പ്രഭാത വാർത്തകൾ
🔳കര്‍ഷക സമരം തുടരാന്‍ സമര സമിതി തീരുമാനിച്ചു. ട്രാക്ടര്‍ റാലി അടക്കം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം സമരം നടക്കും. കാബിനറ്റില്‍ പോലും കൂടിയാലോചന നടത്താതെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. നിയമം റദ്ദാക്കുന്ന സാങ്കേതിക നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുന്നതില്‍ തീരുമാനം എടുക്കണമെന്ന് സമര സമിതി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമേ സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കൂ എന്ന് സമിതി വ്യക്തമാക്കി. താങ്ങ് വില ഉറപ്പാക്കാന്‍ നിയമം ഇല്ലാതെ സമരം നിര്‍ത്തില്ലെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.
🔳കര്‍ഷക സമരം നീണ്ടുപോകുന്നത് സിഖ് സമുദായത്തെ ബി.ജെ.പി.യില്‍ നിന്നും ഹിന്ദുക്കളില്‍ നിന്നും അകറ്റുന്നെന്ന ആര്‍.എസ്.എസ്. മുന്നറിയിപ്പാണ് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. കര്‍ഷകസമരം ഏറെയൊന്നും ഏശാതിരുന്ന ഹിമാചല്‍ പ്രദേശിലെ ഉപതിരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റുകളടക്കം കോണ്‍ഗ്രസിന് അടിയറ വെച്ചതും ഭരണനേതൃത്വത്തെ മാറ്റിച്ചിന്തിപ്പിച്ചുവെന്നും പാര്‍ട്ടി ഭരിക്കുന്ന ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും അടിയൊഴുക്കുകള്‍ ഉണ്ടാകുന്നു എന്ന വിശകലനവും നിയമം റദ്ദാക്കുന്നതിലേക്ക് നയിച്ചെന്നാണ് വിലയിരുത്തലുകള്‍.
🔳ബോളിവുഡ് നടി കങ്കണാ റണാവത്തിനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനെതിരെ കങ്കണ നടത്തിയ പരാമര്‍ശം രാജ്യദ്രോഹമാണെന്നാരോപിച്ചാണ് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ കങ്കണക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം കാര്‍ഷിക നിയമം പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു പരാതിക്കടിസ്ഥാനമായ പോസ്റ്റ് കങ്കണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. കങ്കണക്കെതിരെ ദില്ലി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റും ശിരോമണി അകാലിദള്‍ നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍സയും രംഗത്തെത്തി. കങ്കണയുടെ പരാമര്‍ശം സിഖുകാര്‍ക്കെതിരെയാണെന്നും അവര്‍ക്കെതിരെ നടപടിവേണമെന്നും കങ്കണയെ മാനസികാരോഗ്യ കേന്ദ്രത്തിലോ ജയിലിലോ അടക്കണമെന്നും വിദ്വേഷ പരാമര്‍ശം നടത്തിയതിന് കര്‍ശന നടപടി സ്വീകരിക്കണമെന്നും സിര്‍സ ട്വീറ്റ് ചെയ്തു.
🔳കര്‍ഷക സമരത്തിനിടെ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഉത്തരേന്ത്യയില്‍ നടന്ന ഒരു വര്‍ഷം നീണ്ട സമരത്തില്‍ 750ഓളം കര്‍ഷകരാണ് മരിച്ചത്. മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കണമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു കേന്ദ്ര സര്‍ക്കാറിനോടാവശ്യപ്പെട്ടു. സമരം ചെയ്ത കര്‍ഷകര്‍ക്കെതിരെയും സമരത്തെ പിന്തുണച്ചവര്‍ക്കെതിരെയും ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാനായി 22.5 കോടി രൂപയാണ് തെലങ്കാന സര്‍ക്കാറിന് ചെലവാകുക. മരിച്ച കര്‍ഷകരുടെ വിവരങ്ങള്‍ തെലങ്കാന സര്‍ക്കാറിന് നല്‍കാന്‍ സംഘടനാ നേതാക്കളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
🔳കാര്‍ഷിക നിയമം പിന്‍വലിക്കല്‍ തീരുമാനം മുട്ടുമടക്കിയതാണോ മുട്ടടിക്കുന്നതാണോ എന്ന് വരും ദിവസങ്ങളില്‍ കാണാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കര്‍ഷകര്‍ക്ക് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ എല്ലാം ചെയ്തത്. എത്രയോ കാലമായി കേരളം മണ്ഡി സംവിധാനത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയാണ്. ഉത്തരേന്ത്യയില്‍ കാര്‍ഷിക വിളകളുടെ വില്‍പ്പന കര്‍ഷക സഹകരണ സംഘങ്ങള്‍ വഴി ചന്തകളിലൂടെയാണ്. അതിവിടെയും കൊണ്ടുവരാന്‍ സിപിഎമ്മും കോണ്‍ഗ്രസും മുന്‍കൈ എടുക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
🔳ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’ക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി. കെപിസിസി നിര്‍വ്വാഹക സമിതിയംഗം അഡ്വ: ജോണ്‍സണ്‍ എബ്രഹാം ആണ് പരാതി നല്‍കിയിരിക്കുന്നത്. ഗുണ്ടാ സംസ്‌കാരത്തിന്റെ ഭാഗമാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയെന്നും ആയതിനാല്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ജോജു ജോര്‍ജും അടക്കമുള്ള അണിയറക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ജോണ്‍സണ്‍ പരാതിയില്‍ ആവശ്യപ്പെടുന്നു.
🔳ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് വ്യാപക പ്രക്ഷോഭത്തിനൊരുങ്ങി ബിജെപി. അമ്മമാരെ അണിനിരത്തി സംസ്ഥാന വ്യാപകമായി പ്രക്ഷോഭത്തിന് ഒരുങ്ങുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.
🔳വിമതര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാര്‍. ഷെയ്ക് പി ഹാരിസിനും വി സുരേന്ദ്രന്‍ പിള്ളയ്ക്കും നോട്ടീസ് അയക്കും. 48 മണിക്കൂറിനകം മറുപടി നല്‍കണമെന്നും മറുപടി തൃപ്തികരമെങ്കില്‍ പാര്‍ട്ടിയില്‍ തുടരാമെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്നത് സംഘടനാ വിരുദ്ധ പ്രവര്‍ത്തനമാണെന്നും വിഷയത്തില്‍ അപലപിക്കുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
🔳നോര്‍ക്ക റൂട്ട്സിന്റെ റസിഡന്റ് വൈസ് ചെയര്‍മാനായി പി. ശ്രീരാമകൃഷ്ണന്‍ നിയമിതനായി. 2016 മുതല്‍ 2021 വരെ കേരള നിയമസഭാ സ്പീക്കറായിരുന്ന പി.ശ്രീരാമകൃഷ്ണന്‍, പ്രവാസി മലയാളികള്‍ക്കായി ലോക കേരള സഭ എന്ന പൊതുവേദി യാഥാര്‍ഥ്യമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.
🔳അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റുവാങ്ങി. ആന്ധ്രയിലെ ഒരു ജില്ലാ കേന്ദ്രത്തിലെ ശിശുക്ഷേമസമിതി ഓഫീസില്‍ വെച്ച് കുഞ്ഞിനെ ദത്തെടുത്ത ആന്ധ്ര സ്വദേശികളായ ദമ്പതികളില്‍ നിന്നാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്.
🔳ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ നേരിട്ടുള്ള തെളിവ് ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ലെന്ന് കര്‍ണാടക ഹൈക്കോടതി. സംശയം വെച്ച് മാത്രം ജാമ്യം നല്‍കാതിരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. ലഹരിയിടപാടില്‍ ബിനീഷിന്റെ നേരിട്ടുള്ള പങ്കാളിത്വം ഇഡിക്ക് വ്യക്തമാക്കാനായിട്ടില്ല. ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കാതിരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ബിനീഷിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയിലാണ് ഹൈക്കോടതി പരാമര്‍ശം. വിധി പകര്‍പ്പിന്റെ വിശദാംശങ്ങള്‍ പുറത്ത് വന്നു.
🔳സര്‍ക്കാര്‍ പരിധിയില്‍ വരുന്ന സ്‌കൂളുകളില്‍ അധ്യാപികമാര്‍ക്ക് പ്രത്യേക വസ്ത്രം നിഷ്‌കര്‍ഷിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. അധ്യാപികമാര്‍ പ്രത്യേക വസ്ത്രം ധരിച്ചു വരണമെന്ന് നിഷ്‌കര്‍ഷിക്കാന്‍ സ്‌കൂളുകള്‍ക്ക് അധികാരമില്ലന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
🔳സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടും. നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. എത്ര രൂപ കൂട്ടണമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമാകുമെന്നും ബസ് ഉടമകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
🔳സംസ്ഥാനത്തെ തിയേറ്ററുകളിലെ മുഴുവന്‍ സീറ്റുകളിലും കാഴ്ചക്കാരെ അനുവദിക്കുന്നതിന് അനുമതിയില്ല. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പൊതുസ്ഥിതി വിലയിരുത്തിയാണ് കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ല എന്ന കാര്യത്തില്‍ ഇന്നലെ ചേര്‍ന്ന അവലോകനയോഗം തീരുമാനമെടുത്തത്.
🔳ഹിന്ദുവിനും മുസല്‍മാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഈ നാട്ടില്‍ ജീവിക്കാനാവില്ല എന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യര്‍. ഹലാല്‍ ഭക്ഷണ വിവാദം കടുത്ത വിദ്വേഷ പ്രചാരണങ്ങളിലക്ക് തിരിഞ്ഞ സാഹചര്യത്തിലാണ് സന്ദീപിന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് പറഞ്ഞുള്ള പ്രതികരണം. സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ നിങ്ങള്‍ക്കൊരു നിമിഷത്തെ സോഷ്യല്‍ മീഡിയ പോസ്റ്റ് മതിയാകുമെന്നും എന്നാല്‍ ഒരു സ്ഥാപനം തകര്‍ന്നാല്‍ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യരാവുമെന്നും സന്ദീപ് ജി വാര്യര്‍ കുറിച്ചു.
🔳ഓര്‍ത്തഡോക്സ്- യാക്കോബായ സഭാ തര്‍ക്കം തീര്‍ക്കാനുള്ള ജസ്റ്റിസ് കെ ടി തോമസിന്റെ നിര്‍ദ്ദേശങ്ങളില്‍ എതിര്‍പ്പ് അറിയിച്ച് ഓര്‍ത്തഡോക്സ് സഭ. കോടതി വിധികള്‍ എല്ലാം ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമാണെന്നും മറുവിഭാഗത്തിന്റെ എല്ലാ വാദങ്ങളും കോടതി തള്ളിയതാണെന്നും എന്നിട്ടും ജസ്റ്റിസ് തോമസിന്റെ നിര്‍ദ്ദേശങ്ങള്‍ യാക്കോബായ വിഭാഗത്തെ പിന്താങ്ങുന്നതാണെന്നും ഓര്‍ത്തഡോക്സ് സഭ വിമര്‍ശിക്കുന്നു.
🔳സിപിഎം ഒറ്റപ്പാലം ഏരിയാ സമ്മേളനത്തില്‍ ജില്ലാ നേതൃത്വത്തിന് വിമര്‍ശനം. ഒറ്റപ്പാലം അര്‍ബന്‍ ബാങ്ക് ക്രമക്കേടിനെ ചൊല്ലിയാണ് വിമര്‍ശനം. മുന്‍ എംഎല്‍എ ഹംസക്കെതിരെയുള്ള നടപടി റിപ്പോര്‍ട്ട് ചെയ്യാത്തതാണ് വിമര്‍ശനത്തിന് കാരണമായത്. നടപടി എന്തുകൊണ്ട് വൈകിയെന്നും വിമര്‍ശനമുയര്‍ന്നു. താക്കീത് ചെയ്ത നടപടിയെ അംഗങ്ങള്‍ പരിഹസിച്ചു. സിപിഎമ്മില്‍ എത്ര കോടി കട്ടാലാണ് താക്കീതെന്നും പ്രതിനിധികള്‍ എത്ര കോടി കട്ടാലാണ് സസ്‌പെന്‍ഷനെന്നും അംഗങ്ങള്‍ പരിഹസിച്ചു.
🔳ഇടുക്കി അടിമാലിയില്‍ യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച യുവതി പിടിയില്‍. അടിമാലി മന്നാങ്കണ്ടം സ്വദേശി ഷീബയാണ് അറസ്റ്റിലായത്. ആസിഡ് ആക്രമണത്തില്‍ തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാറിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായിരുന്നു. തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാറും, അടിമാലി സ്വദേശി ഷീബയും സമൂഹമാധ്യമം വഴിയാണ് പരിചയപ്പെടുന്നത്. ഷീബ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണെന്ന് തിരിച്ചറിഞ്ഞതോടെ യുവാവ് പ്രണയത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതാണ് ഷീബയെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു.
🔳വസ്തു ഇടപാടില്‍പ്പെട്ട് തട്ടിപ്പിനിരയായെന്ന് ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്‍. സമ്പാദ്യത്തിന്റെ 70 ശതമാനം ഭാഗമാണ് നഷ്ടപ്പെട്ടതെന്ന് താരം പറഞ്ഞു. തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ ആയിരുന്നു സെയ്ഫിന്റെ വെളിപ്പെടുത്തല്‍. മൂന്നു വര്‍ഷത്തിനുള്ളില്‍ വസ്തു കൈമാറാം എന്ന് പറഞ്ഞെങ്കിലും ഇതുവരെ ഒന്നും നടന്നില്ലെന്നും എന്നെങ്കിലും അത് തന്റെ കൈയ്യിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സെയ്ഫ് അറിയിച്ചു.
🔳ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവര്‍ക്കെതിരേ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി. ഇവര്‍ തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളില്‍ കുറ്റകരമായ ഒന്നും കണ്ടെത്താനായില്ലെന്നും ബോംബെ ഹൈക്കോടതി ഇന്നലെ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി. ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവര്‍ ഒരേ കപ്പലില്‍ യാത്രചെയ്തു എന്നതിനാല്‍ ഗൂഢാലോചനാക്കുറ്റം ചുമത്താന്‍ കഴിയില്ലെന്നും ജാമ്യം നല്‍കിയതിന്റെ കാരണം വിശദീകരിച്ചുള്ള ഉത്തരവില്‍ പറയുന്നു. എന്‍.സി.ബി. രേഖപ്പെടുത്തിയ കുറ്റസമ്മതമൊഴികള്‍ വിശ്വസിക്കാനാകില്ലെന്നും ഉത്തരവിലുണ്ട്.
🔳ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുക്കപ്പെട്ട് ഇന്‍ഡോര്‍. ഇത് അഞ്ചാം തവണയാണ് ഇന്‍ഡോര്‍ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുക്കപ്പെടുന്നത്. കേന്ദ്രസര്‍ക്കാരിന്റെ വാര്‍ഷിക ശുചിത്വ സര്‍വ്വെയിലാണ് ഇന്‍ഡോര്‍ ഒന്നാമതെത്തിയത്. സര്‍വ്വെ ഫലം ഇന്നലെയാണ് പ്രഖ്യാപിച്ചത്. സ്വച്ഛ സര്‍വ്വെക്ഷണ്‍ അവാര്‍ഡ് 2021 ന്റെ രണ്ടാം സ്ഥാനം ലഭിച്ചത് സൂറത്തിനും മൂന്നാം സ്ഥാനം വിജയവാഡയ്ക്കുമാണ്.
🔳ബി.ജെ.പി നേതാവും എം.പിയുമായ വരുണ്‍ ഗാന്ധി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. തൃണമൂല്‍ നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി അടുത്തയാഴ്ച ഡല്‍ഹിയിലെത്തുമ്പോള്‍ ഇരുവരും കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്.
🔳പാകിസ്താനുമായുള്ള അതിര്‍ത്തികള്‍ വ്യാപാര ആവശ്യത്തിനായി തുറക്കണമെന്ന ആവശ്യവുമായി പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജോത് സിങ് സിദ്ധു. നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുനിന്നുള്ള കടുത്ത സുരക്ഷാ ഭീഷണികളെ രാജ്യം നേരിടുന്നതിനിടെയാണിത്. കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശനത്തിന് എത്തിയ അദ്ദേഹം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ തന്റെ മുതിര്‍ന്ന സഹോദരന്‍ എന്ന് വിശേഷിപ്പിച്ചത് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. തൊട്ടുപിന്നാലെയാണ് അതിര്‍ത്തികള്‍ വ്യാപാര ആവശ്യത്തിനായി തുറക്കണമെന്ന സിദ്ധുവിന്റെ ആവശ്യം.
🔳അമേരിക്കന്‍ ഇലകട്രിക്ക് വാഹനക്കമ്പനിയായ ടെസ്ലയുടെ കാര്‍മേക്കേഴ്സ് ആപ്പ് തകരാറിലായതോടെ കുടുങ്ങി നിരവധിപ്പേര്‍. ആപ്പിന്റെ പ്രവര്‍ത്തനം തകരാറിലായതിന് പിന്നാലെ കാര്‍ സ്റ്റാര്‍ട്ട് പോലും ചെയ്യാനാവാതെ കുടുങ്ങിയത് നിരവധിപ്പേരാണ്. വാഹനവുമായി മൊബൈല്‍ ഫോണ്‍ കണക്ട് ചെയ്യാന്‍ സാധിക്കാതെ എറര്‍ മെസേജ് ലഭിച്ചുവെന്നാണ് നിരവധിപ്പേര്‍ പരാതിപ്പെട്ടത്.
🔳പുതിയ ബലാല്‍സംഗ വിരുദ്ധ നിയമത്തില്‍നിന്നും പ്രതികളുടെ ലൈംഗിക ഉത്തേജനം ഇല്ലാതാക്കുന്ന വ്യവസ്ഥ നിലവില്‍വന്ന് മൂന്നാം ദിവസം നീക്കം ചെയ്ത് പാക്കിസ്താന്‍. ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ ബുധനാഴ്ച ധൃതിപ്പെട്ട് പാസാക്കിയ ബലാല്‍സംഗം തടയാനുള്ള നിയമത്തിലെ നിര്‍ണായക വ്യവസ്ഥയാണ് ഒഴിവാക്കിയത്. രാസഷണ്ഡീകരണം ഇസ്ലാമിക വിശ്വാസത്തിന് ചേര്‍ന്നതല്ലെന്ന കൗണ്‍സില്‍ നിര്‍ദ്ദേശം അനുസരിച്ചാണ് നിലവിലെ നിയമം ഭേദഗതി ചെയ്തതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
🔳ഐഎസ്എല്ലിലെ ആവേശ പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ വീഴ്ത്തി വിജയത്തുടക്കമിട്ട് ബെംഗലൂരു എഫ്‌സി. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ബെംഗലൂരുവിന്റെ ജയം.
🔳ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് കാണികളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യവുമായി ബെംഗളുരു എഫ് സി ടീം ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍. ഇന്ത്യ-ന്യുസീലന്‍ഡ് ക്രിക്കറ്റ് പരമ്പരയ്ക്ക് കാണികളെ പ്രവേശിപ്പിക്കുകയും, ഐഎസ്എല്ലില്‍ നിന്ന് കാണികളെ വിലക്കുകയും ചെയ്യുന്നത് ശരിയല്ലെന്ന് ജിന്‍ഡാല്‍ ട്വീറ്റ് ചെയ്തു. ഒരേ രാജ്യത്ത് രണ്ട് നിയമം എങ്ങനെയെന്നും ജിന്‍ഡാല്‍ ചോദിച്ചു. ഇതാണ് സമീപനമെങ്കില്‍ എങ്ങനെ ഇന്ത്യയില്‍ ഫുട്ബോള്‍ വളരുമെന്നും ഐഎസ്എല്ലില്‍ ഹോം-എവേ അടിസ്ഥാനത്തിലുള്ള മത്സരങ്ങള്‍ പുനരാരംഭിക്കണമെന്നും ജിന്‍ഡാല്‍ ആവശ്യപ്പെട്ടു. ഐപിഎല്ലിലെ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിന്റെയും ഉടമയാണ് ജിന്‍ഡാല്‍.
🔳ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ചെല്‍സി. വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ചെല്‍സിക്ക് ആറു പോയിന്റെ ലീഡ് നേടാനായി.
🔳കേരളത്തില്‍ ഇന്നലെ 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,437 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 216 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 37,299 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5686 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 330 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 35 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6061 പേര്‍ രോഗമുക്തി നേടി. ഇതോടെ 61,114 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 949, എറണാകുളം 835, കൊല്ലം 772, തൃശൂര്‍ 722, കോഴിക്കോട് 553, കോട്ടയം 488, കണ്ണൂര്‍ 367, ഇടുക്കി 241, മലപ്പുറം 215, ആലപ്പുഴ 213, പത്തനംതിട്ട 212, പാലക്കാട് 205, വയനാട് 203, കാസര്‍ഗോഡ് 100.
🔳ആഗോളതലത്തില്‍ ഇന്നലെ 4,63,553 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 31,031 പേര്‍ക്കും ഇംഗ്ലണ്ടില്‍ 40,941 പേര്‍ക്കും റഷ്യയില്‍ 37,120 പേര്‍ക്കും തുര്‍ക്കിയില്‍ 23,347 പേര്‍ക്കും ഫ്രാന്‍സില്‍ 22,678 പേര്‍ക്കും ജര്‍മനിയില്‍ 48,245 പേര്‍ക്കും ഉക്രെയിനില്‍ 18,250 പേര്‍ക്കും പോളണ്ടില്‍ 23,414 പേര്‍ക്കും നെതര്‍ലാന്‍ഡില്‍ 21,794 പേര്‍ക്കും ചെക്ക് റിപ്പബ്ലികില്‍ 22,936 പേര്‍ക്കും ബെല്‍ജിയത്തില്‍ 21,502 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 25.73 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.98 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 5,358 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 335 പേരും റഷ്യയില്‍ 1,254 പേരും ഉക്രെയിനില്‍ 664 പേരും പോളണ്ടില്‍ 382 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 51.62 ലക്ഷമായി.
🔳തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയിലും രാജ്യത്തെ വിദേശനാണ്യ ശേഖരത്തിനു ഇടിവ്. നവംബര്‍ 12 ന് അവസാനിണ്‍ ആഴ്ചയിനു ശേഖരത്തിനു 76.3 കോടി ഡോളറിന്റെ കുറവാണുണ്ടായത്. ഇതോടെ ശേഖരം 6401.12 കോടി ഡോളര്‍ ആയി ചുരുങ്ങി. മുന്‍ ആഴ്ചയിലും വിദേശനാണ്യശേഖരത്തിനു 11.45 കോടി ഡോളറിന്റെ കുറവുണ്ടായിരുന്നു. വിദേശ കറന്‍സി ആസ്തിയിലുണ്ടായ ഇടിവാണ് മൊത്ത ശേഖരത്തിനു കുറവ് വരുത്തിയത്. അതേസമയം, രാജ്യത്തിന്റെ സ്വര്‍ണശേഖരം14.61 കോടി ഡോളര്‍ വര്‍ധിച്ച് 402.39 കോടി ഡോളര്‍ ആയി.
🔳നടന്‍ ചെമ്പന്‍ വിനോദിന്റെ ഭാര്യയും സിനിമയിലേക്ക്. കുഞ്ചാക്കോ ബോബനും ചെമ്പന്‍ വിനോദും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ഭീമന്റെ വഴി’ എന്ന ചിത്രത്തിലാണ് ചെമ്പന്റെ ഭാര്യ മറിയം തോമസ് അഭിനയിക്കുന്നത്. ഒരു നഴ്‌സിന്റെ കഥാപാത്രത്തെയാണ് മറിയം അവതരിപ്പിക്കുന്നത്. മറിയത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ചെമ്പന്‍ വിനോദ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ട്രെയ്‌ലറിലും മറിയത്തിന്റെ കഥാപാത്രത്തെ കാണിക്കുന്നുണ്ട്. വിന്‍സി അലോഷ്യസ്, ബിനു പപ്പു, ജിനു ജോസഫ്, നിര്‍മ്മല്‍ പാലാഴി, പ്രമോദ് വെളിയനാട്, സുരാജ് വെഞ്ഞാറമൂട്, ഭഗത് മാനുവല്‍ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
🔳വൈശാഖ സിനിമയും റിയല്‍ ക്രിയേഷനും ചേര്‍ന്ന് നിര്‍മ്മിച്ച് രമ്യ അരവിന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒരു ‘പോലീസുകാരന്റെ മരണം’. ഉര്‍വ്വശിയും സൗബിന്‍ ശാഹിറുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ഒരു പോലീസുകാരന്റെ ദുരൂഹ സാഹചര്യത്തിലുള്ള മരണവും അതിനെ തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഒരിടവേളക്ക് ശേഷം ഉര്‍വശി കേന്ദ്ര കഥാപാത്രമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്.
🔳ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്വാഗണ്‍ ഇന്ത്യ 2021 ടിഗ്വാന്‍ പ്രീമിയം എസ്യുവിയുടെ ഫെയ്സ്ലിഫ്റ്റ് 2021 ഡിസംബര്‍ 7 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഫോക്‌സ്വാഗണ്‍ ഇന്ത്യ അതിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫോക്സ് വാഗണ്‍ ഇന്ത്യ 2.0 സ്ട്രാറ്റജിയുടെ ഭാഗമായാണ് വാഹനം വരുന്നത്. ഈ പദ്ധതിയുടെ ഭാഗമായി കമ്പനി ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് മുമ്പ് പ്രഖ്യാപിച്ച നാല് എസ്യുവികളില്‍ ഒന്നാണ് ഈ ഫെയ്സ്ലിഫ്റ്റഡ് അഞ്ച് സീറ്റര്‍ എസ്യുവി. 26 ലക്ഷം മുതല്‍ 29 ലക്ഷം രൂപ വരെയാണ് ഇന്ത്യ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കുന്നത്.
🔳കഥാലോകത്ത് ഇത് ഒരു പുതിയ സരണിയാണെന്നു തന്നെ പറയാം. ആരും കാണാതെ പോകുന്നതിനെ കാണുകയും നിത്യജീവിതത്തില്‍ അതിന്റെ പ്രധാന്യം വിലയിരുത്തുകയും ചെയ്യുന്ന കഥകള്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ പ്രയോജനപ്പെടുത്തുന്ന സദുപദേശങ്ങളും സാരാംശങ്ങളും അടങ്ങുന്ന കഥകള്‍. ‘സുന്ദര ഗ്രാമം’. ശിവകുമാര്‍ മേനോന്‍. മാക്സ് ബുക്സ്. വില 180 രൂപ.
🔳അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ ഉള്ള മുതിര്‍ന്നവര്‍ക്ക് ഉത്കണ്ഠ രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. 20-39 വയസ് പ്രായമുള്ള മുതിര്‍ന്നവരില്‍ നാലില്‍ ഒരാള്‍ക്ക് എഡിഎച്ച്ഡി ഉള്ളതായി യുഎസില്‍ ദേശീയതലത്തില്‍ നടത്തിയ ഒരു പുതിയ പഠനം കണ്ടെത്തി. ജേണല്‍ ഓഫ് അഫക്റ്റീവ് ഡിസോര്‍ഡേഴ്സിലാണ് പഠനം പ്രസിദ്ധീകരിച്ചത്. എഡിഎച്ച്ഡി ഇല്ലാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ എഡിഎച്ച്ഡി ഉള്ളവര്‍ക്ക് അവരുടെ ജീവിതത്തിലെ ചില ഘട്ടങ്ങളില്‍ ഡിസോര്‍ഡര്‍ ഉണ്ടാകാനുള്ള സാധ്യത നാലിരട്ടി കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു. മുതിര്‍ന്നവരുടെ എഡിഎച്ച്ഡി വിഷാദരോഗത്തിലേക്കും ആത്മഹത്യയിലേക്കും ബന്ധിപ്പിക്കുന്നതായി നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. എഡിഎച്ച്ഡി ഉള്ളവരില്‍ ജിഎഡിയുമായി ബന്ധപ്പെട്ട നിരവധി ഘടകങ്ങളെ പഠനം തിരിച്ചറിഞ്ഞു. കുട്ടിക്കാലത്തെ ലൈംഗികമോ ശാരീരികമോ ആയ ദുരുപയോഗം സംഭവിച്ചവര്‍ക്ക് അല്ലെങ്കില്‍ മാതാപിതാക്കളുടെ വിട്ടുമാറാത്ത ഗാര്‍ഹിക പീഡനം പോലുള്ള പ്രതികൂല ബാല്യകാല അനുഭവങ്ങള്‍ അനുഭവിച്ചവര്‍ക്ക് ഉത്കണ്ഠാ രോഗത്തിനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണ്. ഉത്കണ്ഠാ രോഗങ്ങളുള്ള എഡിഎച്ച്ഡി ഉള്ളവരില്‍ അറുപത് ശതമാനം പേരും ഈ പ്രതികൂല ബാല്യകാല അനുഭവങ്ങളിലൊന്നെങ്കിലും അനുഭവിച്ചിട്ടുണ്ടാകാം. കനേഡിയന്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സര്‍വേ-മെന്റല്‍ ഹെല്‍ത്തില്‍ നിന്ന് 20-39 വയസ് പ്രായമുള്ള 6,898 പേരില്‍ പഠനം നടത്തി. അവരില്‍ 272 പേര്‍ക്ക് എഡിഎച്ച്ഡിയും 682 പേര്‍ക്ക് ജിഎഡിയും ഉണ്ടായിരുന്നതായി കണ്ടെത്തി. ‘കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി’ ഉത്കണ്ഠ, വിഷാദം, അഉഒഉ ലക്ഷണങ്ങള്‍ എന്നിവ കുറയ്ക്കുന്നതിന് വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. നാഡീവികാസവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഒരു മാനസികരോഗമാണ് അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ (എഡിഎച്ച്ഡി). ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കുക, ഒരാളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തില്‍ പെരുമാറ്റം നിയന്ത്രിക്കാന്‍ കഴിയാതിരിക്കുക തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.
*ശുഭദിനം*
രാജ്യത്ത് ആഭ്യന്തരയുദ്ധം നടക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരം ലഭിച്ചു. ചക്രവര്‍ത്തി തന്റെ ഗുരുവായ കണ്‍ഫ്യൂഷസിനെ കാണാന്‍ തീരുമാനിച്ചു. പക്ഷേ, അദ്ദേഹത്തെ കാണാനില്ലെന്ന് മന്ത്രി അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹത്തെ കണ്ടെത്താന്‍ ചക്രവര്‍ത്തി മന്ത്രിമാരെ അറിയിച്ചു. ഒരുപാട് അന്വേഷണത്തിന് ശേഷം ഒരു അത്തിമരചുവട്ടില്‍ ധ്യാനനിമഗ്നനായിരിക്കുന്ന കണ്‍ഫ്യൂഷസിനെ അവര്‍ കണ്ടു. അവര്‍ പറഞ്ഞു: രാജ്യത്ത് ആഭ്യന്തരകലാപത്തിനുള്ള സാധ്യതയുണ്ട്. അങ്ങേക്ക് എങ്ങിനെയാണ് ഇങ്ങനെ ഒന്നും ചെയ്യാതെ ഇവിടെ ഇരിക്കാന്‍ സാധിക്കുന്നത്. താങ്കള്‍ എത്രയും വേഗം കൊട്ടാരത്തിലെത്തണം. കണ്‍ഫ്യൂഷ്യസ് പറഞ്ഞു: ഞാന്‍ രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. ഒരിക്കലും നിസ്സംഗനായി ഇരിക്കരുതെന്നും രാജ്യസേവനം ചെയ്യണമെന്നും ഉപദേശിച്ച ഗുരുവിന് എന്ത് പറ്റിയെന്ന് അവര്‍ ചിന്തിച്ചു. ഗുരു തുടര്‍ന്നു : രാജ്യസേവനം നടത്താന്‍ സര്‍ക്കാരിന്റെ ഭാഗമാകണമെന്നില്ല. പ്രാര്‍ത്ഥനക്ക് ശേഷം ഞാന്‍ നടത്തുന്ന രോഗീപരിചരണവും അനാഥരുടെ സംരക്ഷണവും സാമൂഹികസേവനവും രാജ്യസേവനമാണ്. നമുക്ക് രണ്ട് തരത്തില്‍ കര്‍മ്മനിരതരാകാം. ഒന്ന്: ഓരോരുത്തരും നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ കൃത്യതയോടെ ചെയ്യാം. രണ്ട്: ഉള്ളില്‍ നിന്നും ഉയരുന്ന ഉത്തരവാദിത്വ ബോധത്തോടെ കര്‍മ്മനിരതരാകാം. സാമൂഹ്യസേവനത്തിന് പൊതുവഴികള്‍ മാത്രമാണ് പലര്‍ക്കും അറിയുക. പക്ഷേ അപൂര്‍വ്വം ചിലര്‍ മാത്രമാണ് തനതുവഴികള്‍ രൂപപ്പെടുത്തുന്നത്. അവ ചിലപ്പോള്‍ ജനശ്രദ്ധയാകര്‍ഷിക്കുന്ന കര്‍മ്മങ്ങളാകണമെന്നില്ല. ആരും കാണാതെ നടത്തുന്ന ഇടപെടലുകളാകും അത്തരം സല്‍കര്‍മ്മങ്ങള്‍. ലോകം നന്നാക്കാന്‍ എല്ലാവരും മുദ്രാവാക്യങ്ങളുമായി ഭൂഖണ്ഢങ്ങള്‍ ചുറ്റണമെന്നില്ല. സ്വന്തം പരിസരത്തെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞു പ്രതികരിച്ചാല്‍ മതി.