊഴിച്ചിലുണ്ടാകുമോ എന്ന ഭയവും അത്ര തന്നെ ആളുകളില്‍ കൂടുതലാണ്. കണ്ടീഷ്ണര്‍ ഉപയോഗിക്കുന്നത് ഒരിക്കലും മുടികൊഴിച്ചിലിന് കാരണമാകില്ല. പക്ഷേ അത് ഉപയോഗിക്കേണ്ടുന്ന വിധത്തിലായിരിക്കണം നിര്‍ബന്ധമായും ഉപയോഗിക്കേണ്ടത്. അല്ലാത്ത പക്ഷം മുടിയെ നശിപ്പിക്കാന്‍ ഇടയാക്കാം. മുടിയുടെ താഴേക്കുള്ള മുക്കാല്‍ ഭാഗത്തോളം സ്ഥലത്താണ് കണ്ടീഷ്ണര്‍ ഉപയോഗിക്കേണ്ടത്. മുടി കഴുകുമ്പോള്‍ കണ്ടീഷ്ണര്‍ പൂര്‍ണമായി കഴുകിക്കളയാനും ശ്രദ്ധിക്കുക. കണ്ടീഷ്ണര്‍ ഉപയോഗിക്കുന്നത് മുടിക്ക് പലവിധത്തിലുള്ള ഗുണങ്ങള്‍ നല്‍കും. കെട്ട് കുരുങ്ങാതെ മുടിയെ സൂക്ഷിക്കാന്‍ സഹായിക്കുന്നു. അറ്റം പിളരുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്നു. മുടി ഡ്രൈ ആകുകയും പൊട്ടുകയും ചെയ്യുന്നത് തടയുന്നു. മുടിക്ക് തിളക്കവും മിനുമിനുപ്പും നല്‍കുന്നു. കണ്ടീഷ്ണര്‍ ഉപയോഗിക്കുമ്പോള്‍ അത് തലയോട്ടിയില്‍ പതിയാതെ വേണം പ്രയോഗിക്കാന്‍. പതിവായി തലയില്‍ കണ്ടീഷ്ണര്‍ വീഴുന്നത് മുടിക്ക് കേടുപാടുകള്‍ ഉണ്ടാക്കിയേക്കാം. അതുപോലെ പൊതുവില്‍ ‘സില്‍ക്കി’ ആയ മുടിയുള്ളവരാണെങ്കില്‍ കണ്ടീഷ്ണര്‍ ഉപയോഗം പരിമിതപ്പെടുത്തണം. പൊതുവില്‍ തന്നെ കണ്ടീഷ്ണര്‍ ഉപയോഗം അമിതമാകാതെ നോക്കണം.