ശനിയാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ശക്തമായ മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി ഇന്ന് സംസ്ഥാനത്തെ 12 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാലാവസ്ഥാ വകുപ്പ് സാധ്യത പ്രവചിക്കുന്നു. നാളെ ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമായി മാറിയേക്കും. ഇതും മഴ കനക്കാന്‍ കാരണമാകും.
മലയോര മേഖലകളില്‍ കൂടുതല്‍ മഴക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ ജാഗ്രത തുടരണം. കേരളാ തീരത്ത് നിലവില്‍ മത്സ്യബന്ധനത്തിന് തടസമില്ല. കഴിഞ്ഞ ദിവസം കേരളമുള്‍പ്പെടെ തെക്കേയിന്ത്യയില്‍ നിന്നും കാലവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങിയതായും തുലാവര്‍ഷം ആരംഭിച്ചതായും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു.