ആപ്പിള്‍ കമ്പനി തങ്ങളെ വേട്ടയാടുന്നു; പരാതിയുമായി ആപ്പിള്‍ കര്‍ഷകര്‍
ആപ്പിള്‍ പഴത്തിന്റെ ചിത്രങ്ങള്‍ക്ക് മേല്‍ ടെക്ക് ഭീമന്‍ ആപ്പിള്‍ കമ്പനി നിയമപോരാട്ടത്തിലൂടെ ആധിപത്യമുറപ്പിക്കുന്നതോടെ ലോഗോ മാറ്റലിന്റെ ഭീഷണിയിലാണ് 111 വര്‍ഷം പഴക്കമുള്ള കര്‍ഷക സംഘടനയായ ഫ്രൂട്ട് യൂണിയന്‍ സ്യൂസ്. ആപ്പിള്‍ രൂപത്തിലുള്ള, തങ്ങളുടേതല്ലാത്ത എല്ലാ ലോഗോകള്‍ക്കും മേല്‍ ബൗദ്ധിക സ്വത്തവകാശപ്രകാരം തടയിടാനിരിക്കുകയാണ് ആപ്പിള്‍ കമ്പനി ഇതോടെ കര്‍ഷക സംഘടനയുടെ ആപ്പിളും കുരിശുമുള്ള ആ പഴയ ലോഗോയും മാറ്റേണ്ടി വരുമെന്ന അവസ്ഥയാണ് സംഘടനയെ ചൊടിപ്പിച്ചിരിക്കുന്നത്.
പാതി കടിച്ച ആപ്പിളിന്റെ രൂപത്തിലുള്ള ആപ്പിള്‍ ലോഗോയ്ക്ക് മാത്രമല്ല ആപ്പിള്‍ പഴത്തിന്റെ രൂപത്തിലുള്ള എല്ലാത്തിനും ആപ്പിള്‍ അവകാശവാദം ഉന്നയിക്കുന്നതോടെ ആപ്പിള്‍ കമ്പനി തങ്ങളെ വേട്ടയാടുകയാണെന്നാണ് ആപ്പിള്‍ കര്‍ഷകര്‍ പറയുന്നത്. ആപ്പിളിന്റെ രൂപത്തിലുള്ള എല്ലാത്തരം ലോഗോകള്‍ക്കും ബൗദ്ധിക സ്വത്തവകാശ നിയമപ്രകാരം അധികാരം നേടാനിരിക്കുകയാണ് ആപ്പിള്‍ കമ്പനി. ആപ്പിളിന്റെ അപ്പീല്‍ അംഗീകരിച്ചാല്‍ ആപ്പിളിന്റെ രൂപമുള്ള ഏത് ലോഗോകള്‍ക്കും നിയമതടസമുണ്ടാകുമെന്നതാണ് നിലവിലെ അവസ്ഥ.
ആപ്പിള്‍ പഴത്തിന്റെ രൂപത്തിലുള്ള ചിത്രീകരണത്തിനുള്ള എല്ലാവിധ അവകാശങ്ങളും തങ്ങള്‍ക്ക് വേണമെന്ന് ആവശ്യപ്പെട്ടാണ് കമ്പനി 2017ല്‍ സ്വിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടിക്ക് (ഐപിഐ) ഒരു അപേക്ഷ സമര്‍പ്പിച്ചത്. 2022ല്‍, ഐപിഐ ആപ്പിളിന്റെ അഭ്യര്‍ത്ഥന ഭാഗികമായി അംഗീകരിച്ചു. എന്നിരിക്കിലും പഴങ്ങളുടേത് പോലുള്ള വസ്തുക്കളുടെ ചിത്രങ്ങള്‍ സാര്‍വത്രികമാണെന്നും അവര്‍ നിരീക്ഷിച്ചിരുന്നു. ഇതിനെതിരെ ആപ്പിള്‍ ഇപ്പോള്‍ അപ്പീല്‍ നല്‍കിയിരിക്കുന്നതാണ് കര്‍ഷക സംഘടനയെ ലോഗോ മാറ്റല്‍ ഭീഷണിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്.
ആപ്പിള്‍ രൂപത്തിലുള്ള ദൃശ്യങ്ങള്‍ ഉപയോഗിച്ചുള്ള എല്ലാവിധത്തിലുള്ള ആശയവിനിമയവും ആപ്പിള്‍ കമ്പനി മുടക്കാന്‍ തുടങ്ങിയാല്‍ അത് വലിയ പ്രതിസന്ധിയാകുമെന്നാണ് ആപ്പിള്‍ കര്‍ഷകരുടെ സംഘടന പറയുന്നത്. ആപ്പിള്‍ പോലുള്ള ഒരു പഴത്തിന്റെ ചിത്രം ആരുടേയും ബൗദ്ധിക സ്വത്തായി കണക്കാക്കരുതെന്നും അത് എല്ലാവര്‍ക്കും സൗജന്യമായും സ്വതന്ത്രമായും ഉപയോഗിക്കാന്‍ അവകാശം വേണമെന്നും ഫ്രൂട്ട് യൂണിയന്‍ സ്യൂസ് ഡയറക്ടര്‍ ജിമ്മി മാരിതോസ് പറഞ്ഞു.