പ്രഭാത വാർത്തകൾ
🔳നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാതെ ഗവര്‍ണര്‍. സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി സര്‍ക്കാര്‍ സംസ്ഥാന പൊതുഭരണ വകുപ്പ് സെക്രട്ടറി ജ്യോതിലാലിനെ മാറ്റി. നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവച്ചത്. ഗവര്‍ണറുടെ അഡീഷണല്‍ പിഎ ആയി ഹരി എസ് കര്‍ത്തയെ നിയമിച്ച ഉത്തരവില്‍ ജ്യോതിലാല്‍ എഴുതിയ കുറിപ്പാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിച്ചത്. രാഷ്ട്രീയക്കാരെ രാജ്ഭവനില്‍ നിയമിക്കുന്നതു ശരിയല്ലെന്നാണു ജ്യോതിലാല്‍ എഴുതിയിരുന്നത്
🔳നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവയ്ക്കാതിരുന്ന ഗവര്‍ണര്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങളെ നിയമിക്കുന്നതിനെതിരേയാണ് ആദ്യം പ്രതികരിച്ചത്. പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സര്‍വ്വീസില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പെന്‍ഷന് അര്‍ഹരാവുമെന്ന ചട്ടം റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ചയാക്കണമെന്നു മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു. പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ സിഎജിയേയും ബന്ധപ്പെട്ടു.
🔳നയപ്രഖ്യാപന പ്രസംഗം ഒപ്പുവയ്പിക്കാന്‍ ഗവര്‍ണറുടെ ഓഫിസുമായി ബന്ധപ്പെട്ട് മാരത്തണ്‍ ചര്‍ച്ചകളാണ് നടന്നത്. ഒപ്പുവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച വൈകുന്നേരം നിയമസഭാ സ്പീക്കറും ഇന്നലെ ഉച്ചയ്ക്കു മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ വൈകുന്നേരം ചീഫ് സെക്രട്ടറിയും ഗവര്‍ണറെ കണ്ടു. ഉച്ചയ്ക്കു ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്പരം ക്ഷുഭിതരായി സംസാരിച്ചെന്നാണു വിവരം.
🔳മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കാതിരിക്കുകയും ഇന്ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ വരാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ നിയമസഭ സമ്മേളനം ഭരണഘടനാ പ്രതിസന്ധിയില്‍ ആകുമായിരുന്നു. എന്തു നടപടി സ്വീകരിക്കണമെന്ന് എകെജി സെന്ററില്‍ സിപിഎം സെക്രട്ടേറിയറ്റില്‍ ചൂടേറിയ ചര്‍ച്ച നടന്നു. ഒടുവില്‍ പൊതുഭരണ വകുപ്പ് സെക്രട്ടറി ജ്യോതിലാലിനെ മാറ്റാന്‍ തീരുമാനിച്ചതോടെ ഗവര്‍ണര്‍ ഒപ്പുവയ്ക്കുകയായിരുന്നു.
🔳തന്റെ പേഴ്സണല്‍ സ്റ്റാഫംഗത്തെ നിയമിച്ചതിനെ രാഷ്ട്രീയമായി അപഹസിച്ചതിനുള്ള തിരിച്ചടിയാണ് ഗവര്‍ണര്‍ ഇന്നലെ നല്‍കിയത്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങളെ തോന്നുംപടി നിയമിക്കുന്നതിനു നിയന്ത്രണം വേണമെന്ന ചര്‍ച്ച സമൂഹത്തിനും നിയമസഭയ്ക്കും മുന്നിലേക്കു വിട്ടുകൊണ്ടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരിച്ചടിച്ചത്. തുടര്‍ന്നും ഇത്തരത്തിലാണ് പ്രതികരണമെങ്കില്‍ തിരിച്ചങ്ങോട്ടും തിരിച്ചടി ഉണ്ടാകുമെന്ന മുന്നറിയിപ്പുകൂടിയാണ് ഗവര്‍ണര്‍ സര്‍ക്കാരിനു നല്‍കുന്നത്.
🔳കെഎസ്ഇബി തര്‍ക്കത്തില്‍ സമര സമിതിയുമായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ഇന്നു ചര്‍ച്ച ചെയ്യും. ഉച്ചക്ക് 12.30 നാണു ചര്‍ച്ച. ട്രേഡ് യൂണിയനുകള്‍ക്ക് കൂടി സ്വീകാര്യമായ ധാരണയിലെത്താന്‍ മുന്നണി തല യോഗത്തില്‍ തീരുമാനമായി. ഇന്നലെ എകെജി സെന്ററില്‍ നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, വൈദ്യുതി മന്ത്രി കൃഷ്ണന്‍ കുട്ടി, മുന്‍ വൈദ്യുതി മന്ത്രി എം.എം.മണി എന്നിവരാണ് പങ്കെടുത്തത്.
🔳കെഎസ്ഇബി ഭൂമി കൈമാറ്റത്തില്‍ തീരുമാനമെടുത്തത് താനല്ല, വൈദ്യുതി ബോര്‍ഡാണെന്ന് മുന്‍ വൈദ്യുതിവകുപ്പ് മന്ത്രി എംഎം മണി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങള്‍ മന്ത്രി കൃഷ്ണന്‍കുട്ടിയോടു ചോദിക്ക്, ഞാനിപ്പോ മന്ത്രി അല്ല. പക്ഷേ അന്ന് ചെയ്തതിന്റെ എല്ലാം ഉത്തരവാദിത്തം എനിക്കുണ്ട്. ആര്യാടന്‍ മുഹമ്മദ് ചെയ്ത അഴിമതി സതീശന്‍ പോയി അന്വേഷിക്കട്ടെ. മണി പറഞ്ഞു.
🔳കോഴിക്കോട് ബാലികാ സദനത്തില്‍നിന്ന് ഏതാനും ദിവസംമുമ്പു ചാടിപ്പോയശേഷം പിടിയിലായ അഞ്ചു പെണ്‍കുട്ടികളില്‍ ഒരാള്‍ വീണ്ടും ചാടിപ്പോയി. സ്വന്തം വീട്ടിലേക്കു മടങ്ങിയപോയ പെണ്‍കുട്ടിയെ ആണ് കാണാതായത്. വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടു.
🔳പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ പ്രതിക്ക് 20 വര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും ശിക്ഷ. മണ്ണാര്‍ക്കാട് സ്വദേശി ഹനീഫ (33) യ്ക്കാണ് മണ്ണാര്‍ക്കാട് ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ്( കോടതി ശിക്ഷ വിധിച്ചത്.
🔳പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികളിലൊരാളായ അഞ്ജലി റീമ ദേവിനെതിരെ പുതിയ കേസ്. പോക്സോ കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്.
🔳സ്വപ്ന സുരേഷിന് സ്വകാര്യ എന്‍ജിഒ യില്‍ നിയമനം. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ഡിഎസില്‍ സിഎസ് ആര്‍ ഡയറക്ടര്‍ആയാണ് നിയമനം. വന്‍കിട കമ്പനികളില്‍ നിന്നും സിഎസ്ആര്‍ ഫണ്ട് ഏകോപിപ്പിക്കുന്ന ചുമതലയാണ്. ആദിവാസി മേഖലകളില്‍ വീട് നിര്‍മാണം ഉള്‍പ്പടെ ചെയ്യുന്ന സാമൂഹ്യ സംഘടനയാണ് എച്ച്ആര്‍ഡിഎസ്. ബിജെപി നേതാവ് ഡോ. എസ്. കൃഷ്ണകുമാര്‍ ഐഎഎസിന്റെ നേതൃത്വത്തിലുള്ള പ്രസ്ഥാനത്തില്‍ 44,000 രൂപയാണു ശമ്പളം.
🔳കാറില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന 22 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പൊലീസിന്റെ പിടിയിലായി. മലപ്പുറം കരുവാരക്കുണ്ട് കുരിശ് സ്വദേശികളായ കെ റഷാദ് (28), അബ്ദുല്‍ ഗഫൂര്‍ (31)എന്നിവരെയാണ് മലപ്പുറം കടുങ്ങൂത്ത് അറസ്റ്റ് ചെയ്തത്.
🔳വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍ക്കുന്ന രണ്ടു പേരെ വണ്ടൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. തിരുവാലി എറിയാട് സ്വദേശി താഴത്തേവീട്ടില്‍ ഷിബില്‍ (25), കാരാട് വെള്ളാമ്പ്രം സ്വദേശി കാവുങ്ങല്‍ ഷബീര്‍ എന്ന കുട്ടിമാന്‍ (36) എന്നിവരാണ് അറസ്റ്റിലായത്.
🔳ആലപ്പുഴ മാരാരിക്കുളം, കണിച്ചുകുളങ്ങര എന്നിവിടങ്ങളില്‍നിന്ന് കഞ്ചാവുമായി യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. എട്ടു കിലോ കഞ്ചാവുമായി എറണാകുളം ഞാറയ്ക്കല്‍ കളത്തിവീട്ടില്‍ സുകന്യ (25), മലപ്പുറം മേല്‍മുറി അണ്ടിക്കാട്ടില്‍ ജുനൈദ് (26), മലപ്പുറം കോട്ടൂര്‍വെസ്റ്റ് കൊയ്നിപറമ്പില്‍ റിന്‍ഷാദ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
🔳തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ എസ്എഫ്ഐ, എഐഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പൊലീസ് ലാത്തി വീശി. എഐഎസ്എഫ് നേതാക്കളെ മാത്രം കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് സിപിഐ രംഗത്തെത്തി. ഒല്ലൂര്‍ വൈലോപ്പിള്ളി കോളജില്‍ എസ്എഫ്ഐ, എഐഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. പരിക്കേറ്റ് തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് എഐഎസ്എഫ് പ്രവര്‍ത്തകരെ കാണാനെത്തിയ എഐഎസ്എഫ് – എഐവൈഎഫ് പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മിലാണ് കൂട്ടത്തല്ലുണ്ടായത്.
🔳സര്‍ക്കാരും ബിജെപിയും തമ്മിലുള്ള അവിഹിത രാഷ്ട്രീയ ബന്ധത്തിന്റെ ദല്ലാളാണ് ഗവര്‍ണറെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ കൊടുക്കല്‍ വാങ്ങലും ഒത്തുകളിയുമാണെന്ന പ്രതിപക്ഷ നിലപാട് ശരിയാണെന്ന് അടിവരയിടുന്ന നാടകമാണു നാം കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇവര്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇടനിലക്കാരുണ്ട്. കൊടുക്കല്‍ വാങ്ങലുകളല്ല നടത്തുന്നതെന്ന് വരുത്തിത്തീര്‍ക്കാനുള്ള നാടകമാണെന്നും അദ്ദേഹം പ്രതികരിച്ചു.
🔳ഗവര്‍ണറും മുഖ്യമന്ത്രിയും ടോം ആന്റ് ജെറി കളിക്കുകയാണെന്നു രമേശ് ചെന്നിത്തല. അധികാരത്തുടര്‍ച്ചക്ക് ബിജെപിയുമായി ഉണ്ടാക്കിയ ധാരണയാണ് കഴിഞ്ഞ കുറെ നാളായി കണ്ടുവരുന്നതെന്നും ചെന്നിത്തല പറഞ്ഞു.
🔳മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനു പെന്‍ഷന്‍ നല്‍കുന്നതിനെ വിമര്‍ശിച്ച ഗവര്‍ണര്‍ക്കെതിരേ സിപിഎം നേതാവും മുന്‍മന്ത്രിയുമായ എം.എം. മണി. ‘അയാളുടെ കുടുംബത്തില്‍നിന്നു കൊണ്ടുവന്നല്ല പേഴ്‌സണല്‍ സ്റ്റാഫിനു പെന്‍ഷന്‍ കൊടുക്കുന്നത്’ എന്നായിരുന്നു എം എം മണിയുടെ പരാമര്‍ശം. ഗവര്‍ണര്‍ സര്‍ക്കാരിനല്ല തലവേദനയെന്നും നാടിനാകെ തലവേദനയാണെന്നും അദ്ദേഹം പറഞ്ഞു.
🔳മുഖ്യമന്ത്രി രാജ്ഭവന്‍ ഭരിക്കാന്‍ നോക്കേണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഗവര്‍ണറുടെ അധികാരത്തെ മുഖ്യമന്ത്രിയുടെ ഉദ്യോഗസ്ഥനു ചോദ്യം ചെയ്യാന്‍ അധികാരമില്ലെന്നും മുരളീധരന്‍.
🔳ലൈംഗിക പീഡന കേസില്‍ വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ അറസ്റ്റു രേഖപ്പെടുത്തിയശേഷം ശ്രീകാന്തിനെ പൊലീസ് ജാമ്യത്തില്‍ വിട്ടയച്ചു.
🔳എഴുപതാം വയസില്‍ അധികാര രാഷ്ട്രീയത്തില്‍നിന്നു വിരമിക്കുമെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസ് എംപി ടി.എന്‍. പ്രതാപന്‍. മരിക്കുന്നതുവരെ, പാര്‍ട്ടിയുടെ അമരത്തുള്ള കസേരകളിലും അധികാര മാളികകളിലും കഴിയാന്‍ ശ്രമിക്കില്ലെന്നും എംപി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
🔳ദേശീയ അവാര്‍ഡ് ജേതാവായ സിനിമാ സംവിധായകന്‍ സുവീരന്റെ കോഴിക്കോട് വേളത്തുള്ള വീട്ടില്‍ അതിക്രമിച്ച് കയറി കയ്യേറ്റം ചെയ്ത 20 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കുറ്റ്യാടി പൊലീസാണ് കേസെടുത്തത്.
🔳പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗംചെയ്ത സംഭവത്തില്‍ രണ്ടുപേരെ കൊയിലാണ്ടി പൊലീസ് അറസ്റ്റുചെയ്തു. പേരാമ്പ്ര ചേര്‍മലയില്‍ വരുണ്‍രാജ് (26), മുയിപ്പോത്ത് ഉരുണി കുന്നുമ്മല്‍ ശ്യാംലാല്‍ (26) എന്നിവരാണ് അറസ്റ്റിലായത്. വാലന്റൈന്‍ ദിനമായ ഫെബ്രുവരി 14 ന് പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.
🔳എറണാകുളത്തു സൂപ്പര്‍മാര്‍ക്കറ്റില്‍ അതിക്രമിച്ചുകയറി ജീവനക്കാരിയെ മര്‍ദിച്ചയാള്‍ അറസ്റ്റില്‍. കളമശേരി കണ്ണംകുളങ്ങര കണ്ണാടികോവിലകത്ത് കുട്ടപ്പന്‍ മകന്‍ സതീഷ് (43) ആണ് പിടിയിലായത്. പുതിയകാവ് സ്വദേശിനി ഷിജി സുധിലാലിനെ സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവായ സതീഷ് ഹെല്‍മെറ്റുകൊണ്ട് മര്‍ദിച്ചതു വിവാദമായിരുന്നു.
🔳കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ ഉപ്പും വിനാഗിരിയും ചേര്‍ത്ത് തയ്യാറാക്കുന്ന പഴം, പച്ചക്കറി മുതലായവയുടെ വില്‍പ്പന താല്‍ക്കാലികമായി നിരോധിച്ചു. പല കടകളിലും ഗ്ലേഷ്യല്‍ അസറ്റിക് ആസിഡ് മാനദണ്ഡ പ്രകാരമല്ലാതെ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. കോഴിക്കോട് ബീച്ചിലെ 17 കടകളില്‍നിന്ന് 35 ലിറ്റര്‍ ഗ്ലേഷ്യല്‍ അസറ്റിക് ആസിഡ് പിടിച്ചെടുത്തു നശിപ്പിച്ചു. 17 ബ്ലോക്ക് ഐസും പിടിച്ചെടുത്തു നശിപ്പിച്ചു. 12 കടകള്‍ താല്‍ക്കാലികമായി അടപ്പിച്ചു. എട്ടു കടകള്‍ക്ക് കോമ്പൗണ്ടിങ് നോട്ടീസ് നല്‍കി.
🔳ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതുജനങ്ങള്‍ക്കായി ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ‘കോവിഡ് പ്രതിരോധം, അതിജീവനം’ ആണ് വിഷയം. ഒരാള്‍ക്ക് മൂന്ന് എന്‍ട്രികള്‍ വരെ അയയ്ക്കാം. മാര്‍ച്ച് മൂന്നിനു മുമ്പ് statephotographyaward.kerala.gov.in എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.
🔳സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സീന്‍ ലൂഗ് പാര്‍ലമെന്റിലെ പ്രസംഗത്തിനിടെ ‘നെഹ്റുവിന്റെ ഇന്ത്യ’ എന്ന പരാമര്‍ശം നടത്തിയതിനെതിരേ കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റംഗങ്ങളില്‍ പകുതിയും ക്രിമിനലുകളായി മാറിയിരിക്കുകയാണ് ‘നെഹ്റുവിന്റെ ഇന്ത്യ’യിലെന്ന സിംഗപ്പൂര്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശമാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്. സിംഗപ്പൂര്‍ അംബാസഡറെ വിളിച്ചവരുത്തി കേന്ദ്ര സര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചു.
🔳ബിജെപിക്കെതിരായ ബദല്‍ നീക്കത്തിനു കോണ്‍ഗ്രസിനെ ഒഴിവാക്കരുതെന്ന് മമത ബാനര്‍ജിയോട് സിപിഎം. ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കോണ്‍ഗ്രസിനേയും വിളിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. യോഗം രാഷ്ട്രീയ സഖ്യത്തിന് വേദിയാക്കരുതെന്നും സിപിഎം ആവശ്യപ്പെട്ടു. കോണ്‍ഗ്രസിനെ ഒഴിവാക്കി മൂന്നാം മുന്നണി രൂപീകരിക്കാനുള്ള നീക്കത്തിലാണ് മമത ബാനര്‍ജി.
🔳ഹിജാബ് നിരോധവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതിയില്‍ വാദം തുടരും. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിക്കാര്‍, ചികിത്സാരീതി തീരുമാനിക്കുമ്പോഴേക്കും ആന ചെരിയുമെന്നു ചൂണ്ടികാട്ടി. ഇടനിലക്കാരനെ പോലെ ഇടപെടാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ മറുപടി. ഭരണഘടനാപരമായ വിഷയങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കണമെന്നും കോടതി ചൂണ്ടികാട്ടി.
🔳ലഖിംപൂര്‍ ഖേരി സംഘര്‍ഷ കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ജാമ്യത്തിലിറങ്ങിയിരിക്കുന്ന ആശിഷ് മിശ്ര തെളിവ് നശിപ്പിക്കുമെന്നാണ് ഹര്‍ജിയിലെ ആരോപണം. യുപി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം അടിയന്തരമായി നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
🔳മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സുര്‍ജിത് സെന്‍ഗുപ്ത അന്തരിച്ചു. എഴുപതു വയസായിരുന്നു. ഈസ്റ്റ് ബംഗാളിന്റെ ഇതിഹാസ താരങ്ങളില്‍ ഒരാളായിരുന്നു മധ്യനിര താരമായിരുന്ന സുര്‍ജിത്.
🔳ബഹിരാകാശ യാത്രയ്ക്കു ടിക്കറ്റ് വില്‍പ്പനയുമായി വിര്‍ജിന്‍ ഗാലക്റ്റിക് വീണ്ടും. നാലര ലക്ഷം ഡോളറാണ് ടിക്കറ്റ് നിരക്ക്. അതായത് 3.38 കോടി രൂപ. ബഹിരാകാശത്തിന്റെ അരിക് ഭേദിക്കുന്ന ഒരു എയര്‍-ലോഞ്ച് റോക്കറ്റില്‍ ഉപഭോക്താക്കള്‍ക്ക് 90 മിനിറ്റ് നേരം ഗംഭീര അനുഭവം ഈ യാത്രയിലൂടെ ലഭിക്കുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. ആദ്യ റൗണ്ട് ടിക്കറ്റ് വില്‍പ്പനയില്‍നിന്ന് ഏകദേശം 600 പേരെ കമ്പനിക്കു ലഭിച്ചു.
🔳ഇന്ത്യയിലേക്കു യാത്ര ചെയ്യാന്‍ സൗദി പൗരന്മാര്‍ക്ക് വിലക്ക്. കൊവിഡ് കാരണം സൗദി പൗരന്മാര്‍ക്കു വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ വീണ്ടും ഉള്‍പ്പെടുത്തി.
🔳കേരളത്തില്‍ ഇന്നലെ 64,650 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 8655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ 18 മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇതുകൂടാതെ ഇന്നലെ രേഖപ്പെടുത്തിയ 301 മരണങ്ങള്‍ രേഖപ്പെടുത്തിയതടക്കം സംസ്ഥാനത്തെ ആകെ മരണം 63,338 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 22,707 പേര്‍ രോഗമുക്തി നേടി. ഇതോടെ 99,424 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 1696, തിരുവനന്തപുരം 1087, കൊല്ലം 812, തൃശൂര്‍ 746, കോട്ടയം 731, കോഴിക്കോട് 610, ആലപ്പുഴ 567, പത്തനംതിട്ട 447, ഇടുക്കി 420, മലപ്പുറം 405, കണ്ണൂര്‍ 357, പാലക്കാട് 343, വയനാട് 332, കാസര്‍ഗോഡ് 102.
🔳രാജ്യത്ത് ഇന്നലെ 25,191 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 2,797 കര്‍ണാടക- 1,579, തമിഴ്‌നാട്- 1,252.
🔳ആഗോളതലത്തില്‍ ഇന്നലെ ഇരുപത് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ ഒരു ലക്ഷത്തിനടുത്ത്. ബ്രസീല്‍ – 1,25,625, റഷ്യ- 1,80,622, ജര്‍മനി – 2,27,613. ആഗോളതലത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 41.98 കോടി പേര്‍ക്ക്. നിലവില്‍ 7.04 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 10,136 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 1,448, ഇന്ത്യ – 496, ബ്രസീല്‍ – 1,034, റഷ്യ- 790. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 58.78 ലക്ഷമായി.
🔳ഓണ്‍ലൈന്‍ ട്യൂഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എഡ്ടെക് സ്റ്റാര്‍ട്ടപ്പ് ബൈജൂസ് ഒന്നര വര്‍ഷത്തിനുള്ളില്‍ നേരിട്ടുള്ള ട്യൂഷന്‍ സെന്ററുകള്‍ തുറക്കുന്നു. ഇതിനായി 200 മില്യണ്‍ ഡോളര്‍ കമ്പനി നിക്ഷേപിക്കും. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുറന്ന 80 ട്യൂഷന്‍ സെന്ററുകളുടെ വിജയത്തെ തുടര്‍ന്നാണ് പുതിയ തീരുമാനം. 200 നഗരങ്ങളിലായി 500 സെന്ററുകള്‍ തുറക്കാനാണ് പദ്ധതി. 20 ശതകോടി ഡോളര്‍ മൂല്യമുള്ള കമ്പനിയാണ് ബൈജൂസ്. ഈ വര്‍ഷം കമ്പനിയുടെ പ്രഥമ ഓഹരി വില്‍പ്പനയും ലക്ഷ്യമിടുന്നുണ്ട്.
🔳പ്രൊഫഷണലുകള്‍ക്ക് വന്‍ അവസരം. 55000 പുതുമുഖങ്ങളെ തേടുന്നതായി ഇന്‍ഫോസിസ്. ഇന്‍ഫോസിസ് സിഇഒ സലില്‍ പരേഖ് ആണ് ഫെബ്രുവരി 16 ന് നടന്ന നാസ്‌കോം ടെക്‌നോളജി ആന്‍ഡ് ലീഡര്‍ഷിപ്പ് ഫോറം 2022ല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഈ വര്‍ഷം കമ്പനി നിയമിക്കുന്ന 55,000 പേരില്‍ 52,000 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരും 3,000 പേര്‍ പുറത്തുനിന്നുള്ളവരുമായിരിക്കുമെന്നാണ് അറിയുന്നത്. കോഗ്‌നിസെന്റ് 50000 ഇന്ത്യക്കാരെ പുതുതായി നിയമിക്കുമെന്ന് ഫെബ്രുവരി ആദ്യവാരം അറിയിച്ചിരുന്നു. കോഗ്‌നിസെന്റിന്റെ ചരിത്രത്തില്‍ ഇതുവരെയുള്ള നിയമന സംഖ്യകളില്‍ ഏറ്റവും ഉയര്‍ന്നതാണ് ഇത്.
🔳നവ്യ നായര്‍, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. ഒരു വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് ഒരുത്തീ പറയുക. രാധാമണി എന്ന കഥാപാത്രമായാണ് നവ്യ വേഷമിടുന്നത്. ഇവര്‍ക്കിടയിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന പൊലീസുകാരനെയാണ് വിനായകന്‍ അവതരിപ്പിക്കുന്നത്. ഒരു ക്രൈം ത്രില്ലര്‍ ചിത്രം കൂടിയായിരിക്കും ഒരുത്തീ. സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ്, മാളവിക മേനോന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ് സുരേഷ് ബാബു ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്.
🔳ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘മേപ്പടിയാന്‍’. ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ എത്തിയ ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തിനും ചിത്രത്തിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ഉണ്ണി അവതരിപ്പിച്ചത്. ഇപ്പോഴിതാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ചിത്രം ഇടം നേടി. ബെംഗളൂരു ഫിലിം ഫെസ്റ്റിവലിലാണ് മേപ്പടിയാന്‍ ഇടംനേടിയത്. ഫെസ്റ്റിവലിലെ ഇന്ത്യന്‍ സിനിമാ വിഭാഗത്തിലായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഇത് അറിയിച്ചത്.
🔳ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ഹൈനസ് സിബി350, സിബി350ആര്‍എസ് എന്നീ മോഡലുകള്‍ ഇനി കാന്റീന്‍ സ്റ്റോര്‍ ഡിപാര്‍ട്ട്മെന്റുകളിലും ലഭ്യമാകും. ഹോണ്ട ബിഗ് വിങ് ഉല്‍പ്പന്ന ശ്രേണിയില്‍ നിന്നുള്ള ഈ മിഡില്‍വെയ്റ്റ് മോട്ടോര്‍സൈക്കിളുകള്‍ ആദ്യമായാണ് 35 സിഎസ്ഡി ഡിപ്പോകളില്‍ ലഭ്യമാക്കുന്നത്. ഹോണ്ട ഹൈനസ് സിബി350യുടെ ഡിഎല്‍എക്സ് വേരിയന്റിന്റെ സിഎസ്ഡി വില 1,70,580 രൂപയും, ഡിഎല്‍എക്സ് പ്രോയ്ക്ക് 1,74,923 രൂപയും, ഹോണ്ട സിബി350ആര്‍എസ് റേഡിയന്റ് റെഡ് മെറ്റാലിക് (മോണോടോണ്‍) വേരിയന്റിന് 1,74,923 രൂപയും, കറുപ്പിനൊപ്പം പേള്‍ സ്പോര്‍ട്സ് മഞ്ഞ (ഡ്യുവല്‍ ടോണ്‍) വേരിയന്റിന് 1,75,469 രൂപയുമാണ് വില.
🔳ജീവിച്ചുതിര്‍ക്കേണ്ട സ്വന്തം ജന്മം തന്നോടുതന്നെ സംവാദത്തിലേര്‍പ്പെടുകയും നിലയ്ക്കാത്ത അന്വേഷണത്തിന്റെ ആയിരം ദീപങ്ങള്‍ ഉള്ളില്‍ തെളിയിക്കുകയും ചെയ്യുന്ന അനുഭവമണ്ഡലമാണ് ‘ശിഹാബുദ്ദീന്റെ കഥകള്‍’. പഴയതും പുതിയതുമായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ കഥകളിലൂടെ കടന്നുപോകുമ്പോള്‍ ഈ എഴുത്തുകാരന്‍ തന്റെ രചനകളില്‍ നിരന്തരം നടത്തിയ അഴിച്ചുപണികളുടെ ചരിത്രരേഖകൂടിയാണീ പുസ്തകം എന്നു കാണാം. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 342 രൂപ.
🔳ശരീരഭാരം കുറയ്ക്കുന്നതില്‍ സാലഡുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഭാരം കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഉച്ചഭക്ഷണത്തിലോ അത്താഴത്തിനോ ഏതെങ്കിലും സാലഡുകള്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിക്കുന്നു. വിവിധ സാലഡുകള്‍ ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്നു. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും സാലഡ് കഴിക്കണം. സാലഡില്‍ തക്കാളി, ഉള്ളി, കാബേജ്, ബ്രൊക്കോളി, പഴങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇത് ശരീരത്തിന് കൂടുതല്‍ നാരുകളും കുറച്ച് കലോറിയും നല്‍കുന്നു. ഫൈബര്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. തക്കാളി, സവാള, വെള്ളരിക്ക എന്നിവയ്ക്കൊപ്പം സാലഡില്‍ റാഡിഷ് ചേര്‍ക്കാം. റാഡിഷില്‍ കൂടുതല്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കോണ്‍ സാലഡും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ചോളം ഉള്‍പ്പെടുത്തിയും സാലഡ് തയ്യാറാക്കാം. ഫ്രൂട്ട് സാലഡുകള്‍ വിറ്റാമിനുകളും സുപ്രധാന പോഷകങ്ങളും കൊണ്ട് സമ്പുഷ്ടമാണ്. മുന്തിരിപ്പഴം, ഓറഞ്ച്, മധുരനാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങള്‍ വിറ്റാമിന്‍ സിയാല്‍ സമ്പന്നമാണ്. കിവി, ആപ്പിള്‍, മാതളനാരങ്ങ, പൈനാപ്പിള്‍, സ്ട്രോബെറി തുടങ്ങിയ പഴങ്ങള്‍ ഉപയോഗിച്ചും സാലഡ് തയ്യാറാക്കാം. ഗ്രീന്‍ സാലഡില്‍ ധാരാളം ധാതുക്കളും വിറ്റാമിനുകളും ഉണ്ട്. ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. സാലഡിലെ നാരുകള്‍ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
*ശുഭദിനം*
1856. ഈസ്റ്റര്‍ അവധിക്ക് ലണ്ടനിലെ തന്റെ വീട്ടില്‍ എത്തിയതായിരുന്നു ആ വിദ്യാര്‍ത്ഥി. അവധിക്കാലമായതു കൊണ്ട് അധികസമയവും അവന്‍ പരീക്ഷണ ശാലയില്‍ ആയിരുന്നു. മലേറിയക്കുള്ള ക്വിനിന്‍ എന്ന മരുന്ന് കൃത്രിമമായി നിര്‍മിച്ചെടുക്കുകയായിരുന്നു ലക്ഷ്യം. അനിലിന്‍ എന്ന സംയുക്തത്തില്‍ നടത്തിയ ചില പരീക്ഷണങ്ങള്‍ക്കിടയില്‍ നല്ല പര്‍പ്പിള്‍ നിറമുള്ള ഒരു വസ്തു ഉണ്ടായി. ചിത്രരചനയിലും ഫോട്ടോഗ്രാഫിയിലും ഒക്കെ താല്പര്യം ഉണ്ടായിരുന്ന ആ ഗവേഷകന്‍ ആ നിറമുള്ള അബദ്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ആ ചായം ഉപയോഗിച്ച് നിറം നല്‍കിയ തുണികളൊക്ക പല തവണ അലക്കിയും വെയിലത്തിട്ടും നോക്കി. നിറം മങ്ങിയില്ല. അബദ്ധത്തില്‍ സംഭവിച്ച ആ ചായക്കൂട്ട് അയാളെ പ്രസിദ്ധനാക്കി. വില്യം ഹെന്‍ട്രി പെര്‍ക് എന്ന ആ യുവ ശാസ്ത്രജ്ഞന്‍ തന്റെ കണ്ടുപിടുത്തതിന് പേറ്റന്റ് എടുക്കാന്‍ അപേക്ഷ നല്‍കുമ്പോള്‍ പ്രായം വെറും 18 ഒന്നും വെറുതെ സംഭവിക്കുന്നില്ല.. അതിന്റെ മൂല്യം കണ്ടെത്തേണ്ട ചുമതല നമുക്ക് മാത്രമാണ്