51 ദിവസം, 3200 കിലോമീറ്റർ കപ്പൽ യാത്ര; ഒരാൾക്ക് പ്രതിദിനം 25,000 രൂപ ചെലവ് ! ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീജല സവാരിക്ക് ഇന്ത്യയിൽ തുടക്കമാകുന്നു
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീജല സവാരിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും.വാരണാസിയിൽ നിന്ന് ആരംഭിക്കുന്ന എം.വി.ഗംഗാ വിലാസ് കപ്പലിന്റെ യാത്ര വിവിധ പൈതൃക , വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സഞ്ചരിച്ച് ബംഗ്ലാദേശ് വഴി അസമിലെ ദിബ്രുഗഡിൽ അവസാനിക്കും.
51 ദിവസം 3200 കിലോമീറ്റർ. ഗംഗ, യമുന,ഭഗീരഥി, ഹൂഗ്ലി, ബ്രഹ്‌മപുത്ര നദീകളെ തൊട്ട് ഇന്ത്യയുടെ സാംസ്‌കാരിക പൈതൃക നഗരങ്ങളെ അറിഞ്ഞുളള യാത്ര. പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലാഗ് ഓഫ് ചെയ്യുന്ന എം.വി.ഗംഗാ വിലാസ് കപ്പലിന്റെ യാത്ര മാർച്ചിൽ അസമിലെ ദിബ്രുഗഢിലെത്തും. മൂന്ന് ഡെക്കുകൾ. 18 സ്യൂട്ടുകൾ. 36 വിനോദസഞ്ചാരികൾക്ക് ഒരേസമയം യാത്രചെയ്യാം. ഒരാൾക്ക് പ്രതിദിനം 25,000 രൂപ ചെലവ്.
കപ്പലിന്റെ ആദ്യ യാത്രയിൽ സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള 32 വിനോദസഞ്ചാരികൾ ഉണ്ടാകും.50ലധികം വരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ, ചരിത്ര സ്മാരകങ്ങൾ, വാരാണസി ഗംഗാ ആരതി, കാസിരംഗ നാഷണൽ പാർക്ക്, സുന്ദർബൻസ് ഡെൽറ്റ തുടങ്ങിയവ കാണാനും സഞ്ചാരികൾക്ക് അവസരമുണ്ട്.ബിഹാറിലെ പട്ന, ജാർഖണ്ഡിലെ സാഹിബ്ഗഞ്ച്, പശ്ചിമ ബംഗാളിലെ കൊൽക്കത്ത, ബംഗ്ലാദേശിലെ ധാക്ക, അസമിലെ ഗുവാഹത്തി തുടങ്ങിയ പ്രധാന നഗരങ്ങളിലൂടെ കടന്നുപോകും. പദ്ധതി രാജ്യത്തെ നദികളുടെ പ്രത്യേകതകൾ അറിയാനും , നദീജല ക്രൂസ് ടൂറിസത്തിന്റെ സാധ്യതകൾ തുറന്നു നൽകുന്നതുമാണെന്ന് തുറമുഖ മന്ത്രാലയം അറിയിച്ചു.