കാമുകിയെ മന്ത്രവാദിയുടെ സഹായത്തോടെ കൊലപ്പെടുത്തി യുവതി; യുപിൽ രണ്ട് പേർ അറസ്റ്റിൽ
ഉത്തർപ്രദേശിൽ ലെസ്ബിയൻ കമിതാക്കളിൽ ഒരാളെ മന്ത്രവാദിയുടെ സഹായത്തോടെ കൊലപ്പെടുത്തിയെന്ന് ആരോപണം. ലിംഗമാറ്റത്തിന്റെ മറവിൽ 30 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. യുവതിയെ കൊലപ്പെടുത്താൻ കാമുകി ഒന്നര ലക്ഷം രൂപ മന്ത്രവാദിക്ക് നൽകിയതായി പൊലീസ് കണ്ടെത്തി. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഷാജഹാൻപൂർ ജില്ലയിൽ നിന്നാണ് അരുംകൊലയുടെ വിശദാംശങ്ങൾ പുറത്തുവരുന്നത്. ആർസി മിഷൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരിയായ പ്രിയ എന്ന മുപ്പതുകാരിയാണ് കൊല്ലപ്പെട്ടത്. വീട്ടിൽ നിന്നിറങ്ങിയ പ്രിയയെ ഏപ്രിൽ 13 മുതൽ കാണാതാവുകയായിരുന്നു. വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകം പുറത്തായത്. 24 കാരിയായ പ്രീതിയുമായി പ്രിയ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് എസ് ആനന്ദ് പറയുന്നു.
പ്രിയയുമായുള്ള ബന്ധം പുറത്തറിഞ്ഞതോടെ പ്രശ്നങ്ങൾ ആരംഭിച്ചു. ഇതോടെ പ്രീതി ബന്ധത്തിൽ നിന്ന് പിന്മാറി. എന്നാൽ പ്രിയ തയ്യാറായില്ല. തുടർന്ന് പ്രീതിയും അമ്മ ഊർമിളയും ഒരു മന്ത്രവാദിയുടെ സഹായത്തോടെ പ്രിയയെ കൊല്ലാൻ പദ്ധതിയിട്ടു. പ്രിയയെ കൊല്ലാൻ പ്രീതിയുടെ അമ്മ ഒന്നര ലക്ഷം രൂപ മന്ത്രവാദിക്ക് വാഗ്ദാനം ചെയ്തു. കൂടാതെ പ്രിയയ്ക്ക് പുരുഷനാകാൻ ആഗ്രഹമുണ്ടെന്ന വിവരം പ്രീതി തന്ത്രിയെ അറിയിച്ചു. പ്ലാൻ അനുസരിച്ച് പ്രീതി പ്രിയയെ വിളിച്ച് തന്ത്രി ലിംഗമാറ്റം ചെയ്യുമെന്ന് വിശ്വസിപ്പിച്ചു.
പ്രിയയെ പുരുഷനാക്കാനെന്ന വ്യാജേന കാട്ടിലേക്ക് കൊണ്ടുപോയ മന്ത്രവാദി പ്രിയയോട് കണ്ണുകളടച്ച് പുഴക്കരയിൽ കിടക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് കോടാലി കൊണ്ട് തലയ്ക്ക് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പ്രതികളായ തന്ത്രിക് രാംനിവാസിനെയും പ്രീതിയെയും പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തതായി ആനന്ദ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച കോടാലി തന്ത്രിയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു.