Sunday, January 5, 2025
Top News

പ്രഭാത വാർത്തകൾ

 

🔳വാക്സിനേഷനിലെ 100 കോടി ക്ലബ് നേട്ടം രാഷ്ട്രീയ വിജയമായി ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി നീക്കം തുടങ്ങി. വാക്സിനേഷന്‍ നൂറ് കോടി പിന്നിട്ടപ്പോള്‍ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രധാന വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ അതാത് സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി നേതാക്കള്‍ സാന്നിധ്യമറിയിച്ചു. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തിലെ കെടുകാര്യസ്ഥതക്ക് മറുപടി നല്‍കിയ ശേഷം നേട്ടത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്താല്‍ മതിയെന്ന് ശശി തരൂരടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചടിച്ചു.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 15,734 കോവിഡ് രോഗികളില്‍ 8,733 രോഗികള്‍ കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 232 മരണങ്ങളില്‍ 118 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 1,69,408 സജീവരോഗികളില്‍ 81,564 രോഗികള്‍ കേരളത്തിലാണുള്ളത്.

🔳ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് കൊവിഡ് 19 വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് ശ്രമിച്ച് വരുന്നത്. ക്യാമ്പുകളിലെ എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ ജില്ലകള്‍ ക്രമീകരണം ഏര്‍പ്പെടുത്തി വരുന്നതായും മന്ത്രി വ്യക്തമാക്കി.

🔳ഇടുക്കി ഡാമില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയരുന്നത് നിമിത്തമാണ് നടപടിയെന്ന് ജില്ല ഭരണകൂടം അറിയിച്ചു. റൂള്‍ കര്‍വ് അനുസരിച്ചാണ് അലര്‍ട്ടില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

🔳കേരളത്തില്‍ മേഘവിസ്ഫോടനം ഉണ്ടായിട്ടില്ലെന്ന് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മീഷണര്‍ എ കൗശിഗന്‍. മഴ മുന്നറിയിപ്പ് നല്‍കാന്‍ വൈകിയിട്ടില്ല എന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആണ് മുന്നറിയിപ്പ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ മുന്നറിയിപ്പ് സംസ്ഥാനം ജില്ലകള്‍ക്ക് നല്‍കും. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നത് കെഎസ്ഡിഎംഎ അല്ല എന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ടത് എന്നും എ കൗശിഗന്‍ പറഞ്ഞു.

🔳പ്രകൃതി ദുരന്തത്തില്‍ പോലും രാഷ്ട്രീയം കലര്‍ത്തുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നിലപാട് ആ പദവിക്ക് ചേരുന്നതല്ലെന്ന് സി.പി.എം. പ്രകൃതിക്ഷോഭം നേരിടാന്‍ സര്‍ക്കാര്‍ മികച്ച നിലയിലാണ് പ്രവര്‍ത്തിച്ചതെന്നും എന്ത് പ്രശ്‌നമുണ്ടായാലും മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ് കഴിഞ്ഞ കുറച്ച് നാളായി പ്രതിപക്ഷ നേതാവിന്റെ ശൈലിയെന്നും രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തത് കൊണ്ടാണ് ഈ അധഃപതനമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ വിമര്‍ശിച്ചു. ഉരുള്‍പ്പൊട്ടലിന്റെ സമയവും സ്ഥലവും മുന്‍കൂട്ടി നിശ്ചയിക്കാനുള്ള സാങ്കേതികവിദ്യ പ്രതിപക്ഷ നേതാവിന്റെ പക്കലുണ്ടോയെന്നും വിജയരാഘവന്‍ ചോദിച്ചു.

*അമല ബിഎംടി യൂണിറ്റ്*
അമല ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ബോണ്‍മാരോ ട്രാന്‍സ്‌പ്ലേന്റേഷന്‍ യൂണിറ്റിന് തുടക്കമായി. രക്താര്‍ബുദത്തിനും രക്തസംബന്ധമായ രോഗങ്ങള്‍ക്കും ശാശ്വത പരിഹാരം കാണുന്നതിനായി ആരംഭിച്ച ബോണ്‍മാരോ ട്രാന്‍സ്‌പ്ലേന്റേഷന്‍ യൂണിറ്റിന് ഒക്ടോബര്‍ 14-ാം തിയ്യതി അഭിവന്ദ്യ തൃശൂര്‍ അതിരൂപതാ മെത്രാപൊലീത്താ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആശിര്‍വാദ കര്‍മ്മം നിര്‍വഹിച്ചു. ഒക്ടോബര്‍ 15-ാം തിയ്യതി ബഹുമാനപ്പെട്ട റവന്യൂ മന്ത്രി അഡ്വ.കെ.രാജന്‍ ബിഎംടി യൂണിറ്റ് സമുച്ചയം ഉദ്ഘാടനം നിര്‍വഹിച്ചു.
➖➖➖➖➖➖➖➖

🔳കെ.പി.സി.സി ഭാരാവാഹി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. 23 ജനറല്‍ സെക്രട്ടറിമാര്‍, 28 നിര്‍വാഹക സമിതി അംഗങ്ങള്‍, നാല് വൈസ് പ്രസിഡന്റുമാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക പ്രഖ്യാപിച്ചത്. എന്‍ ശക്തന്‍, വി.ടി ബല്‍റാം, വി.പി സജീന്ദ്രന്‍, വി.ജെ പൗലോസ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതകളെ പരിഗണിച്ചിട്ടില്ല. പ്രതാപ ചന്ദ്രനെ ട്രഷറര്‍ ആയി നിയമിച്ചു. 28 ജനറല്‍ സെക്രട്ടറിമാരില്‍ മൂന്ന് പേര്‍ വനിതകളാണ്. അഡ്വക്കേറ്റ് ദീപ്തി മേരി വര്‍ഗീസ്, കെ.എ തുളസി, അലിപ്പറ്റ ജമീല എന്നിവരാണ് വനിതാ ജനറല്‍ സെക്രട്ടറിമാര്‍. പത്മജ വേണുഗോപാല്‍, ഡോ. സോന പി.ആര്‍ എന്നിവരാണ് നിര്‍വാഹക സമിതിയില്‍ ഉള്ള വനിതാ നേതാക്കള്‍. വിമതസ്വരം ഉയര്‍ത്തിയ എ വി ഗോപിനാഥിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കി.

🔳എല്ലാ വിഭാഗത്തിനും മതിയായ പ്രാതിനിധ്യം നല്‍കിയിട്ടുള്ള കെപിസിസി ഭാരവാഹിപ്പട്ടികയാണ് പുറത്തിറക്കിയതെന്ന് പ്രസിഡന്റ് കെ സുധാകരന്‍. പാര്‍ട്ടിക്കകത്ത് അസംതൃപ്തി ഉള്ളവര്‍ ഉണ്ടാകാമെന്ന് പറഞ്ഞ സുധാകരന്‍ പാര്‍ട്ടിയാണ് വലുതെന്ന് കരുതുന്നവര്‍ തെരുവിലിറങ്ങില്ലെന്നും പറഞ്ഞു. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ചര്‍ച്ച നടത്തിയതാണ് പട്ടിക തയ്യാറാക്കിയത്. കെ സി വേണുഗോപാല്‍ ലിസ്റ്റില്‍ ഇടപെട്ടിട്ടില്ല. ഗ്രൂപ്പില്‍ ഉള്ളവര്‍ തന്നെയാണ് പട്ടികയിലുള്ളത്. എന്നാല്‍ നേതാക്കളെ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം കഴിവ് തന്നെയായിരുന്നു. കേരളത്തില്‍ നിന്നും നല്‍കിയ പട്ടികയില്‍ ഹൈക്കമാന്‍ഡ് ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും പട്ടികയ്ക്ക് എതിരെ എതിര്‍പ്പുകള്‍ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

🔳കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിന് അന്തിമരൂപം നല്‍കാന്‍ മൂന്ന് ദിവസത്തെ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ദില്ലിയില്‍ തുടങ്ങും. കൊവിഡ് വ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് കേന്ദ്ര കമ്മിറ്റി നേരിട്ട് ചേരുന്നത്. ബിജെപിയെ ചെറുക്കാന്‍ ദേശീയതലത്തില്‍ പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടുകെട്ട് സംബന്ധിച്ച ചര്‍ച്ചകള്‍ യോഗത്തിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍

🔳ശബരിമലയില്‍ വെര്‍ച്വല്‍ ക്യു ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനും പൊലീസിനും എന്ത് അധികാരമാണ് ഉള്ളതെന്ന് ഹൈക്കോടതി ചോദിച്ചു. ക്ഷേത്രം ട്രസ്റ്റി എന്ന നിലയില്‍ ദേവസ്വം ബോര്‍ഡ് ആണ് ഇത്തരം നിയന്ത്രണം കൊണ്ടുവരേണ്ടത്. ക്ഷേത്ര കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാറിന്റെ റോള്‍ എന്താണെന്നും വെര്‍ച്വല്‍ ക്യു ഏര്‍പ്പെടുത്താന്‍ ദേവസ്വം ബഞ്ചിന്റെ അനുമതി ഉണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു. വെര്‍ച്വല്‍ ക്യു ഏര്‍പ്പെടുത്തിയതില്‍ സദുദ്ദേശം മാത്രമാണുള്ളതെന്നും സുഗമമായ ദര്‍ശനത്തിനാണ് വെര്‍ച്വല്‍ ക്യു കൊണ്ടുവന്നതെന്നും 2011 മുതല്‍ വെര്‍ച്വല്‍ ക്യു നിലവിലുണ്ടെന്നും ഇതുവരെ കാര്യമായ പരാതികള്‍ ഉണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

🔳ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളം മൂന്ന് ശതമാനം വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ശമ്പളത്തിന്റെ ഭാഗമായ ഡിഎ 28 ശതമാനത്തില്‍ നിന്ന് 31 ശതമാനമായാണ് വര്‍ധിപ്പിച്ചത്. ഇത് 47 ലക്ഷത്തിലേറെ വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 68 ലക്ഷത്തിലേറെ വരുന്ന പെന്‍ഷന്‍കാര്‍ക്കും നേരിട്ട് ഉപകാരപ്പെടും. 2021 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പളവര്‍ദ്ധനവ് നടപ്പിലാക്കുകയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. ഡിഎക്ക് പുറമേ ഡിആറിലും വര്‍ധനവുണ്ട്. 9488.7 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇതിലൂടെ കേന്ദ്രസര്‍ക്കാരിനുണ്ടാവുക.

🔳സംസ്ഥാനത്ത് വെള്ളപ്പൊക്കത്തില്‍ മൃഗസംരക്ഷണ മേഖലയില്‍ 2 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് മന്ത്രി ജെ ചിഞ്ചുറാണി.പശുക്കള്‍ മരിച്ച കര്‍ഷകര്‍ക്ക് പശു ഒന്നിന് 30,000 രൂപയും പശു കിടാവിന് 15,000 രൂപയും ചത്ത കോഴി ഒന്നിന് 200 രൂപ വീതവും ധനസഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

🔳സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്. സമരം ചെയ്യുന്ന സിഎസ്ബി ബാങ്ക് ജീവനക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് പണിമുടക്കുന്നത്. സഹകരണ, ഗ്രാമീണ ബാങ്ക് ജീവനക്കാര്‍ ഉള്‍പ്പെടെ സമരത്തിന്റെ ഭാഗമാകുന്നതോടെ സംസ്ഥാനത്തെ ബാങ്കിംഗ് രംഗം ഇന്ന് പൂര്‍ണമായും സ്തംഭിക്കും. റിസര്‍വ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും താത്ക്കാലിക നിയമനം നിര്‍ത്തലാക്കുകയും ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൃശൂര്‍ ആസ്ഥാനമായ സിഎസ്ബി ബാങ്ക് ജീവനക്കാര്‍ സമരം നടത്തുന്നത്.

🔳പേരൂര്‍ക്കടയില്‍ യുവതിയില്‍നിന്നും കുഞ്ഞിനെ തട്ടിയെടുത്ത് കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. മാതാപിതാക്കള്‍ കുഞ്ഞിനെ കടത്തിയെന്ന മുന്‍ എസ്എഫ്‌ഐ നേതാവും കുഞ്ഞിന്റെ അമ്മയുമായ അനുപമയുടെ പരാതിയിലാണ് വനിതാ കമ്മീഷന്റെ ഇടപെടല്‍. സിപിഎം നേതാവായ പിതാവിന്റെ രാഷ്ട്രീയ സ്വാധീനത്താല്‍ കേസ് അന്വേഷണം തടസപ്പെടുത്തുന്നുവെന്നും അനുപമ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

🔳തീയേറ്റര്‍ തുറക്കുന്നതിന് മുന്നോടിയായി ഉടമകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. രാവിലെ 11 മണിക്ക് ഓണ്‍ലൈനായാണ് ചര്‍ച്ച. വിനോദ നികുതിയില്‍ ഇളവ്, അടച്ചിട്ടിരുന്ന സമയത്തെ കെഎസ്ഇബിയിലെ ഫിക്സഡ് ഡെപ്പോസിറ്റിലെ ഇളവ് എന്നീ ആവശ്യങ്ങള്‍ തീയേറ്റര്‍ ഉമകള്‍ മുന്നോട്ട് വയ്ക്കും. തിങ്കളാഴ്ച മുതലാണ് സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നത്. 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാനാണ് തീരുമാനം മള്‍ട്ടിപ്ലക്സ് ഉള്‍പ്പടെ എല്ലാ തീയറ്ററുകളും തുറക്കാനാണ് ധാരണ.

🔳ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ് ഖാന്റെ മുംബൈയിലെ വസതിയായ മന്നത്തില്‍ നടന്നത് റെയ്ഡ് അല്ലെന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡേ. മയക്കുമരുന്ന് കേസില്‍ കസ്റ്റഡിയിലുള്ള ആര്യന്‍ ഖാന്റെ കൈവശമുണ്ടായിരുന്ന കൂടുതല്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈമാറണമെന്ന് നോട്ടീസ് നല്‍കാനും ചില രേഖകള്‍ നല്‍കാനുമാണ് മന്നത്തില്‍ പോയതെന്ന് സമീര്‍ വാങ്കഡെ അറിയിച്ചു. എന്നാല്‍ അതേ സമയം നടി അനന്യ പാണ്ഡേയുടെ വീട്ടില്‍ പോയത് ചോദ്യം ചെയ്യലിന് എത്താന്‍ നോട്ടീസ് നല്‍കാനാണെന്നും അദ്ദേഹം വിശദീകരിച്ചു.

🔳ആഡംബര കപ്പലിലെ ലഹരിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ 30 വരെ നീട്ടി. മുംബൈയിലെ പ്രത്യേക കോടതിയാണ് ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടിയത്. കേസില്‍ ആര്യനൊപ്പം അറസ്റ്റിലായ അര്‍ബാസ് മെര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവര്‍ ഉള്‍പ്പെടെ ഏഴ് പ്രതികളുടെ കസ്റ്റഡി കാലാവാധിയും ഒക്ടോബര്‍ 30 വരെ നീട്ടിയിട്ടുണ്ട്.

🔳അസമില്‍ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. അശ്ലീല സിനിമകളുടെ അടിമകളായ 11 വയസ്സുകാരനും എട്ട് വയസ്സുകാരനും ബലാത്സംഗം ചെറുത്ത ആറുവയസ്സുകാരിയെ കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തി. അസമിലെ നാഗാവ് ജില്ലയിലാണ് സംഭവം. രണ്ട് കുട്ടികളെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളുടെ മാതാപിതാക്കളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

🔳രാജ്യത്ത് ഇന്ധനവില ഉയരങ്ങളിലേക്ക് കുതിക്കുന്നതിനിടയില്‍ വിവാദ പരാമര്‍ശവുമായി എത്തിയിരിക്കുകയാണ് അസം ബിജെപി അധ്യക്ഷന്‍ ബബീഷ് കലിത. പെട്രോള്‍ വില 200 എത്തിയാല്‍ ഇരുചക്രവാഹനങ്ങളില്‍ മൂന്ന് പേരെ അനുവദിക്കാമെന്ന് പ്രസ്താവിച്ചിരിക്കുകയാണ് ബബീഷ് കലിത. ആളുകള്‍ വിലകൂടിയ കാറുകളില്‍ സഞ്ചരിക്കുന്നതിന് പകരം ഇരുചക്രവാഹനങ്ങളെ ആശ്രയിക്കണമെന്നും അങ്ങനെയെങ്കില്‍ പെട്രോള്‍ ലാഭിക്കാനാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

🔳രാജ്യത്തെ 95 ശതമാനം ആളുകള്‍ക്കും പെട്രോള്‍ ആവശ്യമില്ലെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ഉപേന്ദ്ര തിവാരി. പഞ്ചായത്ത് രാജ്, കായികം, യുവജനക്ഷേമകാര്യ മന്ത്രിയാണ് ഉപേന്ദ്ര തിവാരി. നാല് ചക്ര വാഹനം ഉപയോഗിക്കുന്നവര്‍ മാത്രമാണ് പെട്രോള്‍ ഉപയോഗിക്കുന്നതെന്നും ആളോഹരി വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ധന വില വര്‍ധന വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.

🔳തിരഞ്ഞെടുപ്പ് പടിവാതിലിലെത്തി നില്‍ക്കുന്ന ഉത്തര്‍പ്രദേശില്‍ വന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്ലസ് ടു വിദ്യാര്‍ഥിനികള്‍ക്ക് മൊബൈല്‍ ഫോണും ബിരുദം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികള്‍ക്ക് ഇലക്ട്രിക്ക് സ്‌കൂട്ടറും നല്‍കുമെന്നാണ് വാഗ്ദാനം. 40 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കുമെന്ന് കഴിഞ്ഞ ദിവസം പ്രിയങ്ക പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് ഉടന്‍ പുറത്തിറക്കാന്‍ പോകുന്ന പ്രകടന പത്രികയുടെ ഭാഗമാണ് ഈ പ്രഖ്യാപനങ്ങളെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

🔳ടി20 ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ പാപ്പുവ ന്യൂ ഗിനിയയെ 84 റണ്‍സിന് തകര്‍ത്ത് ബംഗ്ലാദേശ് സൂപ്പര്‍ 12 ഘട്ടത്തിലേക്ക് യോഗ്യത നേടി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാപ്പുവ ന്യൂ ഗിനിയ 19.3 ഓവറില്‍ 97 റണ്‍സിന് ഓള്‍ ഔട്ടായി.

🔳ടി20 ലോകകപ്പിലെ നിര്‍ണായക യോഗ്യതാ പോരാട്ടത്തില്‍ ഒമാനെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ച് സ്‌കോട്‌ലന്‍ഡ് സൂപ്പര്‍ 12 ലേക്ക് മുന്നേറി. ഒമാന്‍ ഉയര്‍ത്തിയ 123 റണ്‍സ് വിജയലക്ഷ്യം മൂന്നോവറും എട്ടു വിക്കറ്റും ബാക്കി നിര്‍ത്തിയാണ് സ്‌കോട്‌ലന്‍ഡ് മറികടന്നത്. 28 പന്തില്‍ 41 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെയ്ല്‍ കോയ്റ്റസര്‍ ആണ് സ്‌കോട്‌ലന്‍ഡിന്റെ ജയം അനായാസമാക്കിയത്.

🔳കേരളത്തില്‍ ഇന്നലെ 86,303 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 8733 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 27,202 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 31 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8308 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 326 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 68 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9855 പേര്‍ രോഗമുക്തി നേടി. ഇതോടെ 81,496 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.17 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 47.03 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 1434, തിരുവനന്തപുരം 1102, തൃശൂര്‍ 1031, കോഴിക്കോട് 717, കോട്ടയം 659, കൊല്ലം 580, പത്തനംതിട്ട 533, കണ്ണൂര്‍ 500, മലപ്പുറം 499, പാലക്കാട് 439, ഇടുക്കി 417, ആലപ്പുഴ 369, വയനാട് 288, കാസര്‍ഗോഡ് 165.

🔳രാജ്യത്ത് ഇന്നലെ 15,734 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 18,626 പേര്‍ രോഗമുക്തി നേടി. മരണം 232. ഇതോടെ ആകെ മരണം 4,53,076 ആയി. ഇതുവരെ 3,41,42,441 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.69 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 1,573 പേര്‍ക്കും തമിഴ്നാട്ടില്‍ 1,164 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 4,41,252 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 67,441 പേര്‍ക്കും ഇംഗ്ലണ്ടില്‍ 52,009 പേര്‍ക്കും റഷ്യയില്‍ 36,339 പേര്‍ക്കും തുര്‍ക്കിയില്‍ 28,465 പേര്‍ക്കും ഉക്രെയിനില്‍ 22,415 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 24.32 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.78 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 6,764 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1258 പേരും റഷ്യയില്‍ 1036 പേരും മെക്സിക്കോയില്‍ 424 പേരും ഉക്രെയിനില്‍ 546 പേരും റൊമാനിയയില്‍ 448 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 49.44 ലക്ഷം.

🔳ഇന്ത്യയ്ക്കു മുകളില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ ബിഎസ്എന്‍എലിനും അനുമതി. ഉപഗ്രഹ പങ്കാളിയായ ഇന്‍മര്‍സാറ്റുമായി ചേര്‍ന്നാണ് ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് നല്‍കുക. ഇന്‍മര്‍സാറ്റിനു കീഴിലുള്ള ജിഎക്‌സ് ഏവിയേഷന്‍ സര്‍വീസാണ് പല വിമാനക്കമ്പനികളിലും വൈഫൈ സൗകര്യം നല്‍കുന്നത്. സ്‌പൈസ്‌ജെറ്റ് നിലവില്‍ ജിഎക്‌സുമായി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. ഭൂമിയില്‍ നിന്ന് 3,000 മീറ്റര്‍ ഉയരത്തിനു മുകളിലാണ് ഇന്‍ഫ്‌ലൈറ്റ് ഇന്റര്‍നെറ്റ് നല്‍കാന്‍ അനുമതിയുള്ളത്. ഭൂതല മൊബൈല്‍ ശൃംഖലകള്‍ക്ക് തടസ്സമുണ്ടാകാതിരിക്കാനാണ് ഈ നിബന്ധന.

🔳രാജ്യത്തെ പാക്കിങ് കാര്‍ട്ടന്‍ വ്യവസായ രംഗത്ത് വന്‍ തകര്‍ച്ച. ക്രാഫ്റ്റ് പേപ്പറിന് കഴിഞ്ഞ വര്‍ഷം മുതല്‍ മാസം തോറും വിലകൂടുകയാണ്. ഈ മാസം ഒരു ടണ്‍ ക്രാഫ്റ്റ് പേപ്പറിന് 5000 മുതല്‍ 7000 രൂപയുടെ വരെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പേപ്പര്‍ മില്ലുകളുടെ പ്രധാന ഊര്‍ജ സ്രോതസ്സായ കല്‍ക്കരിയുടെ വിലയില്‍ ഉണ്ടായിട്ടുള്ള ക്രമാതീതമായ വര്‍ധനയാണ് ക്രാഫ്റ്റ് പേപ്പറിന്റെ വിലവര്‍ധനയ്ക്കു പ്രധാന കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നൂ. ആഗോള കണ്ടെയ്നര്‍ ചരക്കുകൂലിയില്‍ ഉണ്ടായിട്ടുള്ള വര്‍ധനയും ഇതിന് ആക്കം കൂട്ടി.

🔳പതിനൊന്ന് വര്‍ഷത്തിനു ശേഷം സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ സെറ്റില്‍ നായകനായി എത്തിയിരിക്കുകയാണ് ജയറാം. പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും സംവിധായകനൊപ്പമുള്ള ചിത്രങ്ങള്‍ ജയറാം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിലാണ് ഇരുവരും അവസാനം ഒന്നിച്ചത്. ചിത്രത്തില്‍ നായിക ആകുന്നത് മീര ജാസ്മിന്‍ ആണ്. 13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മീര ജാസ്മിനും സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ രചന. ദേവിക, ഇന്നസെന്റ്, സിദ്ദിഖ്, കെപിഎസി ലളിത, ശ്രീനിവാസന്‍ തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്.

🔳ക്യാപ്റ്റന്‍ വിക്രം ബത്ര ആയി സിദ്ധാര്‍ഥ് മല്‍ഹോത്ര അഭിനയിക്കുന്ന ചിത്രമാണ് ഷേര്‍ഷാ. വിഷ്ണുവര്‍ദ്ധന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷേര്‍ഷാ എന്ന പുതിയ ചിത്രത്തിലെ ആദ്യ ഗാനം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ക്യാപ്റ്റന്‍ വിക്രം ബത്രയുടെ ചിത്രത്തിലെ പുതിയ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍. ജസ്ലീന്‍ റോയല്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ബി പ്രാക്, ജസ്ലീന്‍ റോയല്‍, റോമി എന്നിവര്‍ ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നു. അന്‍വതി ദത്ത് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. സന്ദീപ ശ്രീവാസ്തവയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.

🔳ബുക്കിംഗ് ആരംഭിച്ച് 14 ദിവസത്തിനകം 65,000 ബുക്കിംഗുകള്‍ സ്വന്തമാക്കി മഹീന്ദ്ര എക്സ്യുവി 700. ഒരു മണിക്കൂറിനിടെ 25,000 ബുക്കിംഗുകള്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ എസ്യുവി നിര്‍മാതാക്കളിലൊന്നായ മഹീന്ദ്ര ഈ നേട്ടം കൈവരിച്ചത്. ഇന്ത്യയില്‍ 10 ലക്ഷത്തിന് മുകളില്‍ കാറുകള്‍ വില്‍ക്കുന്ന ഏതൊരു വാഹന നിര്‍മാതാവും സ്വന്തമാക്കാത്ത റെക്കോര്‍ഡാണ് മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ എക്സ്യുവി 700 നേടിയത്. 12.49 ലക്ഷം രൂപയിലാണ് (എക്സ്-ഷോറൂം) ഈ മോഡലിന്റെ വില ആരംഭിക്കുന്നത്.

🔳ലോകത്തിന്റെ വിവിധ ദേശങ്ങളിലെ നാടോടിക്കഥകളുടെ സമാഹാരം. ഇവയില്‍ പലതും ഉദ്ഭവകഥകളാണ്. ആദിമജനതയുടെയും ഗോത്രജനതയുടെയും കാഴ്ചപ്പാടുകളും ജീവിതദര്‍ശനവും ഇവയില്‍ പ്രതിഫലിപ്പിക്കുന്നു. കുട്ടികളില്‍ പരിസ്ഥിതിബോധവും ജൈവവൈവിധ്യബോധവും വളര്‍ത്തുന്ന കഥകള്‍. ‘നെല്ലും നദിയും പക്ഷികളും ഉണ്ടായ കഥകള്‍’. ഡോ. ശീതള്‍ രാജഗോപാല്‍. മാതൃഭൂമി. വില 96 രൂപ.

🔳നമ്മുടെ ചര്‍മ്മത്തിനും മുടിയ്ക്കും ചില വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്. വിറ്റാമിന്‍ ഡി കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനാണ്. ശരീരത്തില്‍ ആവശ്യമുളള വിറ്റാമിന്‍ ഡിയുടെ 80 ശതമാനവും സൂര്യപ്രകാശത്തില്‍ നിന്നാണ് ലഭിക്കുന്നത്. 20 ശതമാനം ഭക്ഷണത്തില്‍ നിന്നും. ഭക്ഷണത്തില്‍ നിന്ന് കിട്ടുന്നവയില്‍ ഭൂരിഭാഗവും മാംസാഹാരത്തില്‍ നിന്നാണ്. സൂര്യപ്രകാശത്തിന്റെ അഭാവവും മോശം ഭക്ഷണക്രമവും വിറ്റാമിന്‍ ഡിയുടെ കുറവ് ഉണ്ടാകുന്നതിനുള്ള പ്രധാനകാരണങ്ങളാണ്. ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ കുറവ് വരണ്ട ചര്‍മ്മം പോലുള്ള നിരവധി ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് കാരണമാകും. വിറ്റാമിന്‍ ഡിയ്ക്കും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇതിന്റെ കുറവ് മുഖക്കുരുവിനും കാരണമാകും. മാത്രമല്ല ചുളിവുകളും നേര്‍ത്ത വരകളും പ്രത്യക്ഷപ്പെടാന്‍ ഇടയാക്കും. വിറ്റാമിന്‍ ഡി വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് സോറിയാസിസ്, എക്സിമ തുടങ്ങിയ അവസ്ഥകള്‍ അനുഭവിക്കുന്നവരുടെ ലക്ഷണങ്ങള്‍ ലഘൂകരിക്കുന്നു. മാത്രമല്ല, ഇത് രോഗാണുക്കളില്‍ നിന്നും ദോഷകരമായ രാസവസ്തുക്കളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ ഡി ഒരു ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിക്കുകയും അകാല വാര്‍ദ്ധക്യത്തിന് കാരണമാകുന്ന പാരിസ്ഥിതിക ഓക്സിഡന്റുകളെ നശിപ്പിക്കുകയും ചെയ്യും. മാത്രമല്ല ചര്‍മ്മത്തിന്റെ ഉപരിതലത്തില്‍ സോറിയാസിസ് ഫലകങ്ങളിലേക്ക് നയിക്കുന്ന മൃതകോശങ്ങള്‍ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ അളവ് കുറയുന്നത് ചര്‍മ്മത്തെ വരണ്ടതാക്കുന്നു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *