Saturday, October 19, 2024
Top News

35 യൂട്യൂബ് ചാനലുകൾ പൂട്ടും; കടുത്ത നടപടി ആവശ്യപ്പെട്ട് കേന്ദ്രം

 

ഇന്ത്യാ വിരുദ്ധ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് 35 യൂട്യൂബ് ചാനലുകൾ പൂട്ടാൻ കേന്ദ്രത്തിന്റെ നിർദേശം. പാകിസ്താൻ ആസ്ഥാനമായുള്ള യൂട്യൂബ് ചാനലുകൾക്കും രണ്ട് വാർത്താ പോർട്ടലുകൾക്കുമെതിരെയാണ് കേന്ദ്ര വാര്‍ത്താ-വിതരണ പ്രക്ഷേപണ മന്ത്രാലയം നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ഡിജിറ്റൽ മാധ്യമങ്ങളിലൂടെ ആസൂത്രിതമായി ഇന്ത്യാ വിരുദ്ധ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നാണ് ഇവയ്‌ക്കെതിരെ നടപടി ആവശ്യപ്പെടാൻ സർക്കാർ ഉന്നയിക്കുന്ന കാരണം.

ഖബർ വിത്ത് ഫാക്ട്‌സ്, ഖബർ തായ്‌സ്, ഇൻഫർമേഷൻ ഹബ്, ഫ്‌ളാഷ് നൗ, മേര പാകിസ്താൻ വിത്ത്, ഹഖീഖത്ത് കി ദുനിയ, അപ്‌നി ദുനിയ ടിവി എന്നിവ ഉൾപ്പെയുള്ള യൂട്യൂബ് ചാനലുകൾക്കെതിരെയാണ് നടപടി. ഇവയ്ക്ക് 12 മില്യൻ സബ്‌സ്‌ക്രൈബർമാരും നൂറു കോടിയിലേറെ കാഴ്ചക്കാരുമുണ്ടെന്ന് മന്ത്രാലയം സെക്രട്ടറി അപൂർവ ചന്ദ്ര വാർത്താസമ്മേളനത്തിൽ സൂചിപ്പിച്ചു. ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങൾ നടത്തുന്ന കൂടുതൽ ചാനലുകൾക്കെതിരെ നടപടിയുണ്ടാകുമെന്നും ഇത്തരം ചാനലുകൾ ശ്രദ്ധയിൽപെട്ടാൽ അറിയിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

കഴിഞ്ഞ ഡിസംബറിലും നിരവധി ചാനലുകൾക്കെതിരെ കേന്ദ്രം നടപടി ആവശ്യപ്പെട്ടിരുന്നു. പാകിസ്താൻ കേന്ദ്രമായുള്ള 20 യൂട്യൂബ് ചാനലുകളും വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്യാനാണ് ഇന്ത്യ ബന്ധപ്പെട്ട വൃത്തങ്ങളോട് ആവശ്യപ്പെട്ടത്. കേന്ദ്ര നിർദേശപ്രകാരം ഈ ചാനലുകൾ പിന്നീട് യൂട്യൂബ് ബ്ലോക്ക് ചെയ്തു.

Leave a Reply

Your email address will not be published.