ഇന്ന് സമ്മർ സോളിസ്റ്റിസ്; ഉത്തരാർദ്ധ ഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടുന്ന ദിവസം
ഉത്തരാർദ്ധ ഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടുന്ന ദിവസമാണിന്ന്. ജൂൺ ഇരുപത്തിയൊന്നിന് ലോക യോഗാദിനം ആചരിക്കുവാൻ ഇന്ത്യ ഈ ദിനം നിർദേശിച്ചത് ഈ പ്രത്യേകത ഉള്ളതിനാൽക്കൂടിയാണ്.
സൂര്യന്റെ സ്ഥാനമനുസരിച്ചാണ് ഓരോ പ്രദേശത്തെയും പകലിന്റെയും രാത്രിയുടെയും ദൈർഘ്യം തീരുമാനിക്കപ്പെടുന്നത്. ഭൂമിയുടെ സഞ്ചാരപഥത്തിനനുസരിച് ഇരു ധ്രുവങ്ങൾക്കിടയിലും സൂര്യന്റെ സ്ഥാനം മാറിക്കൊണ്ടിരിക്കും. ഭൂമിയുടെ ധ്രുവങ്ങളിൽ സൂര്യനിൽ നിന്ന് പരമാവധി ചെരിവ് വരുമ്പോഴാണ് ഉത്തരായനാന്തവും ദക്ഷിണായനാന്തവും സംഭവിക്കുന്നത്. അതാത് അർദ്ധഗോളത്തിൽ ദൈർഘ്യം കൂടിയ പകലുകളും ദൈർഘ്യം കുറഞ്ഞ രാത്രിയും ഈ ദിനങ്ങളിലാണ് ഉണ്ടാവുക.
ഭൂമിയുടെ ഉത്തരാർദ്ധ ഗോളത്തിൽ ഒരു വർഷത്തിൽ ഏറ്റവും നീണ്ട പകലും ഏറ്റവും ചെറിയ രാത്രിയും ഇന്നാണുണ്ടാവുക. ദക്ഷിണാർദ്ധ ഗോളത്തിൽ ഡിസംബർ 21 അല്ലെങ്കിൽ 22 എന്നീ ദിവസങ്ങളിൽ ആണ് ഇത് സംഭവിക്കുന്നത്.