Friday, January 10, 2025
Top News

പ്രഭാത വാർത്തകൾ

 

🔳മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനു പെന്‍ഷന്‍ നല്‍കുന്നത് ഉടനേ നിര്‍ത്തുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പെന്‍ഷന്‍ സംബന്ധിച്ച ഫയലുകള്‍ വിളിപ്പിച്ചിട്ടുണ്ട്. ഒരു മാസത്തിനകം വിഷയത്തില്‍ നടപടിയെടുക്കും. എല്ലാ മന്ത്രിമാര്‍ക്കും ഇരുപതിലധികം സ്റ്റാഫുണ്ട്. ജനങ്ങളുടെ പണം കൊള്ളയടിക്കുകയാണ്. പ്രതിപക്ഷ നേതാവല്ല തന്നെ നിയമിച്ചതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

🔳വ്യവസായികളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥര്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ സ്വയംഭരണ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വല്ലാത്ത അതിമോഹം ചിലര്‍ക്കുണ്ട്. ഇത്തരക്കാരോട് പറയാനുള്ളത് ജയില്‍ ഭക്ഷണം കഴിച്ച് ജീവിക്കേണ്ടി വരുമെന്നാണ്. നിക്ഷേപവുമായി വ്യവസായികള്‍ വരുമ്പോള്‍, നിക്ഷേപ തുകയ്ക്കനുസരിച്ചുള്ള തുക തനിക്കു വേണമെന്നു പറയാന്‍ മടിക്കാത്ത ചില ഉദ്യോഗസ്ഥരുണ്ട്. അത്തരത്തിലുള്ളവര്‍ക്ക് വീട്ടില്‍നിന്ന് അധികം ഭക്ഷണം കഴിക്കാന്‍ കഴിയില്ല. ജനങ്ങളാണ് ഏതു സര്‍ക്കാരിന്റെയും യജമാനന്മാരെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

🔳കോണ്‍ഗ്രസ് പുനസംഘടനയ്ക്കു സാവകാശം തേടി കെപിസിസി നേതൃത്വം. സംഘടനാ തെരഞ്ഞെടുപ്പിന്റെ വരണാധികാരി ജി. പരമേശ്വരയുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരനും വി.ഡി. സതീശനും കൂടിക്കാഴ്ച നടത്തി. ഈ മാസം 28 നകം കെപിസിസി, ഡിസിസി പുനസംഘടന പൂര്‍ത്തിയാക്കുമെന്നാണ് കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും വരണാധികാരിയുമായ പരമേശ്വരയ്ക്കു നല്‍കിയ ഉറപ്പ്.

🔳കെഎസ്ഇബിയില്‍ 4,230 പേര്‍ക്കു സ്ഥാനക്കയറ്റം നല്‍കുന്നു. ചെയര്‍മാനും ജീവനക്കാരുടെ യൂണിയനുകളും തമ്മിലുള്ള പോര് ഒത്തുതീര്‍ന്നതിനു പിറകേയാണ് ഇത്രയും പേര്‍ക്കു സ്ഥാനക്കയറ്റം നല്‍കുന്നത്. പത്തു ദിവസത്തിനകം സ്ഥാനക്കയറ്റത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി കെഎസ്ഇബി ചെയര്‍മാനു നിര്‍ദേശംനല്‍കി. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം വൈദ്യുതി നിരക്കു വര്‍ധിപ്പിക്കാനിരിക്കേയാണ് ഇത്രയും പേര്‍ക്കു സ്ഥാനക്കയറ്റം നല്‍കുന്നത്.

🔳ഉത്തര്‍പ്രദേശില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ തെരഞ്ഞെടുപ്പു പ്രചാരണയോഗത്തില്‍ ജോലി തരൂവെന്ന് മുദ്രാവാക്യം മുഴക്കി യുവാക്കള്‍. ഇന്ത്യന്‍ സൈന്യത്തിലേക്കു റിക്രൂട്ടുമെന്റ് നടത്തണമെന്നും അവര്‍ മുദ്രാവാക്യം മുഴക്കി. നിയമനങ്ങള്‍ നടത്തുമെന്ന് മന്ത്രി പ്രസംഗിച്ചതോടെയാണ് യുവാക്കള്‍ മുദ്രാവാക്യം വിളി അവസാനിപ്പിച്ചത്.

🔳 സി പി എം പ്രവർത്തകരുടെ അക്രമത്തിൽ കൊല്ലപ്പെട്ട ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ തലയോട്ടിയിലെ ക്ഷതം മരണകാരണം ആയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തലയോട്ടിക്കു പിറകില്‍ രണ്ടിടങ്ങളില്‍ ക്ഷതമുണ്ട്. ക്ഷതംമൂലം തലച്ചോറില്‍ രക്തം കട്ടപിടിച്ചു. ക്ഷതമേറ്റതിനെ തുടര്‍ന്ന് രക്തധമനികളില്‍ പൊട്ടല്‍ ഉണ്ടായി. ദീപുവിന്റെ മൃതദേഹം സംസ്‌കരിച്ചു. അന്ത്യാഞ്ജലിയേകാന്‍ വന്‍ ജനാവലി എത്തി.

🔳കെഎസ്ആര്‍ടിസി ബസില്‍ ഉച്ചത്തില്‍ മൊബൈല്‍ ഫോണും ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കുന്നത് നിരോധിച്ചു. ഉച്ചത്തില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും സഭ്യമല്ലാതെ സംസാരിക്കുന്നതും അമിത ശബ്ദത്തില്‍ വീഡിയോ, ഗാനങ്ങള്‍ ശ്രവിക്കുന്നതും സഹയാത്രക്കാര്‍ക്കു ബുദ്ധിമുണ്ടാകുമെന്നതിനാലാണ് നിരോധനമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

🔳കണ്ണൂര്‍ തോട്ടടയില്‍ കല്യാണ വീട്ടിലെ ബോംബ് സ്ഫോടനത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. ഏച്ചൂര്‍ സംഘത്തിലെ രാഹുല്‍ ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. ബോംബ് നിര്‍മ്മിക്കാന്‍ വെടിമരുന്ന് നല്‍കിയ അനൂപിനായി തിരച്ചില്‍ തുടരുകയാണ്.

🔳മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് പുതിയ പദവി. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡിയായിട്ടാണ് പുതിയ നിയമനം. ബാലമുരളിയെ മാറ്റിയാണ് ശ്രീറാമിന് നിയമനം നല്‍കിയത്. ബാലമുരളിയെ ഗ്രാമവികസന കമ്മീഷണറായി നിയമിച്ചു. ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയാണ് നിലവില്‍ ശ്രീറാം വെങ്കിട്ടരാമന്‍.

🔳കെഎസ്ഇബിയിലെ ക്രമക്കേടുകള്‍ വെളിപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റ് ചെയര്‍മാന്‍ ഡോ. ബി അശോക് പിന്‍വലിച്ചു. താന്‍ ഉന്നയിച്ച കാര്യങ്ങളില്‍ പിശകുണ്ടായെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് പിന്‍വലിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെസ്ഇബിയുടെ ഭൂമി പാട്ടത്തിനു നല്‍കിയതിലെ ക്രമക്കേടും ജീവനക്കാരുടെ സംഘടനകള്‍ക്കെതിരായ ആരോപണങ്ങളും ഉണ്ടായിരുന്ന പോസ്റ്റാണു പിന്‍വലിച്ചത്.

🔳മലപ്പുറം പുത്തനത്താണിയിലെ ഏഴു വയസുകാരന്റെ മരണ കാരണം ഷിഗല്ലയെന്നു സംശയം. ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം മലപ്പുറത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കി. വയറിളക്ക രോഗത്തെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. വയറിളക്ക രോഗമുണ്ടായത് ഷിഗല്ല ബാക്ടീരിയ മൂലമാണ്. കൂടുതലും കുട്ടികളെയാണ് രോഗം ബാധിക്കുന്നത്.

🔳സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ജോലിയില്‍ പ്രവേശിച്ച സന്നദ്ധ സംഘടനയായ എച്ചആര്‍ഡിഎസിനെതിരെ കേസ്. അട്ടപ്പാടിയില്‍ ആദിവാസി കുടുംബങ്ങള്‍ക്ക് വാസയോഗ്യമല്ലാത്ത വീട് നിര്‍മ്മിച്ചെന്ന പരാതിയില്‍ സംസ്ഥാന പട്ടികജാതി- പട്ടികവര്‍ഗ കമ്മീഷനാണ് കേസെടുത്തത്.

🔳’എന്നെ കൊല്ലണമെങ്കില്‍ കൊന്നോളൂ, ഇങ്ങനെ ദ്രോഹിക്കരുതെ’ന്ന് സ്വപ്ന സുരേഷ്. മക്കളെ വളര്‍ത്താന്‍ ജോലി വേണം. അതു കളയാന്‍ ചിലര്‍ വിവാദമുണ്ടാക്കുന്നതു കഷ്ടമാണെന്നു സ്വപ്ന പറഞ്ഞു.

🔳വ്യാജ രേഖകള്‍ ചമച്ച് ഇന്‍ഷുറന്‍സ് തുക തട്ടാന്‍ കൂട്ടുനിന്ന പൊലീസുകാരെ പ്രതി ചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച്. വ്യാജ എഫ്ഐആറുകള്‍ തയ്യാറാക്കിയ പൊലീസുകാരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ തുടങ്ങി. 2015 ല്‍ രജിസ്റ്റര്‍ ചെയ്ത അപകട കേസില്‍ പരിക്കേറ്റ യുവാവിന് 2,84,000 രൂപയും എട്ടു ശതമാനം പലിശയുമാണ് വിധിച്ചത്. ഡോക്ടറുടെ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും തുക നഷ്ടപരിഹാരം അനുവദിച്ചത്. ഈ രേഖ വ്യാജമാണെന്നു പിന്നീടു കണ്ടെത്തിയതോടെയാണ് അന്വേഷണ നടപടികള്‍ തുടങ്ങിയത്.

🔳പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ ഗവര്‍ണര്‍ നിലപാട് എടുക്കേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 157 സ്റ്റാഫുകളുള്ള രാജ്ഭവനില്‍ എന്താണ് നടക്കുന്നത്. ഭരണഘടനാ ചുമതല വഹിക്കാനാകുന്നില്ലെങ്കില്‍ ഗവര്‍ണര്‍ രാജിവയ്ക്കണം. ഗവര്‍ണര്‍ മൂന്നാറില്‍ പോയ ചെലവ് ഞങ്ങള്‍ ചോദിക്കുന്നില്ലല്ലോ എന്നും അദ്ദേഹം വിമര്‍ശിച്ചു.

🔳രാവണപ്രഭു എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന പ്രശസ്ത ഹാസ്യകവി മേനാത്ത് രാമകൃഷ്ണന്‍ നായര്‍ മലപ്പുറം അരിയല്ലൂരിലെ വസതിയില്‍ മരിച്ചു. 90 വയസായിരുന്നു. ഹാസ്യവേദിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു.

🔳സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പിനു കരുത്തേകാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ആഗോള സാങ്കേതിക ഭീമനായ ഗൂഗിളിന്റെ സ്റ്റാര്‍ട്ടപ്പ് പരിപോഷണ വിഭാഗമായ ഗൂഗിള്‍ ഫോര്‍ സ്റ്റാര്‍ട്ടപ്പ്സുമായി ധാരണയായി. സ്റ്റാര്‍ട്ടപ്പ് മേഖലയിലെ സംരംഭകരുടെ വെര്‍ച്വല്‍ ഉച്ചകോടിയായ ദ്വിദിന ‘ഹഡില്‍ ഗ്ലോബലി’ലാണ് ഗൂഗിള്‍ സ്റ്റാര്‍ട്ടപ്പ് ആക്സിലറേറ്റര്‍ ഇന്ത്യ മേധാവി പോള്‍ രവീന്ദ്രനാഥ് പങ്കാളിത്തം പ്രഖ്യാപിച്ചത്. കരാര്‍ പ്രകാരം ഗൂഗിള്‍ ഫോര്‍ സ്റ്റാര്‍ട്ടപ്പ്സിന്റെ മാര്‍ഗനിര്‍ദേശം, പരിശീലനം, മൂല്യവര്‍ദ്ധിത പ്രതിവിധികള്‍ എന്നിവ പ്രയോജനപ്പെടുത്താന്‍ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്കു കഴിയും.

🔳പതിവായി മദ്യപിച്ചെത്തി അമ്മയേയും ഭാര്യയേയും മര്‍ദിക്കാറുള്ളയാളെ ഭാര്യ കൊലപ്പെടുത്തിയെന്നു കേസ്. വണ്ടന്‍മേട് പുതുവലില്‍ രഞ്ജിത്തിനെ(38) കൊലപ്പെടുത്തിയത് ഭാര്യ അന്നൈ ലക്ഷ്മി (28)യെന്ന് പോലീസ്. പ്രതിയായ അന്നൈ ലക്ഷ്മിയുടെ ജന്മദിനത്തിനു രാത്രിയില്‍ നടന്ന മര്‍ദനത്തിനിടെ അന്നൈ ലക്ഷ്മി രഞ്ജിത്തിനെ തള്ളി താഴെയിട്ടു വടികൊണ്ട് അടിച്ചുകൊന്നെന്നാണു കേസ്.

🔳പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കടത്തികൊണ്ടുവന്ന യുവാവിനെ നെടുങ്കണ്ടം പൊലീസ് പിടികൂടി. മധ്യപ്രദേശിലെ ഡിപ്‌ഡോരി ജില്ലയിലെ ഹനുമന്ത് ലാല്‍ പരസ്‌തെ (25) ആണ് പിടിയിലായത്. അതിര്‍ത്തി സംസ്ഥാനമായ ഛത്തിസ്ഗഢ് സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് തട്ടികൊണ്ടുവന്നത്.

🔳തെരുവോരത്തു പച്ചക്കറി കച്ചവടം നടത്തുന്ന ഹാഫിസ് ആഖന്ദിന് ഒരു ടൂവീലര്‍ വാങ്ങണമെന്നു മോഹം. വര്‍ഷങ്ങളായി സ്വരൂപിച്ച നാണയത്തുട്ടുകള്‍ ചാക്കിലാക്കി ഇയാള്‍ വാഹന ഷോറൂമിലെത്തി ടൂവീലര്‍ വാങ്ങിയ വിശേഷം സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി. അസമിലെ ബര്‍പേട്ടയിലാണ് സംഭവം. നാണയചാക്കുമായി ഹൗളിയിലെ അയാള്‍ ഷോറൂമിലെത്തി. ജീവനക്കാരെല്ലാം ചേര്‍ന്ന് മൂന്ന് മണിക്കൂറെടുത്താണു നാണയത്തുട്ടുകള്‍ എണ്ണിയത്. ആകെ 22,000 രൂപ. ബാക്കി പണം വായ്പയായി തരപ്പെടുത്തി ഹാഫിസിന് ഷോറൂമുകാര്‍ ടൂവീലര്‍ നല്‍കി.

🔳മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനും സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥയുടെ കൃത്യനിര്‍വ്വഹണത്തില്‍ തടസം സൃഷ്ടിച്ചതിനും തെലുങ്ക് ചലച്ചിത്ര താരം കാവ്യ ഥാപറിനെതിരെ കേസ്. മുംബൈ ജുഹു പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് സംഭവം. മുംബൈ ജെഡബ്ല്യു മാരിയട്ട് ഹോട്ടലില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തശേഷം സ്വന്തം കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു കാവ്യ ഥാപര്‍.

🔳പഞ്ചാബില്‍ ഇന്നു നിയമസഭാ തെരഞ്ഞെടുപ്പ്. നിശ്ചിത സമയം കഴിഞ്ഞിട്ടും പ്രാചരണം നടത്തിയതിന് പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ചരണ്‍ജിത് സിംഗ് ചന്നിക്കെതിരേ കേസെടുത്തു. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മിലാണു പ്രധാന മല്‍സരം.

🔳സൗദി ജയിലുകളിലുള്ള ഇന്ത്യന്‍ തടവുകാരെ മാതൃരാജ്യത്തിനു കൈമാറുന്ന നടപടിക്കു തുടക്കം. ശിഷ്ടകാല തടവു ശിക്ഷ ഇന്ത്യയിലെ ജയിലില്‍ അനുഭവിച്ചാല്‍ മതിയാകും. 12 വര്‍ഷം മുമ്പ് 2010 ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സൗദി സന്ദര്‍ശനവേളയിലാണ് ഇരുരാജ്യങ്ങളും തടവുപുള്ളികളെ കൈമാറുന്ന കരാറില്‍ ഒപ്പുവച്ചത്.

🔳ഐഎസ്എല്ലില്‍ വിജയമുറപ്പിച്ച മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ സമനില ഗോള്‍ വഴങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സിന് എടികെ മോഹന്‍ ബഗാനെതിരെ സമനില. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. സമനിലയോടെ 16 കളികളില്‍ 27 പോയന്റുമായി ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്ത് തുടരുമ്പോള്‍ തോല്‍വിയുടെ വക്കില്‍ നിന്ന് നേടിയ സമനില, 30 പോയന്റുള്ള എടികെയെ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിച്ചു.

🔳ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ്, ട്വന്റി-20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍ ഇടം നേടി. ട്വന്റി-20 പരമ്പരയിലേക്കുള്ള ടീമിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടെസ്റ്റ് ടീമിന്റെ പുതിയ നായകനായി രോഹിത് ശര്‍മയെ നിയമിച്ചതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. ഇതോടെ മൂന്ന് ഫോര്‍മാറ്റിലും രോഹിത് ഇന്ത്യയുടെ നായകനായി.

🔳അടുത്തവര്‍ഷം നടക്കുന്ന ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയുടെ സെഷന് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് പ്രചോദനമാകുന്നതാണ് പ്രഖ്യാപനം.

🔳കേരളത്തില്‍ ഇന്നലെ 62,301 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ 16 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇതോടെ ഇന്നലെ രേഖപ്പെടുത്തിയ 508 മുന്‍മരണങ്ങളോടെ സംസ്ഥാനത്തെ ആകെ മരണം 64,053 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,086 പേര്‍ രോഗമുക്തി നേടി. ഇതോടെ 75,017 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 1462, തിരുവനന്തപുരം 750, കോഴിക്കോട് 653, കോട്ടയം 542, തൃശൂര്‍ 542, കൊല്ലം 501, ആലപ്പുഴ 363, മലപ്പുറം 339, പാലക്കാട് 316, പത്തനംതിട്ട 311, ഇടുക്കി 298, വയനാട് 285, കണ്ണൂര്‍ 270, കാസര്‍ഗോഡ് 125.

🔳രാജ്യത്ത് ഇന്നലെ 18,658 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 1,635 കര്‍ണാടക- 1,137, തമിഴ്‌നാട്- 1,051.

🔳ആഗോളതലത്തില്‍ ഇന്നലെ പതിനാറ് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ ഒരു ലക്ഷത്തിനടുത്ത്. ബ്രസീല്‍ – 1,03,363, റഷ്യ- 1,79,147, ജര്‍മനി – 1,37,722. ആഗോളതലത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 42.34 കോടി പേര്‍ക്ക്. നിലവില്‍ 6.92 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7532 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 494, ഇന്ത്യ – 673, ബ്രസീല്‍ – 769, റഷ്യ- 798. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 58.99 ലക്ഷമായി.

🔳രാജ്യത്തെ കോടീശ്വര കുടുംബങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം 11 ശതമാനത്തിന്റെ വര്‍ധന. ദി ഹുറുണ്‍ ഇന്ത്യ റിപ്പോര്‍ട്ടാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടത്. ഡോളര്‍ മില്യണെയര്‍ എന്നാണ് ഹുറുണ്‍ ഈ വിഭാഗത്തെ വിശേഷിപ്പിക്കുന്നത്. കുറഞ്ഞത് ഏഴ് കോടി രൂപയുടെ ആസ്ഥിയുള്ള കുടുംബങ്ങളെയാണ് ഹുറുണ്‍ കോടീശ്വര പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 4.58 ലക്ഷം ഇന്ത്യന്‍ കുടുംബങ്ങളാണ് കോടീശ്വര പട്ടികയില്‍ ഇടം നേടിയത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ 30 ശതമാനം വര്‍ധനവോടെ ഇന്ത്യന്‍ കോടീശ്വര കുടുംബങ്ങളുടെ എണ്ണം 6 ലക്ഷത്തിലെത്തുമെന്നും ഹുറുണ്‍ പറയുന്നു. രാജ്യത്തെ കോടീശ്വരന്മാരുടെ എണ്ണത്തില്‍ മുംബൈ (20,300 കുടുംബങ്ങള്‍) ആണ് ഒന്നാമത്. ന്യൂഡല്‍ഹി (17,400), കൊല്‍ക്കത്ത (10,500) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

🔳3,500 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് സ്വിസ് ആസ്ഥാനമായുള്ള ഹോള്‍സിം ഗ്രൂപ്പിന്റെ അംബുജ സിമന്റ്സ്. പശ്ചിമ ബംഗാളിലെ സാന്‍ക്രെയ്ലിലും ഫറാക്കയിലും നിലവിലുള്ള ഗ്രൈന്‍ഡിംഗ് യൂണിറ്റുകള്‍ ഏകദേശം 7 മില്ല്യണ്‍ ടണ്‍ വികസിപ്പിക്കുന്നതിനും ബീഹാറിലെ ബാറിലെ ഗ്രീന്‍ഫീല്‍ഡ് വിപുലീകരണത്തിനുമായിയാണ് നിക്ഷേപം. ഛത്തീസ്ഗഡിലെ ഭട്ടപാറയില്‍ നിലവിലുള്ള 3.2 ദശലക്ഷം ടണ്‍ ക്ലിങ്കര്‍ സൗകര്യം വിപുലീകരിക്കാനും കമ്പനി നോക്കുന്നു. നിലവില്‍, അംബുജ സിമന്റ്‌സിന് 31 മില്ല്യണ്‍ വാര്‍ഷിക സിമന്റ് ഉല്‍പ്പാദന ശേഷിയുണ്ട്.

🔳മലയാള സിനിമാസ്വാദകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭീഷ്മ പര്‍വ്വം. ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ‘പറുദീസ’ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തത്. മസുഷിന്‍ ശ്യാമാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ശ്രീനാഥ് ഭാസി ആലപിച്ച ഗാനത്തിന്റെ വരികള്‍ വിനായക് ശശികുമാര്‍ ആണ് ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് 3ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

🔳കീര്‍ത്തി സുരേഷും ടൊവിനോ തോമസും ഒന്നിക്കുന്ന ‘വാശി’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. അഭിഭാഷകരായാണ് ചിത്രത്തില്‍ ടൊവിനോയും കീര്‍ത്തിയും എത്തുന്നത്. വിഷ്ണു ജി. രാഘവ് ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. രേവതി കലാമന്ദിറിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. അച്ഛന്‍ ജി സുരേഷ് കുമാര്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മകള്‍ കീര്‍ത്തി സുരേഷ് ആദ്യമായി നായികയാകുന്ന സിനിമ കൂടിയാണ് വാശി. അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ചിത്രത്തിന്റെ റിലീസ് തിയതി ഇതുവരെ പുറത്തു വിട്ടിട്ടില്ല.

🔳ബജാജ് ഓട്ടോ തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ആയ ചേതക് 12 നഗരങ്ങളില്‍ കൂടി വില്‍ക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇതോടെ, ചേതക് ഇപ്പോള്‍ മൊത്തം 20 നഗരങ്ങളില്‍ വില്‍ക്കും. ഇപ്പോള്‍ മുംബൈ, ദില്ലി, ഗോവ, മധുര, കോയമ്പത്തൂര്‍, കൊച്ചി, ഹുബ്ലി എന്നിവിടങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കള്‍ക്ക് ഈ ബജാജ് വാങ്ങാനാകും. വിശാഖപട്ടണം, നാസിക്, വസായ്, സൂറത്ത് എന്നിവിടങ്ങളിലും സ്‌കൂട്ടര്‍ ലഭ്യമാണ്. ചേതക്ക് ഡോട്ട് കോം എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സ്‌കൂട്ടര്‍ ബുക്ക് ചെയ്യാം കൂടാതെ 2000 രൂപ ടോക്കണ്‍ നല്‍കി ബുക്ക് ചെയ്യാം. ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉയര്‍ന്ന സ്‌പെക്ക് പതിപ്പായ പ്രീമിയം വേരിയന്റിന് 1,44,625 രൂപയാണ് (എക്‌സ് ഷോറൂം) വില.

🔳ഇന്ത്യയില്‍ ഇവനെപ്പോലൊരു ഭാഗ്യവാന്‍ കാണത്തില്ല. ഇരുപത്തിനാലു മാസത്തിനിടെ മേ… മേന്ന് മൂന്നാമത്തെ ദൈവത്തെയാണ് കൂസലില്ലാതെ വിളിക്കാന്‍ പോണത്. ഇന്നത്തെ കാലത്ത് ആരെക്കൊണ്ട് പറ്റുമത്…” സിഹോരിയിനത്തില്‍ രാജസ്ഥാനില്‍ പിറന്നിട്ടും പോക്കറെന്ന പേരില്‍ കേരളത്തിലാണ് ആ മുട്ടനാട് ഏറെക്കാലം ജീവിച്ചത്. അവന്റെ മൂന്നാമത്തെയും അവസാനത്തെയും മതംമാറ്റവും പേരുമാറ്റവുമായിരുന്നു അത്. ഒരു വിശുദ്ധ ആടിന്റെയും കുറേ മനുഷ്യരുടെയും കഥ പറയുകയാണ് മജീദ് സെയ്ദ് ‘അഖില ലോക ആടുകമ്പനി’ എന്ന നോവലില്‍. ഡിസി ബുക്സ്. വില 99 രൂപ.

🔳പതിവായി വേദന സംഹാരി കഴിക്കുകയാണെങ്കില്‍ അത് വൃക്കകളുടെ തകരാറിന് കാരണമായേക്കാം. അതിനാല്‍ സ്ഥിരമായി വേദനസംഹാരികള്‍ കഴിക്കേണ്ടി വന്നാല്‍ ഡോക്ടറുടെ നിര്‍ദേശം തേടുക. ഉപ്പ് അല്ലെങ്കില്‍ സോഡിയം കൂടുതലുള്ള ഭക്ഷണങ്ങള്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുക മാത്രമല്ല വൃക്കകളെയും ബാധിക്കാം. ഉപ്പിന്റെ അമിത ഉപയോഗം മൂത്രത്തിലെ പ്രോട്ടീനിന്റെ അളവ് വര്‍ധിക്കുന്നതിന് കാരണമാകും. ഇതുമൂലം കിഡ്‌നി സ്റ്റോണ്‍ ഉണ്ടാവാനുള്ള സാധ്യതയേറെയാണെന്നും വിദഗ്ധര്‍ പറയുന്നു. പുകവലി ശരീരത്തിലെ രക്തക്കുഴലുകളെ നശിപ്പിക്കുന്നു. ഇത് മന്ദഗതിയിലുള്ള രക്തയോട്ടത്തിലേക്കും അതിലൂടെ വൃക്കകളുടെ തകരാറിലേക്കും നയിക്കുന്നു. പുകവലി കിഡ്‌നി കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണത്തിലെ അമിതമായ പഞ്ചസാര പ്രമേഹത്തിലേക്ക് നയിച്ചേക്കാം. ഇത് നിങ്ങളുടെ വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. അമിതവണ്ണത്തിനും ഹൃദ്രോഗ സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*

ഒരു അപ്പൂപ്പന്‍ കാട്ടില്‍ വിറകൊടിച്ചു തലയില്‍ ചുമന്നു കൊണ്ട് പോകുന്നത് അയാള്‍ കണ്ടു. ആ അപ്പൂപ്പന്റെ അടുത്തെത്തി അയാള്‍ ഇങ്ങനെ പറഞ്ഞു: താങ്കള്‍ക്ക് ഞാന്‍ എന്റെ കുതിരയെ തരാം. ചെറിയ വില തന്നാല്‍ മതി. അങ്ങനെ 50 വെള്ളിനാണയത്തിന് അപ്പൂപ്പന്‍ ആ കുതിരയെ വാങ്ങി. കുറച്ചു ദിവസം കഴിഞ്ഞു അയാള്‍ കുതിരയെ വന്ന് നോക്കിയിട്ട് പറഞ്ഞു. കുതിരക്ക് വൃത്തിയില്ല. അതിനെ നന്നായി കുളിപ്പിക്കണം എന്ന്. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ കുതിരയുടെ കഴുത്തില്‍ മണി കെട്ടിയിരിക്കുന്നത് കണ്ടു അത് അഴിച്ചു കളയാന്‍ ആവശ്യപ്പെട്ടു. പിന്നെയും കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അയാള്‍ കുതിരയെ കണ്ടിട്ട് പറഞ്ഞു : കുതിരക്ക് തീരെ വിശ്രമം കിട്ടുന്നില്ലെന്നു തോന്നുന്നു. അതിനെ രണ്ടു ദിവസം കാട്ടില്‍ കൊണ്ടുപോകേണ്ട. പിറ്റേ ദിവസം രാവിലെ അപ്പൂപ്പന്‍ അയാളുടെ വീട്ടില്‍ എത്തി പറഞ്ഞു : ഇയാള്‍ എനിക്ക് തരാനുള്ള പണം വാങ്ങാന്‍ വന്നതാണ്… അയാള്‍ അമ്പരന്നു. അയാള്‍ പറഞ്ഞു : അതിനു ഞാന്‍ താങ്കള്‍ക്ക് പണമൊന്നും തരാന്‍ ഇല്ലല്ലോ.. അപ്പൂപ്പന്‍ പറഞ്ഞു : ഉണ്ട്, 50 വെള്ളിനാണയം ഞാന്‍ അന്ന് തന്നില്ലേ.. അതെനിക്ക് തിരിച്ചു തരണം. അയാള്‍ക്ക് ദേഷ്യം വന്നു : അത് ഞാന്‍ തന്ന കുതിരയുടെ വിലയല്ലേ. പക്ഷെ എനിക്കാ കുതിരയെ കിട്ടിയില്ലല്ലോ : അപ്പൂപ്പന്‍ പറഞ്ഞു. നുണ പറയുന്നോ.. നമ്മള്‍ എത്ര തവണ കണ്ടു. അപ്പോഴെല്ലാം കുതിര നിങ്ങളോടൊപ്പം ഉണ്ടായിരുന്നല്ലോ : അയാള്‍ ചോദിച്ചു. ഉണ്ടായിരുന്നു, പക്ഷെ നിങ്ങള്‍ കുതിരയെ മനസ്സുകൊണ്ട് വിട്ടില്ലായിരുന്നുവല്ലോ.. അയാള്‍ക്ക് തന്റെ തെറ്റ് മനസ്സിലായി. അയാള്‍ അപ്പൂപ്പനോട് ക്ഷമ ചോദിച്ചു. എന്തും മറ്റൊരാള്‍ക്ക് കൊടുത്താല്‍ അതിന്റെ ഉത്തരവാദിത്തം അത് വാങ്ങിയ ആള്‍ക്കാണ്. നമ്മുടെ ജീവിതത്തിലും ഇതുപോലെ ഒരിക്കല്‍ നമ്മുടെ തായിരുന്ന പലതിന്റെയും അവകാശി മറ്റൊരാള്‍ ആകുന്ന സന്ദര്‍ഭങ്ങള്‍ ജീവിതം നമുക്ക് മുന്നില്‍ വെക്കാറുണ്ട്. മനസ്സുകൊണ്ടു കൂടി അതിന്റെ ഉടമസ്ഥാവകാശം നല്‍കാന്‍ നമുക്ക് സാധിക്കട്ടെ.. ചിലപ്പോഴെല്ലാം വിട്ടുകൊടുക്കലും സ്നേഹം തന്നെയാണ്. – ശുഭദിനം.

Leave a Reply

Your email address will not be published. Required fields are marked *