Thursday, January 9, 2025
Top News

പ്രഭാത വാർത്തകൾ

 

🔳വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതി കര്‍ഷകര്‍. ആറ് ആവശ്യങ്ങളാണ് കത്തില്‍ കര്‍ഷകര്‍ ഉന്നയിച്ചിരിക്കുന്നത്. താങ്ങുവില, വൈദ്യുതി ദേദതഗതി ബില്‍, കേസുകള്‍ പിന്‍വലിക്കല്‍, മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സഹായം, ആഭ്യന്തര സഹമന്ത്രി അജയ് മിശ്രക്കെതിരെ നടപടിയെടുക്കല്‍ തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും സമരം അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങാന്‍ തയ്യാറാണെന്നും പക്ഷേ തങ്ങളുന്നയിച്ച വിഷയങ്ങളില്‍ പരിഹാരം കാണണമെന്നും കര്‍ഷകര്‍ കത്തില്‍ പറയുന്നു. കേന്ദ്രത്തോട് ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

🔳പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിശ്വസിക്കാന്‍ ജനങ്ങള്‍ ഇപ്പോഴും തയ്യാറായിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷക നിയമങ്ങള്‍ ഔദ്യോഗികമായി പിന്‍വലിക്കുംവരെ കര്‍ഷകര്‍ സമരം തുടരുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് രാഹുലിന്റെ പ്രതികരണം. പൊള്ളവാക്കുകളില്‍ നിന്ന് ഏറെ അനുഭവിച്ചിട്ടുള്ള ജനങ്ങള്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല. കര്‍ഷക സമരം തുടരും’, രാഹുല്‍ ട്വീറ്റ് ചെയ്തു.

🔳മാപ്പുപറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ലെന്നും കാര്‍ഷിക ബില്ലിനെതിരെ നടന്ന സമരത്തിനിടെ ജീവന്‍ വെടിഞ്ഞ കര്‍ഷകരുടെ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്നും നടന്‍ പ്രകാശ് രാജ്. ദില്ലിയില്‍ നടന്ന പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട 750 കര്‍ഷകര്‍ക്ക് തെലങ്കാന സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെ അഭിനന്ദിച്ചുകൊണ്ടുള്ള കെ.ടി. രാമറാവുവിന്റെ ട്വീറ്റ് പങ്കുവച്ച് കൊണ്ടാണ് പ്രകാശ് രാജ് ഇക്കാര്യം ഉന്നയിച്ചത്.

🔳കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും തിരിച്ചുകൊണ്ടുവരാനും സാധ്യതയുണ്ടെന്ന് സൂചിപ്പിച്ച് ബിജെപി എംപി സാക്ഷി മഹാരാജ്.’ബില്ലുകള്‍ നിര്‍മ്മിക്കും, അവ പിന്‍വലിക്കും. ചിലപ്പോള്‍ വീണ്ടും കൊണ്ടുവരും, വീണ്ടും നിര്‍മ്മിക്കും, അതിനൊന്നും അധികം സമയം ആവശ്യമില്ല. എന്നാല്‍ ഞാന്‍ പ്രധാനമന്ത്രി മോദി വലിയ മനസ് കാണിച്ചതിന് നന്ദി പറയുന്നു. എല്ലാ നിയമത്തിനും മുകളില്‍ അദ്ദേഹം രാജ്യത്തെ കണ്ടു. പാകിസ്ഥാന്‍ സിന്ദാബാദ്,ഖാലിസ്ഥാന്‍ സിന്ദാബാദ് തുടങ്ങിയ മുദ്രവാക്യം ഉയര്‍ത്തിയവരുടെ ഉദ്ദേശം നടപ്പിലായില്ല. അവര്‍ക്ക് കനത്ത മറുപടി നല്‍കി’ – സാക്ഷി മഹാരാജ് പറഞ്ഞു. അതേ സമയം രാജസ്ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്രയും കഴിഞ്ഞ ദിവസം സമാനമായ പ്രസ്താവന നടത്തിയിരുന്നു.

🔳വിലക്കയറ്റം തടയാന്‍ പൊതുവിതരണ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. വെള്ളപ്പൊക്കം മൂലമുണ്ടായ പച്ചക്കറികളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വിലക്കയറ്റമാണ് പ്രധാനമായുമുള്ളത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ വിലക്കയറ്റത്തെ സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുവിതരണ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു.

🔳ശബരിമല ദര്‍ശനത്തിന് സ്പോട്ട് ബുക്കിങ്ങ് സംവിധാനം സജീവമായതോടെ സന്നിധാനത്ത് ഭക്തജനത്തിരക്ക്. വിര്‍ച്വല്‍ ക്യു ബുക്കിങ്ങ് ക്യാന്‍സല്‍ ചെയ്യുന്നവരുടെ എണ്ണവും കുറഞ്ഞു. പമ്പയില്‍ ഇരുമുടി കെട്ട് നിറയ്ക്കാനുള്ള സൗകര്യവും തുടങ്ങിയതോടെ പതിനായിരത്തിലധികം ആളുകളാണ് ഇന്നലെ ദര്‍ശനം നടത്തിയത്.

🔳കോഴിക്കോട് പാരഗണ്‍ ഹോട്ടലുമായി ബന്ധപ്പെട്ട ‘ഹലാല്‍ വിവാദം’ ഫേസ്ബുക്ക് പോസ്റ്റ് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ പിന്‍വലിച്ചു. പോസ്റ്റിന് എതിരെ ബിജെപി നേതാക്കള്‍ രംഗത്തു വന്നത്തോടെ ആണ് നടപടി. പോസ്റ്റ് പിന്‍വലിക്കാന്‍ സംസ്ഥാന നേതൃത്വം നിര്‍ദേശിക്കുകയായിരുന്നു.തന്റെ പോസ്റ്റ് പാരഗണ്‍ ഹോട്ടലിനു എതിരായ പ്രചാരണത്തിന് എതിരെ ആയിരുന്നു എന്ന് സന്ദീപ് വാര്യര്‍ പറയുന്നു. പാര്‍ട്ടി നിലപാടിന് വിരുദ്ധം ആണ് പോസ്റ്റ് എന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. പാര്‍ട്ടി നിലപാട് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞതോടെ പോസ്റ്റ് പിന്‍വലിക്കുന്നുവെന്നും അച്ചടക്കമുള്ള പ്രവര്‍ത്തകന്‍ ആണ് താന്‍ എന്നും സന്ദീപ് വാര്യര്‍ പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

🔳പൊതുസ്ഥലങ്ങളിലെ ഭക്ഷണശാലകളിലെ ഹലാല്‍ സമ്പ്രദായവും ബോര്‍ഡും സംസ്ഥാന സര്‍ക്കാര്‍ നിരോധിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍. മുത്തലാഖ് പോലൊരു ദുരാചാരമാണ് ഹലാല്‍ എന്നും സുധീര്‍ പറഞ്ഞു.

🔳സിപിഎം നേതാക്കള്‍ക്ക് എതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സില്‍വര്‍ലൈന്‍ പദ്ധതിയെപ്പറ്റി ധാരണയില്ലാത്ത സിപിഎം നേതാക്കളാണ് പാതയ്ക്കായി വാശിപിടിക്കുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. വിഷയത്തില്‍ ധാരണ ഇല്ലാത്തതിനാലാണ് സിപിഎം ആക്ടിംഗ് സെക്രട്ടറി പ്രതികരിക്കാത്തതെന്നും സതീശന്റെ വിമര്‍ശനം. ഹലാല്‍ ചര്‍ച്ചകള്‍ അനാവശ്യമെന്നും ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയ സംഘടനകള്‍ ഇതിന് പുറകിലുണ്ടെന്നും സര്‍ക്കാര്‍ അന്വേഷണം നടത്താന്‍ തയ്യാറാകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

🔳അമ്മയറിയാതെ ദത്ത് നല്‍കിയ, അനുപമയുടെ കുഞ്ഞിനെ കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം തിരുവനന്തപുരത്തെത്തിച്ചു. ആന്ധ്രയില്‍ നിന്നും കുഞ്ഞിനെ രാത്രി എട്ടരയോടെയാണ് കൊണ്ടുവന്നത്. തുടര്‍ന്ന് പോലീസ് സംരക്ഷണയില്‍ കുഞ്ഞിനെ നഗരത്തിലെ ഒരു ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. രണ്ടു ദിവസത്തിനു ശേഷം കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന നടത്തും. കുഞ്ഞ് അനുപമയുടേതാണോ എന്ന് ഉറപ്പാക്കാനുള്ള ഡിഎന്‍എ പരിശോധനഫലം പോസിറ്റീവായാല്‍ നിയമോപദേശം സ്വീകരിച്ച ശേഷം കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാനുള്ള തീരുമാനം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി എടുക്കും.

🔳കുര്‍ബാന ഏകീകരണവിഷയത്തില്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ സഭാ സംരക്ഷണ സമിതിയുടെ പ്രതിഷേധം. കുര്‍ബാന ഏകീകരണം നടപ്പാക്കണമെന്നും സിനഡ് തീരുമാനം നടപ്പിലാക്കാന്‍ കഴിയില്ലെങ്കില്‍ മെത്രാപ്പോലീത്തന്‍ ആന്റണി കരിയിലിനെ മെത്രാപ്പോലീത്തന്‍ വികാരി എന്ന പദവിയില്‍ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടാണ് ബിഷപ്പ് ഹൗസിന് മുന്നില്‍ പ്രതിഷേധം നടന്നത്.

🔳മമ്പറത്ത് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിനെതിരേ വിമര്‍ശനവുമായി സുരേഷ് ഗോപി എംപി. കൊലപാതകം ചെയ്തത് അറിഞ്ഞിട്ടും പോലീസ് ഒന്നും ചെയ്തില്ലെന്ന് പറഞ്ഞ അദ്ദേഹം പ്രതികള്‍ രക്ഷപെട്ടതിന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ഉത്തരം പറയണമെന്നും ആവശ്യപ്പെട്ടു.

🔳ആന്ധ്രാ മഴക്കെടുതിയില്‍ മരണം 39 ആയി. കനത്ത മഴ തുടരുന്നതിനാല്‍ തിരുപ്പതിയില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. ഇന്ന് പുലര്‍ച്ചയോടെ മഴ കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ ദുരിതപെയ്ത്താണ് ആന്ധ്രയില്‍ സംഭവിച്ചത്. നെല്ലൂര്‍ ചിറ്റൂര്‍ കഡപ്പ അടക്കം കിഴക്കന്‍ ജില്ലകള്‍ പ്രളയത്തിലാണ്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകള്‍ വെള്ളത്തിലാണ്. ഒഴുക്കില്‍പ്പെട്ട അമ്പതോളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ബസ് ഒഴുക്കില്‍പ്പെട്ട് കാണാതായ 15 യാത്രകാര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

🔳സച്ചിന്‍ പൈലറ്റിനൊപ്പമുള്ളവരെ കൂടി ഉള്‍പ്പെടുത്തി രാജസ്ഥാന്‍ മന്ത്രിസഭ പുനസംഘടിപ്പിച്ചു. പുതുതായി ചുമതലയേല്‍ക്കുന്ന പതിനഞ്ച് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. 11 ക്യാബിനറ്റ് മന്ത്രിമാരും നാല് സഹമന്ത്രിമാരും ആണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്.

🔳ബംഗാളി സിനിമ താരവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ സായോണി ഘോഷ് ത്രിപുരയില്‍ അറസ്റ്റില്‍. സയോണിയെ പോലീസ് സ്റ്റേഷനില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചതായും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ ആരോപണം ബി.ജെ.പി നിഷേധിച്ചു. മുഖ്യമന്ത്രി ബിപ്ലവ് ദേബിന്റെ പരിപാടി തടസ്സപ്പെടുത്തിയതിനാണ് സയോണിയെ അറസ്റ്റ് ചെയ്തതെന്നാണ് ബി.ജെ.പി വാദം.

🔳ഉത്തരാഖണ്ഡില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സൗജന്യ തീര്‍ത്ഥാടന പദ്ധതി കൊണ്ടുവരുമെന്ന വാഗ്ദാനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഹിന്ദുമത വിശ്വാസികള്‍ക്ക് സൗജന്യ അയോധ്യ യാത്രയും മുസ്ലിം മതസ്ഥര്‍ക്ക് സൗജന്യ അജ്മീര്‍ യാത്രയും സിഖ് വിശ്വാസികള്‍ക്ക് സൗജന്യ കര്‍താര്‍പുര്‍ സാഹിബ് യാത്രയുമാണ് കെജ്രിവാളിന്റെ വാഗ്ദാനം.

🔳ലോകത്തിലെ ഏറ്റവും വലിയ മരവിഭാഗങ്ങളിലൊന്നായ സെക്കോയ മരങ്ങളുടെ 20 ശതമാനവും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെയുണ്ടായ കാട്ടുതീയില്‍ നശിച്ചതായി റിപ്പോര്‍ട്ട്. സെക്കോയയുടെ ആയിരക്കണക്കിന് മരങ്ങളാണ് 2021ല്‍ മാത്രം കാട്ടുതീയില്‍ നശിച്ചത്. രണ്ട് വര്‍ഷത്തിനിടെയുണ്ടായ കാട്ടുതീയുടെ ആഘാതം ലോകത്തിലെ ഏറ്റവും വലിയ മരങ്ങളിലൊന്നായ സെക്കോയുടെ അഞ്ചിലൊന്നിനെയും നാശത്തിന്റെ വക്കിലെത്തിച്ചു.

🔳ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 73 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസ് 17.2 ഓവറില്‍ 111 റണ്‍സിന് ഓള്‍ ഔട്ടായി. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി. ഇന്ത്യയ്ക്ക് വേണ്ടി അക്ഷര്‍ പട്ടേല്‍ മൂന്നോവറില്‍ 9 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്നുവിക്കറ്റെടുത്തു. അര്‍ധസെഞ്ചുറി നേടിയ നായകന്‍ രോഹിത് ശര്‍മയുടെ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

🔳ശാസ്ത്രി പറഞ്ഞ നിലവാരമില്ലാത്ത പ്രസ്താവനയൊന്നും ദ്രാവിഡില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഗൗതം ഗംഭീര്‍.”വിനയമാണ് പ്രധാനമായിട്ടും വേണ്ടത്. മോശം രീതിയില്‍ കളിച്ചാലും നല്ലതുപോലെ കളിച്ചാലും വിനയത്തോടെ സംസാരിക്കണം. ടീമിന്റെ വിജയങ്ങളേയും പ്രകടനത്തേയും കുറിച്ച് മറ്റുള്ളവരാണ് സംസാരിക്കേണ്ടത്. അല്ലാതെ മറ്റൊരു നേട്ടത്തെ ഇകഴ്ത്തി മറ്റൊന്നിനെ പുകഴ്ത്തി പറയുന്നത് നിലവാരമില്ലായ്മയാണ്. രാഹുല്‍ ദ്രാവിഡില്‍ നിന്ന് അത്തരത്തിലൊന്ന് ഉണ്ടാവില്ലെന്ന് എനിക്ക് ഉറപ്പാണ്.” ഗംഭീര്‍ പറഞ്ഞു. 2019ല്‍ ഓസ്‌ട്രേലിക്കെതിരെ പരമ്പര നേടിയപ്പോള്‍ ശാസ്ത്രി പറഞ്ഞ വാചകം ഏറെ ചര്‍ച്ചയായിരുന്നു. 1983ലെ ലോകകപ്പിനേക്കാള്‍ വലിയ വിജയം എന്നാണ് ശാസ്ത്രി പറഞ്ഞ്.

🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഈസ്റ്റ് ബംഗാള്‍-ജംഷേദ്പുര്‍ മത്സരം സമനിലയില്‍. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.

🔳ഒരിന്നിങ്‌സില്‍ പത്ത് വിക്കറ്റ് സ്വന്തമാക്കി ദക്ഷിണാഫ്രിക്കയുടെ ഇടങ്കയ്യന്‍ സ്പിന്നര്‍ സീന്‍ വൈറ്റ്‌ഹെഡ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലാണ് വൈറ്റ്‌ഹെഡിന്റെ റെക്കോഡ്. ദക്ഷിണാഫ്രിക്കയുടെ ഫസ്റ്റ് ക്ലാസ് ടൂര്‍ണമെന്റില്‍ സൗത്ത് വെസ്റ്റേണ്‍ ഡിസ്ട്രിക്‌സും ഈസ്റ്റേണ്‍ സ്റ്റോമും തമ്മിലുള്ള മത്സരത്തിലാണ് നേട്ടം.

🔳ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റിയ്ക്ക് തകര്‍പ്പന്‍ ജയം. എവര്‍ട്ടണെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയാണ് പെപ് ഗാര്‍ഡിയോളയും സംഘവും വിജയമാഘോഷിച്ചത്.

🔳പരിശീലകന്‍ ഒലേ സോള്‍ഷെയറെ പുറത്താക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് . മോശം പ്രകടനം തുടരുന്നതിനാലാണ് നടപടി എന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ക്ലബ് ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടുണ്ട്. ലീഗിലെ അവസാന ഏഴ് കളിയില്‍ യുണൈറ്റഡ് അഞ്ച് മത്സരവും തോറ്റതോടെയാണ് ഒലേ സോള്‍ഷെയറിനെതിരെ നടപടിയെടുത്തത്.

🔳കേരളത്തില്‍ ഇന്നലെ 53,892 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5080 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 40 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 156 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 37,495 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 28 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4776 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 252 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7908 പേര്‍ രോഗമുക്തി നേടി. ഇതോടെ 58,088 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 873, കോഴിക്കോട് 740, തിരുവനന്തപുരം 621, തൃശൂര്‍ 521, കണ്ണൂര്‍ 361, കോട്ടയം 343, കൊല്ലം 307, ഇടുക്കി 276, വയനാട് 228, പത്തനംതിട്ട 206, മലപ്പുറം 203, പാലക്കാട് 175, ആലപ്പുഴ 143, കാസര്‍ഗോഡ് 83.

🔳ആഗോളതലത്തില്‍ ഇന്നലെ 3,80,654 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 26,195 പേര്‍ക്കും ഇംഗ്ലണ്ടില്‍ 40,004 പേര്‍ക്കും റഷ്യയില്‍ 36,970 പേര്‍ക്കും തുര്‍ക്കിയില്‍ 21,177 പേര്‍ക്കും ഫ്രാന്‍സില്‍ 19,749 പേര്‍ക്കും ജര്‍മനിയില്‍ 36,860 പേര്‍ക്കും പോളണ്ടില്‍ 18,883 പേര്‍ക്കും നെതര്‍ലാന്‍ഡില്‍ 20,643 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 25.78 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.99 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 3,944 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 85 പേരും റഷ്യയില്‍ 1,252 പേരും ഉക്രെയിനില്‍ 377 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 51.67 ലക്ഷമായി.

🔳ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും പിന്നാലെ പാട്ടുകളും പങ്കുവെക്കാനുള്ള സൗകര്യം പരീക്ഷിക്കുകയാണ് ഇന്‍സ്റ്റാഗ്രാം. നിലവില്‍ സ്റ്റോറീസിലും, റീല്‍സിലുമാണ് ഉപഭോക്താക്കള്‍ക്ക് പാട്ടുകള്‍ പങ്കുവെക്കാന്‍ സാധിക്കുക. എന്നാല്‍ താമസിയാതെ തന്നെ ന്യൂസ് ഫീഡിലും പാട്ടുകള്‍ പങ്കുവെക്കാന്‍ കമ്പനി അനുവദിച്ചേക്കും. ഇന്ത്യയിലും ബ്രസീലിലും തുര്‍ക്കിയിലുമാണ് ഈ ഫീച്ചര്‍ പരീക്ഷിച്ചുവരുന്നത്. ചിത്രങ്ങള്‍ തിരഞ്ഞെടുത്ത ശേഷം ‘ആഡ് മ്യൂസിക്’ ഓപ്ഷനില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടപാട്ടുകള്‍ തിരഞ്ഞെടുക്കാം.ഇതിനായി ബ്രൗസ്, ട്രെന്‍ഡിങ്, ഫോര്‍ യൂ എന്നീ വിഭാഗങ്ങളുണ്ടാവും. പാട്ട് തിരഞ്ഞെടുത്താല്‍ അത് വീഡിയോയിലും ചിത്രങ്ങളിലും ചേര്‍ക്കപ്പെടും.

🔳ബ്രോഡ്ബാന്‍ഡ് രംഗത്ത് ജിയോയ്ക്ക് കനത്ത വെല്ലുവിളി സൃഷ്ടിച്ചുകൊണ്ട് കടന്നുവന്നിരിക്കുകയാണ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സ്ഥാപനമായ സ്റ്റാര്‍ലിങ്ക്.
ഇന്ത്യയുടെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ പോലും ബ്രോഡ്ബാന്‍ഡ് എത്തിക്കുമെന്ന പ്രഖ്യാപനവുമായാണ് ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്ത്യ സേവനമാരംഭിക്കാനൊരുങ്ങുന്നത്. അടുത്തിടെയാണ് സ്റ്റാര്‍ലിങ്ക് ഇന്ത്യ രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യയില്‍ നിന്ന് നിരവധി ഓര്‍ഡറുകള്‍ സ്റ്റാര്‍ലിങ്കിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2022 ഡിസംബറോടെ രാജ്യത്ത് സേവനം ആരംഭിക്കാനാണ് സ്‌പേസ് എക്‌സ് ലക്ഷ്യമിടുന്നത്.

🔳സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ജോസ് ഒരുക്കുന്ന ‘മ്യാവു’ ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത്. ‘ഹിജാബി’ എന്ന ഗാനമാണ് എത്തിയിരിക്കുന്നത്. സുഹൈയില്‍ കോയ രചിച്ച വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം ഒരുക്കി, അദീഫ് മുഹമ്മദ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തില്‍ സൗബിന്റെ ഭാര്യയായിട്ടാണ് മംമ്ത എത്തുന്നത്. യുഎഇലെ റാസല്‍ഖൈമിയില്‍ താമസിക്കുന്ന ദസ്തക്കീറിന്റെയും കുടുംബത്തിന്റെയും കഥയാണ് മ്യാവു. ചിത്രത്തില്‍ ഒരു പൂച്ചയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഇരുവരെയും കൂടാതെ സലീം കുമാര്‍, ഹരിശ്രീ യുസഫ്, കുറെ പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

🔳ഒള്ളുള്ളേരു ഗാനം റിലീസായി ഒരു മാസം പിന്നിട്ടെങ്കിലും യൂട്യൂബിലും റീല്‍സിലും അതിന്റെ മാറ്റൊലികള്‍ അവസാനിച്ചിട്ടില്ല. 4 മില്ല്യണിലധികം ആളുകള്‍ പാട്ട് കണ്ടുകഴിഞ്ഞു. ആന്റണി പെപ്പെയോടൊപ്പം ശ്രദ്ധ പിടിച്ചുപറ്റിയവരാണ് ഗാനത്തില്‍ മണവാളനും മണവാട്ടിയുമായി എത്തിയ ശ്രീകാന്തും ജെനിയും. ഗംഭീര ആക്ഷന്‍ സീക്വന്‍സുകളുമായി ഒരുങ്ങുന്ന ‘അജഗജാന്തരം’ ആന്റണി വര്‍ഗീസിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ്. ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നവിടെ 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ക്രിസ്മസ് റിലീസായാണ് ചിത്രം തീയേറ്ററില്‍ എത്തുക.

🔳എഡ്ഗാര്‍ അലന്‍പോ മുതല്‍ രബീന്ദ്രനാഥ ടാഗോര്‍ വരെ. ലോകകഥയിലെ എക്കാലത്തെയും മികച്ച കഥകളുടെ സമാഹാരം. പരിഭാഷ: ജസ്റ്റിന്‍ ജോണ്‍. ‘ലോക ക്ലാസിക് കഥകള്‍’. മാതൃഭൂമി. വില 160 രൂപ.

🔳മാരുതി സുസുക്കി-ടൊയോട്ട കൂട്ടുകെട്ടില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന മൂന്നാമത്തെ വാഹനമായ ബെല്‍റ്റ സെഡാന്‍ മിഡില്‍ ഈസ്റ്റ് വിപണിയില്‍ അവതരിപ്പിച്ചു. മാരുതി സുസുക്കി സിയാസിനെ അടിസ്ഥാനമാക്കി ടൊയോട്ട പുറത്തിറക്കുന്ന വാഹനമാണ് ബെല്‍റ്റ എന്ന പേരില്‍ വിദേശ നിരത്തുകളില്‍ എത്തിയിട്ടുള്ളത്. ഇന്ത്യന്‍ വിപണിയില്‍ ഈ വാഹനം 2022-ന്റെ തുടക്കത്തോടെ പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെക്കാനിക്കല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടെയുള്ളവയും സിയാസിലേത് തുടര്‍ന്നാണ് ബെല്‍റ്റയും എത്തിയിട്ടുള്ളത്.

🔳ഈ കൊവിഡ് കാലത്ത് ഏറ്റവുമധികം ശ്രദ്ധ നല്‍കേണ്ട ഒന്നാണ് വായയുടെ ശുചിത്വം. മോശം വായ ശുചിത്വവും മോണരോഗങ്ങളും കൊവിഡിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചേക്കാമെന്നാണ് ബ്രിട്ടീഷ് ഡെന്റല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. മോശം വായ ശുചിത്വമുള്ള ആളുകള്‍ക്ക് കൊറോണ വൈറസ് പിടിപെട്ടാല്‍ കൂടുതല്‍ ഗുരുതരമായ രോഗലക്ഷണങ്ങളുണ്ടാകുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. മോണരോഗമുള്ള കെവിഡ് രോഗികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത മൂന്ന് മടങ്ങ് കൂടുതലാണ്. മാത്രമല്ല കൊവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത ഒമ്പത് മടങ്ങുമാണെന്നും പഠനത്തില്‍ പറയുന്നു. ദന്താരോഗ്യം നിലനിര്‍ത്തുന്നത് കൊവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിനും ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊവിഡിന്റെയും മറ്റ് ശ്വാസകോശ വൈറല്‍ രോഗങ്ങളുടെയും ഒരു വലിയ പ്രശ്നം ബാക്ടീരിയ സൂപ്പര്‍ ഇന്‍ഫെക്ഷനുകളാണ്. വൈറസ് നേരിട്ട് ബാധിച്ച ഭാഗങ്ങള്‍ ശ്വാസകോശം, ശ്വാസനാളങ്ങള്‍ എന്നിവ – ഒരേസമയം ബാക്ടീരിയകളാല്‍ ബാധിക്കപ്പെടുന്ന ഭാഗമാണ്. മോണരോഗം ഉള്ളവരില്‍ കൊവിഡ് രോഗം ഉണ്ടാകുവാനും അതിന്റെ സങ്കീര്‍ണതകള്‍ കൂടുതലാകാനും സാധ്യത ഏറെയാണ്. പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങള്‍ എന്നത് പോലെ തന്നെ ദന്തരോഗങ്ങള്‍ ഉള്ളവരിലും കൊവിഡ് പിടിപെടാനും അതിന്റെ കാഠിന്യം കൂടുന്നതായി ഹൈദരാബാദില്‍ നടത്തിയ ഗവേഷണം വ്യക്തമാക്കുന്നു.

*ശുഭദിനം*

ഒരിക്കല്‍ ഗുരു പ്രഭാഷണം നടത്തുകയായിരുന്നു. പ്രഭാഷണത്തിനിടയില്‍ ശിഷ്യന്മാര്‍ ഗുരുവിനോട് ചോദിച്ചു: ഒരു ദിവസത്തേക്ക് മാത്രം രാജാവായാല്‍ അങ്ങ് എന്ത് ചെയ്യും? ഗുരു പറഞ്ഞു: ഞാന്‍ എന്റെ അടുത്തുളളവരുടെ പേരുകള്‍ പഠിക്കുകയാവും ആദ്യം ചെയ്യുക. ശിഷ്യര്‍ക്ക് അത്ഭുതമായി. അവര്‍ ചോദിച്ചു: അതൊരു ചെറിയകാര്യമല്ലേ.. ഭരണം നടത്താന്‍ എന്തിനാണ് എല്ലാവരുടേയും പേരുകള്‍ പഠിക്കുന്നത്? ഗുരു പറഞ്ഞു: പേരറിഞ്ഞാലേ അവരെ സുഹൃത്തുക്കളാക്കാന്‍ കഴിയുകയുള്ളൂ, സുഹൃത്തുക്കളായാലേ അവരുടെ ആവശ്യങ്ങള്‍ അറിയാന്‍ സാധിക്കൂ, ആവശ്യങ്ങളറിഞ്ഞാലേ ജനക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ആകൂ, ജനനന്മയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്താലേ രാജാവ് എന്ന വിളിപ്പേരിന് പോലും അര്‍ഹതയുള്ളൂ. ആളുകളെ അറിഞ്ഞില്ലെങ്കില്‍ ഒരിക്കലും അവരുടെ ഇഷ്ടങ്ങളോ മുന്‍ഗണനകളോ മനസ്സിലാവുകയില്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും നല്‍കണമെങ്കില്‍, അവര്‍ ആരാണെന്നും അവരുടെ ആവശ്യമെന്താണെന്നും തിരിച്ചറിയണം. വിശക്കുന്നവന് ഭക്ഷണം നല്‍കാന്‍ അയാളെ അറിയണമെന്നില്ല, പക്ഷേ, വിശപ്പിന് പരിഹാരം കണ്ടെത്താന്‍ അയാളെ പ്രാപ്തനാക്കണമെങ്കില്‍ അയാളെ അറിഞ്ഞേ മതിയാകൂ. പരസ്പരം അറിയാതെ നടത്തുന്ന ഇടപെടലുകളാണ് ബന്ധങ്ങളില്‍ വിള്ളലുകള്‍ സൃഷ്ടിക്കുന്നത്. ഒരാളെ എന്ത് മാത്രം മനസ്സിലാക്കി എന്നതാണ് മറ്റുള്ളവരുമായുള്ള ബന്ധത്തിന്റെ ആഴം തീരുമാനിക്കുന്നത്. ആദ്യം നമുക്ക് മറ്റുള്ളവരെ അറിയാന്‍ ശ്രമിക്കാം അതിലൂടെ ആവശ്യങ്ങളും – *ശുഭദിനം.*

🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼

Leave a Reply

Your email address will not be published. Required fields are marked *